പൊങ്കല്‍ ആഘോഷം; ഗുകേഷ് ഉൾപ്പെടെയുള്ള ചെസ് താരങ്ങളെ വീട്ടിൽ വിളിച്ച് സത്കരിച്ച് വിശ്വനാഥൻ ആനന്ദ്
ചെന്നൈ: പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ വീട്ടില്‍ ചെസ് താരങ്ങള്‍ക്ക് ഹാര്‍ദമായ സ്വീകരണം. അടുത്തിടെ ലോകചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട ഡി. ഗുകേഷ്, ആര്‍. പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി, സാഗര്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ ക്ഷണം സ്വീകരിച്ചെത്തി. പരമ്പരാഗത വേഷമണിഞ്ഞെത്തിയ താരങ്ങള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളിലും പങ്കുകൊണ്ടു. പൊങ്കല്‍ ആഘോഷത്തിനുമപ്പുറം ഇന്ത്യയുടെ ചെസ് താരങ്ങളുടെ സാഹോദര്യവും അടുത്ത ബന്ധവും കാണിക്കുന്ന മഹിത മാതൃക കൂടിയായി പരിപാടി.
ആനന്ദ് തമിഴ്‌നാട്ടിലെ വസതിയില്‍ പ്രഭാത ഭക്ഷണത്തിനാണ് വിശിഷ്ടാതിഥികളെ ക്ഷണിച്ചത്. നടി അദിതി റാവു ഹൈദരി, ഭര്‍ത്താവും നടനുമായ സിദ്ധാര്‍ഥ്, ആനന്ദിന്റെ കുടുംബം, സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.