VIDEO | വയനാട്ടിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ്; പ്രതിഷേധം, വിവാദം

മേപ്പാടി പഞ്ചായത്തിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു
മേപ്പാടി പഞ്ചായത്തിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് പഴകിയ ഭക്ഷ്യകിറ്റ് നൽകിയെന്ന ആരോപണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ. മേപ്പാടി പഞ്ചായത്ത് ബുധനാഴ്ച വിതരണം ചെയ്ത കിറ്റിലാണ്, പുഴുവരിച്ച അരിയും റവയും പഴകിയ തുണികളും മറ്റ് വസ്തുക്കളുമാണെന്ന പരാതി ഉയർന്നത്. കിറ്റ് ലഭിച്ചവർ വ്യാഴാഴ്ച രാവിലെ പ്രതിഷേധവുമായി രം​ഗത്തെത്തിയതിന് പിന്നാലെ ഡിവൈഎഫ്ഐ വിഷയം ഏറ്റെടുക്കുകയും പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിക്കുകയുമായിരുന്നു. പുഴുവരിച്ച ഭക്ഷ്യവസ്തുക്കളുൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടായിരുന്നു പ്രതിഷേധം.

പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലേക്ക് കയറിയ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ജനപ്രതിനിധികൾ സംഭവം അറിഞ്ഞിട്ടില്ലെന്നായിരുന്നു ഭരണസമിതിയുടെ നിലപാട്. ഉദ്യോ​ഗസ്ഥ തലത്തിൽ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ഉദ്യോ​ഗസ്ഥർ പിഴവുസമ്മതിക്കുകയും വ്യാഴാഴ്ചത്തന്നെ പകരം സാധനങ്ങൾ എത്തിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ സമരം അവസാനിപ്പിച്ചു.

എന്നാൽ പിന്നീട് ഭരണസമിതി അം​ഗങ്ങൾ തമ്മിലുൾപ്പെടെ വാക്കുതർക്കം ഉണ്ടായി. പിന്നാലെ ബിജെപി പ്രവർത്തകർ പഞ്ചായത്തിലേക്ക് പ്രതിഷേധവുമായി എത്തുകയും ചെയ്തു. പ്രതിഷേധം അക്രമസക്തമായതോടെ പോലീസ് ലാത്തിവീശുന്ന സാഹചര്യം വരെയുണ്ടായി. ദുരന്തബാധിതരെ അപമാനിക്കുന്നതാണ് വീഴ്ചയെന്നും പരസ്പരം പഴിചാരാതെ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.  


 

Content Highlights: stale food kit for landslide victims of wayanad