ഐപിഎല്ലിലെ പുത്തന്‍ മലയാളി താരോദയം; വിഘ്‌നേഷിന്റെ നേട്ടം ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

സൗദി അറേബ്യയില്‍ ഐപിഎല്‍ ലേലം അവസാനിച്ചപ്പോള്‍ കേരളത്തില്‍നിന്നും പുതിയ ഒരു താരം കൂടി ഐപിഎല്‍ സീസണില്‍ അരങ്ങേറ്റം കുറിക്കുകയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 23-കാരന്‍ വിഘ്‌നേഷ് പുത്തൂരാണ് ലേലത്തിലെ ആ അപ്രതീക്ഷിത എന്‍ട്രി. ഇടങ്കയ്യന്‍ സ്പിന്‍ ബൗളറായ വിഘ്‌നേഷിനെ അടിസ്ഥാനവിലയായ 30 ലക്ഷം രൂപ നല്‍കിയാണ് മുംബൈ ടീമിലെത്തിച്ചത്. പെരിന്തല്‍മണ്ണയിലെ ഓട്ടോ ഡ്രൈവറായ സുനില്‍കുമാറിന്റെയും കെ.പി. ബിന്ദുവിന്റെയും മകനാണ് വിഘ്‌നേഷ്. 

വിവരമറിഞ്ഞയുടനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് അക്കാദമി ഡയറക്ടര്‍ ഡോ. അര്‍ജുന്‍ ഹരിദാസ് വിഘ്നേഷിനെ വിളിച്ച് സന്തോഷം പങ്കുവെച്ചു. പൊതുവെ ശാന്തനായ വിഘ്നേഷ് ആ നിമിഷത്തില്‍ എന്തൊക്കെ ചിന്തിക്കുമെന്ന് മനസ്സിലാക്കിയ ഡോ. അര്‍ജുന്‍ തന്റെ വീട്ടിലേക്ക് വിഘ്നേഷിനെ കൂട്ടിക്കൊണ്ടുപോയി. അവിടെ തങ്ങളുടെ പ്രിയപ്പെട്ടവനായി ജോളി റോവേഴ്സ് ക്ലബ്ബ് അംഗങ്ങള്‍ ഒരു സര്‍പ്രൈസ് കേക്ക് ഒരുക്കിയിരുന്നു. 

പെരിന്തല്‍മണ്ണ ജോളി റോവേഴ്സ് ക്ലബ്ബിലെ കൂട്ടുകാരന്‍ ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ പോകുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്ന സന്തോഷം ചെറുതൊന്നുമാകില്ലല്ലോ. കേക്ക് മുറിച്ച വിഘ്നേഷ് ആദ്യ കഷ്ണം ജോളി റേവേഴ്സിന്റെ അമരക്കാരനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായ എസ്. ഹരിദാസിന് നല്‍കി. ജോളി റോവേഴ്സ് കോച്ച് ഷബിന്‍ പാഷ, അരുണ്‍ പ്രദീപ്, കളിക്കാരായ വി.കെ. ശ്രീരാഗ്, കൃഷ്ണ നാരായണ്‍, ദേവനാരായണ്‍ തുടങ്ങിയവരും വിഘ്നേഷിനെ കാണാന്‍ എത്തിയിരുന്നു. 

Content Highlights: vignesh puthur ipl selection celebration