'എന്തും വിളിച്ചുപറയുന്ന ആളാണ്, കുട്ടികളുടെ തന്തയ്ക്ക് വിളിച്ചിട്ടുപോയാൽ അത് അംഗീകരിക്കാന്‍ പറ്റുമോ?'

കൊച്ചി: 'ഒറ്റത്തന്ത' പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരേ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ലെന്നും ഇത് കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന ഭയം മൂലമാണെന്നും മന്ത്രി പറഞ്ഞു. കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ എത്തിയതായിരുന്നു അദ്ദേഹം.
'കുട്ടികളുടെ തന്തയ്ക്ക് വിളിച്ചിട്ടുപോയാല് അത് അംഗീകരിക്കാന്‍ പറ്റുമോ? അതുകൊണ്ട് സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ല. എന്തും വിളിച്ചുപറയുന്ന ആളാണ്. ആ ഭയം കൊണ്ടാണ് വിളിക്കാത്തത്. കേരളത്തിലെ ജനങ്ങളെ ആക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചാല്‍ വിളിക്കും. ഐക്യകേരള രൂപീകരണത്തിനു ശേഷം ഒരുപാട് രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, 'ഒറ്റത്തന്ത'യ്ക്ക് വിളിക്കുന്നത് ആദ്യമായിട്ടാണ്.' മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.