ഒന്നിനും ക്രെഡിറ്റ് വേണ്ടെന്ന് നിർബന്ധംപിടിച്ച ഭരണാധികാരി; പി.ആർ ഗിമ്മിക്‌സില്ലാത്ത മൻമോഹനകാലം

പേരിനോ പ്രശസ്തിക്കോ വേണ്ടി ഇക്കാലമത്രയും ഒന്നും ചെയ്യാതിരുന്ന ഒരു മനുഷ്യൻ. സർക്കാർ ചെയ്യുന്ന ഒരുകാര്യവും തന്റെ പേരിൽ അറിയപ്പെടരുതെന്ന് നിർബന്ധംപിടിച്ച സൗമ്യനായ പ്രധാനമന്ത്രി. പിആർ ഗിമ്മിക്‌സുകളൊന്നുമില്ലാതെ ജനാധിപത്യത്തിൽ ഒരു പ്രധാനമന്ത്രിയുടെ റോൾ എന്താണോ അത് കൃത്യമായി നിറവേറ്റിയ ഭരണാധികാരി. ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച മറ്റു പലരേയും പോലെ താരപരിവേഷമുള്ള പ്രധാനമന്ത്രിയേ ആയിരുന്നില്ല മൻമോഹൻ സിങ്. മോഹന വാഗ്ദാനങ്ങളിലൂടെയോ പൊതുവേദികളിൽ കത്തിക്കയറിയുള്ള പ്രസംഗങ്ങളിലൂടെയോ ഒരിക്കൽപോലും ജനങ്ങളെ കൈയിലെടുക്കാൻ ശ്രമിച്ചില്ല. അതിൽതെല്ലും അതിശയിക്കാനുമില്ല. കാരണം അദ്ദേഹം ഒരിക്കലും അധികാര മോഹിയായ ഒരു രാഷ്ട്രീയക്കാരനേ ആയിരുന്നില്ല. താനൊരു ജനകീയനാണെന്ന് വരുത്തി തീർക്കാൻ മൻമോഹൻ ശ്രമിച്ചിട്ടില്ലെന്ന് പറയുന്നതാകും കൂടുതൽ ശരി. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പല ജനകീയ പദ്ധതികളും നടപ്പാക്കിയ അദ്ദേഹം അതിന്റെയൊന്നും ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചില്ല. കളമറിഞ്ഞ് കളിക്കുന്ന രാഷ്ട്രീയക്കാരനാകാനും മെനക്കെട്ടില്ല. എന്തിനേറേ, കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ പോലും മൻമോഹൻ സിങ് എന്ന പേര് ഒരിക്കലും ഉയർന്നുകേട്ടിട്ടിട്ടേയില്ല. എതിരാളികൾക്കെതിരേയുള്ള രാഷ്ട്രീയ വിമർശനങ്ങൾ പോലും മാന്യമായിരുന്നു. 

സോണിയ ഗാന്ധി, നരസിംഹറാവു തുടങ്ങി സുപ്രധാന നേതാക്കളോടെല്ലാം അടുപ്പമുണ്ടായിരുന്നപ്പോഴും വ്യക്തിപരമായി മൻമോഹൻ സിങ് എപ്പോഴും അകലം പാലിച്ചു. 90കളുടെ അവസാനത്തിൽ നരസിംഹ റാവു യുഗത്തിന് വിരാമമിട്ട് കോൺഗ്രസ് സോണിയയിലേക്ക് അടുക്കുമ്പോൾ റാവുവിനോട് പ്രതിപത്തിയുള്ള നേതാക്കളെല്ലാം ഒതുക്കപ്പെട്ടിരുന്നു. പക്ഷേ, കോൺഗ്രസ്സ് അധ്യക്ഷസ്ഥാനം സോണിയ ഏറ്റെടുത്തതു മുതൽ കോൺഗ്രസ്സിന്റെ ഉന്നത നയരൂപീകരണ സമിതികളിലെല്ലാം മൻമോഹൻ സിങ്ങുണ്ടായിരുന്നു. ഒരേസമയം റാവുവിനോടും സോണിയയോടും അടുപ്പം പുലർത്താൻ മൻമോഹൻ സിങ്ങിനായതും രാഷ്ട്രീയത്തിലെ കറകളഞ്ഞ മാന്യത കൊണ്ടാണ്. 

Content Highlights: accidental prime minister manmohan singhs economic reforms

Continue reading