ദിവസേനയെത്തും, പേര് വിളിച്ചാൽ ചങ്ങാത്തം കൂടും, പീലിവിടര്‍ത്തിയാടും; കൗതുകകാഴ്ചയായി മയിലുകള്‍
വൈക്കം: കാടുകളില്‍ നിന്ന് മയിലുകള്‍ ഗ്രാമങ്ങളിലേക്ക് വരുന്നത് പതിവാണ്. എന്നാല്‍ കാട് ഇല്ലെങ്കിലും മയിലുകള്‍ ദിവസേന പീലിവിടര്‍ത്തിയാടുന്ന ഒരു ഗ്രാമമുണ്ട് വൈക്കത്ത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ വാളോര്‍മംഗലം എന്ന ഗ്രാമത്തില്‍ ദിവസവും വൈകീട്ട് മൂന്നുമണിയോടെ എത്തിയാല്‍ മയിലുകള്‍ പീലിവിടര്‍ത്തിയാടുന്നത് കാണാം. ഒന്നര മണിക്കൂറോളം നൃത്തമാടും. പുറത്ത് നിന്നും വരുന്നവര്‍ക്ക് ഇതൊരു കൗതുകകാഴ്ചയാണെങ്കിൽ ഗ്രാമവാസികള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വാളോര്‍മംഗലത്ത് അഞ്ച് മയിലുകള്‍ എത്തിയത്. ഇവ എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിയില്ല. അതിനിടയില്‍ ഒരു മയില്‍ ചത്തുപോയി. ലോട്ടറി കച്ചവടം നടത്തുന്ന ബാലകൃഷ്ണനും കട നടത്തുന്ന പുളിക്കത്തറയില്‍ ശാന്തപ്പനും കിഴക്കേപുത്തന്‍പുരയില്‍ രാധാകൃഷ്ണനും സുനിതാ ഭവനത്തിന്‍ ശ്രീകുമാറും വടക്കേടത്ത് ശിവനന്ദനും മയിലുകളുടെ ഉറ്റ ചങ്ങാതിമാരാണ്. ഇവരോടും നാട്ടുകാരോടും ചങ്ങാത്തം കൂടിയും അവരുടെ കൈയ്യില്‍ നിന്ന് കടല വാങ്ങി തിന്നും നാലു വര്‍ഷമായി രണ്ട് ആണ്‍ മയിലുകളും രണ്ട് പെണ്‍ മയിലുകളും വാളോര്‍മംഗലം ഗ്രാമത്തിലുണ്ട്. ഇവരെ ഒരുമിച്ച് കാണാന്‍ കിട്ടുക എന്നത് അപൂര്‍വ്വമാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
എല്ലാ മയിലുകള്‍ക്കും 'വേല്‍' എന്ന ഒറ്റ പേരാണ് ഗ്രാമത്തിലുള്ളവര്‍ വിളിക്കുന്നത്. വലിയ പീലിയുള്ള ആണ്‍ മയിലിനാണ് മറ്റ് മയിലുകളെ അപേക്ഷിച്ച് ആളുകളോട് കൂടുതല്‍ ഇണക്കം. 'വേല്‍' എന്ന് വിളിച്ചാല്‍ ശ്രദ്ധയോടെ നോക്കിയശേഷം അടുത്തേക്ക് വന്ന് ചങ്ങാത്തം കൂടും. ചില നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തുന്നവരെ കൊത്താനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ അവന്‍ നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കവലയിലെ വലിയ മരത്തിലാണ് രണ്ട് മയിലുകള്‍ ചേക്കേറുന്നത്. ബാക്കിയുള്ള രണ്ടെണ്ണം സമീപത്തെ വീട്ടിലെ കാലി തൊഴുത്തിലാണ് വാസം.