സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി | VIDEO
വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ ഒടുവിൽ കണ്ടെത്തി. കോതമംഗലം തുണ്ടം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ പഴയ ഫോറസ്റ്റ് ഓഫീസ് പരിസരത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ വനത്തിൽ നിന്ന് പുറത്തേക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ശനിയാഴ്ച രാവിലെ ആറു മണിയോടെ വനംവകുപ്പും ആനയുടെ പാപ്പാൻമാരും തൃശൂരിൽ നിന്നുള്ള എട്ടംഗ എലിഫന്റ് സ്‌ക്വാഡും ആർ ആർ ടി സംഘവും നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഷൂട്ടിങ്ങിനിടെ ഒപ്പമുണ്ടായിരുന്ന ആന ആക്രമിച്ചതോടെയാണ് പുതുപ്പള്ളി സാധു കാടുകയറിയത്. വെള്ളിയാഴ്ച തന്നെ തിരച്ചിൽ നടത്തിയെങ്കിലും രാത്രി കാട്ടാനകൾ ഇറങ്ങുന്ന മേഖലയായതിനാൽ പിന്നീട് തിരച്ചിൽ നിർത്തിവെച്ചു. ഇരുട്ടും കനത്ത മഴയും വെല്ലുവിളിയുയർത്തി. ആനയെ കിട്ടിക്കഴിഞ്ഞാൽ കൊണ്ടുവരാനായി പ്രത്യേക വാഹനമടക്കം സജ്ജീകരിച്ചിരുന്നു. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് പുതുപ്പള്ളി സാധു.