ഉദ്ഘാടനം ചെയ്തിട്ട് മൂന്ന് വര്‍ഷം; ഇനിയും പ്രവര്‍ത്തിക്കാതെ പഴം പച്ചക്കറി പാക്ക് ഹൗസ്

#സിജോ കുറ്റിക്കാട്‌

പരിയാരം: മലയോര കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി പാക്ക് ചെയ്ത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെജിറ്റബിള്‍ ആന്‍ഡ് ബനാന പാക്ക് ഹൗസ് ഉദ്ഘാടനശേഷം തുറന്ന് പ്രവര്‍ത്തിച്ചില്ല. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന് കീഴിലുള്ള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ.) പരിയാരം വേളൂക്കരയില്‍ ആരംഭിച്ച പാക്ക് ഹൗസാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അടഞ്ഞുകിടക്കുന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 

പച്ചക്കറികളും പഴങ്ങളും ഗുണമേന്മ നിലനിര്‍ത്തി എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയില്‍ പാക്ക് ചെയ്യാനായി കേരളത്തില്‍ ആരംഭിച്ച രണ്ട് ശീതീകരണ പ്ലാന്റുകളില്‍ ഒന്നാണ് പരിയാരം വേളൂക്കരയിലേത്. കാര്‍ഷിക മേഖലയായ കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി, മേലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഉല്‍പാദിപ്പിക്കുന്ന മികച്ച നാടന്‍ കാര്‍ഷിക വിളകള്‍ ലഭിക്കുമെന്നതും പ്ലാന്റ് ഈ മേഖലയില്‍ സ്ഥാപിക്കാന്‍ അനുകൂല ഘടകമായി. നേന്ത്രക്കായ, പാളേന്‍കുടന്‍, റോബസ്റ്റ്, കണ്ണന്‍, ഞാലിപൂവന്‍, തുടങ്ങി 11 ഇനം കായകളും റമ്പൂട്ടാന്‍, മങ്കോസ്റ്റിന്‍ തുടങ്ങിയ പഴവര്‍ഗങ്ങളും വെണ്ടക്കായ, പാവലം, കുമ്പളം, മത്ത, പയര്‍ തുടങ്ങി 15-ലേറെ ഇനം നാടന്‍ പച്ചക്കറികളും യഥേഷ്ടം ലഭിക്കുന്ന കാര്‍ഷികമേഖലയാണിവിടം. 

പ്ലാന്റില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയിലും ഉയര്‍ന്ന തുക ലഭിക്കുമെന്നത് കര്‍ഷകര്‍ക്കും ഗുണകരമാണ്. കൂടാതെ 20 പേര്‍ക്ക് ഒരേ സമയം ജോലിചെയ്യാനുള്ള സാഹചര്യം പ്ലാന്റിലുണ്ട്. ആവശ്യമെങ്കില്‍ മൂന്ന് ഷിഫ്റ്റിലായി 60 പേര്‍ക്ക് ജോലി ലഭിക്കും. സ്വകാര്യ വ്യക്തിയില്‍ നിന്നും 50 സെന്റ് 25 വര്‍ഷത്തേക്ക് വാടകക്ക് എടുത്ത സ്ഥലത്ത് 2017-ല്‍ അത്യാധുനിക ശീതീകരണ പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചത് വലിയ പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. സ്ഥലം ഉടമയുടെ ബന്ധുക്കള്‍ക്ക് ജോലി ഉള്‍പ്പടെ വാഗ്ദാനം നല്‍കിയാണ് സ്ഥലം വാടകക്കെടുത്തത്. ആദ്യ കരാറുകാരന്‍ കെട്ടിട നിര്‍മാണത്തിനിടെ ഉപേക്ഷിച്ച് പോയത് പ്രതിസന്ധിയിലാക്കി. കൂടാതെ നോട്ട് നിരോധനം, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ നിര്‍മാണത്തെ തടസപ്പെടുത്തി. വര്‍ഷങ്ങള്‍ മുടങ്ങികിടന്ന കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി 2021 സെപ്തംബര്‍ 21-നാണ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തത്. 

ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ട് ടണ്ണോളം നേന്ത്രക്കായ ശീതീകരിച്ച് പാക്ക് ചെയ്ത് കൊണ്ടുപോയതൊഴിച്ചാല്‍ പിന്നീടൊരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല. രണ്ട് മുറികളിലായി ഒരേസമയം 20 ടണ്‍ ഉത്പന്നങ്ങള്‍ ശീതീകരിക്കാവുന്ന ഫ്രീസര്‍, പച്ചക്കറികളും പഴങ്ങളും കഴുകിയുണക്കി ശുചീകരിക്കാനുള്ള മെഷിനിറി, പാക്കിങ് സംവിധാനം തുടങ്ങിയവ 10000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിനുള്ളിലുണ്ട്. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയില്‍ ശാസ്ത്രീയമായി പാക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ മൂന്ന് മാസത്തിലധികം കേടുകൂടാതരിക്കും. വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും ശീതീകരണസംവിധാനം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വലിയ ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ആധുനിക മെഷിനറികളും ജനറേറ്ററും ഉപയോഗമില്ലാതെ നശിക്കുകയാണ്. കമ്പനി പ്രവര്‍ത്തിക്കാതെ കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യമുണ്ടെന്ന് പരസരവാസികള്‍ പരാതിപ്പെടുന്നു. കെട്ടിട നിര്‍മാണത്തിലുണ്ടായ കാലതാമസം ശീതീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനും നിയമതടസ്സമുണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും നിയമ തടസ്സങ്ങള്‍ നീങ്ങുന്ന മുറക്ക് ശീതീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വി.എഫ്.പിസി.കെ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Vegetable and banana pack house in Pariyaram is lying idle