ഒമ്പത് ശസ്ത്രക്രിയ,ഒടുക്കം കണ്ണുനിറയെ കാഴ്ചകൾ കണ്ട് അദ്വൈത;ചേർത്തുപിടിച്ചവർക്ക് നന്ദി പറഞ്ഞ് കുടുംബം

റ് മാസം മുൻപ് ഈ ഉമ്മറത്ത് കളിചിരികളായിരുന്നില്ല. ഒരുവയസുകാരി മകളെ ചേർത്ത് പിടിച്ച് ഇനിയെന്ത് എന്ന ചോദ്യവുമായി സജിനിയും സായികൃഷ്ണനും സങ്കടം കനത്ത മുഖവുമായി ജീവിക്കുകയായിരുന്നു. നേത്രഗോളങ്ങൾ പുറത്തേക്ക് വരുന്ന അപൂർവരോഗം, കണ്ണിന് മുകളിൽ ഒരു ബാൻഡേജ്. ഇന്നിപ്പോൾ ആ മറയില്ല. കണ്ണ് നിറയെ അവൾ അച്ഛനമ്മമാരെയും ലോകത്തെയും കാണുകയാണ്. തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയ്ക്കൊപ്പം.

ഒരുവയസുകാരി അദ്വൈതയുടെ ദുരിതം 2025 ഒക്ടോബറിലാണ് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത്. തലയോട്ടി ഇളക്കി ചെയ്ത ഒമ്പത് ശസ്ത്രക്രിയകൾക്കൊടുവിൽ കണ്ണ് സാധാരണ നിലയിലേക്കെത്തി. ഒന്നര സെന്റീമീറ്ററാണ് നേത്രഗോളം ഉള്ളിലേക്ക് വലിഞ്ഞത്. തലയിലെ തുന്നൽ എടുത്തിട്ടില്ലെങ്കിലും ആള് ഉഷാറാണ്. അദ്വൈത പിച്ചവെയ്ക്കാൻ തുടങ്ങിയതോടെ സായിക്കും സജിനിക്കും അതിരുകളില്ലാത്ത സന്തോഷം.

നിരവധി ആളുകളുടെ സഹായത്തിൽ പത്തിലേറെ ശസ്ത്രക്രിയകൾക്കും മാസങ്ങളുടെ ആശുപത്രിവാസത്തിനും ശേഷം അദ്വൈതയും കുടുംബവും തിരികെ വീട്ടിലെത്തി. തുന്നലെടുക്കാൻ അടുത്തദിവസം വീണ്ടും കൊച്ചിയിലേക്ക് പോകും. ചികിത്സയ്ക്കായി മൂന്ന് മാസത്തോളം കൊച്ചിയിലെ അമൃതാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിലും ഐ.സി.യു.വിലും തന്നെയായിരുന്നു. ഡിസ്ചാർജിന് ശേഷം ആശുപത്രിക്ക് സമീപം വീടെടുത്ത് താമസിച്ചു.

ഇതേ രോഗാവസ്ഥയിലൂടെ കടന്നു പോയ അദ്വൈതയുടെ ഇരട്ട സഹോദരി അർത്ഥിത മരിച്ചിരുന്നു. പത്തുമാസമായപ്പോഴാണ് ആദ്യമായി കണ്ണുകളുടെ വൈകല്യം തിരിച്ചറിഞ്ഞത്. പിന്നീട് പല സ്ഥലത്തും ചികിത്സ തേടിയ ശേഷമാണ് അദ്വൈതയെ അമൃതാ ആശുപത്രിയിലെത്തിച്ചത്.

Content Highlights: rare eye disease baby advaita treatment