‘എന്റെ ഊർജവും ഇന്ധനവും നിങ്ങൾ’; പറവൂരിൽ വികാരാധീനനായി വി.ഡി.സതീശൻ

യുഡിഎഫ് നടത്തുന്ന 'പുതുയുഗയാത്ര'യ്ക്ക് തന്റെ തട്ടകമായ പറവൂരിൽ ലഭിച്ച സ്വീകരണത്തിൽ വികാരനിർഭരനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തും ഇന്ധനവും നൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സ്വീകരണ വേദിയിലെത്തിയപ്പോൾ വികാരം അടക്കിപ്പിടിക്കാൻ താൻ ഏറെ പാടുപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന കാലം മുതൽ തന്നെ ഒരു കുടുംബാംഗത്തെപ്പോലെ വാത്സല്യത്തോടെ ചേർത്തുപിടിച്ചവരാണ് പറവൂരിലെ ജനങ്ങളെന്ന് അദ്ദേഹം ഓർത്തെടുത്തു. "എവിടെ പോയാലും ഞാൻ കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയാണ്; എനിക്ക് അവസാനം ഇവിടെ എത്തണം, നിങ്ങളുടെ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ തണലിൽ വളർന്നു വന്ന ഒരാളാണ് ഞാൻ," കണ്ണീരടക്കാൻ പാടുപെട്ട് വിഡി സതീശൻ പറഞ്ഞു.

കഴിഞ്ഞ പത്തു വർഷക്കാലത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ ഒരു 'പുതുയുഗത്തിന്റെ' പിറവി ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, ആ ഹൃദയാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കേണ്ട ചുമതല തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന്റെ ആശയങ്ങൾക്കൊപ്പം തന്റെ കാഴ്ചപ്പാടുകൾ കൂടി ചേർത്തുപിടിച്ച് നാടിന് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്ക് ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.