'ജഡ്ജിക്ക് ഞാനാണെന്ന് മനസിലായി, നിർമ്മാതാക്കൾക്കും കമ്പനിക്കും തെറ്റ് മനസിലാവാത്തത് അതിശയകരം'

ജഡ്ജിക്ക് പോലും ‘ഒപ്പം’ സിനിമയിൽ ഉപയോ​ഗിച്ചത് തന്റെ ഫോട്ടോയാണെന്ന് മനസിലായിട്ടും സിനിമയുടെ നിർമ്മാതാക്കൾക്കും കമ്പനിക്കും അത് തോന്നാത്തത് അതിശയകരമാണെന്ന് കോളേജ് അധ്യാപിക പ്രിൻസി ഫ്രാൻസിസ്. പ്രിൻസിയുടെ ഫോട്ടോ അനുവാദമില്ലാതെ അപകീർത്തി ഉണ്ടാകും വിധം സിനിമയിൽ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ചാലക്കുടി മുൻസിഫ് കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവരാണ് എതിർകക്ഷികൾ. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസ്, അഡ്വ. പി. നാരായണൻകുട്ടി മുഖേനയാണ് കോടതിയിൽ അന്യായം ഫയൽ ചെയ്തത്.

പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 1,68,000 രൂപയും നൽകാനാണ് ചാലക്കുടി മുൻസിഫ് എം.എസ്. ഷൈനിയുടെ വിധി. മോഹൻലാൽ നായകനടനായി അഭിനയിച്ച ഒപ്പം സിനിമയിൽ 29-ാം മിനിറ്റിൽ പോലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ചിത്രം നൽകിയത്. 

2016 ൽ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഒപ്പം എന്ന സിനിമ കാണാനായി പോയപ്പോഴാണ് എന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ സിനിമയിൽ കാണുന്നത്. ഒരു ഇരയായാണ് ഫോട്ടോ സിനിമയിൽ കാണിച്ചത്. കണ്ടപ്പോൾ ആദ്യം ഞെട്ടിപ്പോയി. ബ്ലോ​ഗിൽ അപ്ലോഡ് ചെയ്ത ഫോട്ടോയാണ് സിനിമയിൽ വന്നത്. ഇതോടെ വക്കീൽ നോട്ടീസ് അയച്ചു. പക്ഷേ മറുപടിയുണ്ടായില്ല. പിന്നീട് നിയമപരമായി നീങ്ങുകയായിരുന്നു, എട്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം വിജയം കണ്ട ആശ്വാസത്തിൽ പ്രിൻസി ഫ്രാൻസിസ് പറഞ്ഞു. 

Inshort: College teacher Princy Francis wins ₹1 Lakh compensation for unauthorized use of her photo in Mohanlal`s `Oppam` movie.  Court orders producers to pay.

Content Highlights: Oppam Movie Photo Copyright Case: ₹1 Lakh Compensation