പരശുറാം നിറഞ്ഞുകവിഞ്ഞു; കയറിപ്പറ്റാൻ നെട്ടോട്ടമോടി യാത്രക്കാർ
ശനിയാഴ്ച വൈകീട്ട് കണ്ണൂരിലേക്കുള്ള പരശുറാം എക്‌സ്പ്രസ് കോഴിക്കോടെത്തിയപ്പോഴേക്കും നിറഞ്ഞുകവിഞ്ഞു. തിങ്ങിനിറഞ്ഞ ബോഗികളില്‍ കയറാന്‍ യാത്രക്കാര്‍ നെട്ടോട്ടമോടി. ഓട്ടത്തിനിടയില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ച് സ്ത്രീക്ക് കാലിന് പരിക്കേറ്റു. രണ്ടു യാത്രക്കാര്‍ പാളത്തില്‍ വീണു. ജംഷീല എന്ന യാത്രക്കാരിക്കാണ് പരിക്ക് പറ്റിയത്. വൈകീട്ട് കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രയില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് പരശുറാമില്‍ കയറിപ്പറ്റാന്‍ ഓടിയത്. ശനിയാഴ്ച ട്രെയിന്‍ നാലാം പ്ലാറ്റ്‌ഫോമിന് പകരം മൂന്നിലാണ് എത്തിയത്. പ്ലാറ്റ്‌ഫോം നിറയുന്നതിനാല്‍ പലപ്പോഴും ട്രാക്കിലിറങ്ങി നിന്നാണ് യാത്രക്കാര്‍ ട്രെയിനില്‍ കയറുന്നത്. പരശുറാമിലെ തിരക്ക് പിന്നീട് വന്ന നേത്രാവതി എക്‌സ്പ്രസിലേക്കും നീണ്ടു. ആകെയുള്ള ജനറല്‍ കോച്ചിലും സ്ലീപ്പര്‍ കോച്ചിലും ശൗചാലയത്തിന്റെ ഉള്ളില്‍ വരെ യാത്രക്കാര്‍ക്ക് നില്‍ക്കേണ്ടി വന്നു ഞായറാഴ്ചമുതല്‍ പൂജാ അവധിദിനങ്ങളായതും തിരക്ക് കൂടാന്‍ കാരണമായി.