രാമേശ്വരം മുതൽ ധനുഷ്‌ക്കോടിവരെ

സാക്ഷാൽ ശ്രീരാമന്റെയും ഈശ്വരനാണ് രാമേശ്വരത്തുള്ളത്. പുരാണേതിഹാസങ്ങളിൽ കേട്ടുപഴകിയ ആ പുണ്യഭൂമിയിലൂടെ, രാമേശ്വരം മുതൽ ധനുഷ്‌ക്കോടിവരെ...
കടൽ കാവൽ നിൽക്കുന്ന കരയിലൂടെ തീവണ്ടി മുന്നോട്ടുനീങ്ങി. ജാലകങ്ങൾക്ക് ഇരുവശവും കടൽനീലയുടെ ഭംഗി തെളിഞ്ഞു. അതുവരെ കൂകിപ്പാഞ്ഞിരുന്ന അമൃത എക്സ്പ്രസ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മന്ദഗാമിനിയായി. കൂപെയിൽ ഹിന്ദിയും തമിഴും മലയാളവും ഇടകലർന്ന ആരവങ്ങളുയർന്നു. ഞങ്ങൾ ഇപ്പോൾ പാമ്പൻ പാലത്തിനുമീതെയാണ്. ഈ പാതയുടെ അറ്റത്ത് ആ പുണ്യഭൂമിയാണ്, രാമേശ്വരം. രാമന്റെയും ഈശ്വരൻ കുടികൊള്ളുന്നിടം. രാമായണത്തിലൂടെ പുകഴ്പ്പെറ്റ ഇതിഹാസഭൂമിക. രാമായണകഥയിൽ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായതൊക്കെയും ഇവിടെയുണ്ട്. അതുതന്നയൊണ് രാമേശ്വരം കാത്തുവെക്കുന്ന അദ്ഭുതം.
പാമ്പൻദ്വീപിലൂടെ കടന്നുവരുമ്പോൾതന്നെ പൂഴിമണ്ണിൽ തഴച്ചുനിൽക്കുന്ന സാലവൃക്ഷങ്ങൾ കാണാം. പാലക്കാടൻ മണ്ണിലെ ആകാശംമുട്ടെ കാണുന്ന ആജാനുബാഹുക്കളല്ല ഇവ. രൂപത്തിൽ ഒരു ഒതുക്കമുണ്ട്. ഇതിഹാസകഥയിലെ ബലിഷ്ഠരൂപികൾക്ക് വേണമെങ്കിലൊന്ന് ചുഴറ്റിയെടുത്ത് അടിക്കാം എന്ന് തോന്നിപ്പോകും. മാസങ്ങൾക്കുമുമ്പ് ഉദ്ഘാടനം ചെയ്ത പുതിയ പാമ്പൻപാലം കടന്ന് രാമേശ്വരത്തെത്തുമ്പോൾ കുറച്ചുകൂടി ഭേദപ്പെട്ടതായിരുന്നു അവസ്ഥ. മഴമാറി വെയിൽ തെളിഞ്ഞുനിന്നിരുന്നു.