VIDEO | മുട്ടുകാല്‍ കുത്തി തിരുപ്പതി ക്ഷേത്രത്തിന്റെ പടികള്‍ കയറി നിതീഷ് കുമാര്‍ റെഡ്ഡി

വിശാഖപട്ടണം: ടെസ്റ്റ് പരമ്പര കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെ ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. യാത്രയിലെ ചിത്രവും ദൃശ്യവും അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. മുട്ടുകാല്‍ കുത്തി ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതാണ് വീഡിയോ. ക്ഷേത്രത്തിന്റെ പടികളിലൊന്നില്‍ നിതീഷ് നില്‍ക്കുന്ന ചിത്രവും പുറത്തുവിട്ടു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. 

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് നിതീഷ് കുമാര്‍ റെഡ്ഢി. ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി നേടിയതിനെ പ്രതി വലിയ അംഗീകാരം ലഭിച്ചു. ഓസ്‌ട്രേലിയയിലെ അങ്ങേയറ്റം ദുഷ്‌കരമായ പിച്ചില്‍ അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ 37.25 ശരാശരിയോടെ 298 റണ്‍സെടുക്കാന്‍ അദ്ദേഹത്തിനായി. അഞ്ചു ടെസ്റ്റുകളില്‍നിന്നാണ് ഇരുപത്തൊന്നുകാരന്റെ ഈ നേട്ടം. പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടെത്തലും രണ്ടാമത്തെ ടോപ് സ്‌കോററുമാണ്. 

പരമ്പരയിലെ പ്രകടനം നിതീഷിന് നിരവധി ആരാധകരെ സൃഷ്ടിച്ചു. ഓസ്‌ട്രേലിയയില്‍നിന്ന് തിരിച്ച് വിശാഖപട്ടണത്തെത്തിയപ്പോള്‍ കുടുംബം, സുഹൃത്തുക്കള്‍, നാട്ടുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അച്ഛന്‍ മുത്ത്യാലു റെഡ്ഢിയും നിതീഷും ഓപ്പണ്‍ ജീപ്പിന്റെ മുന്നിലിരുന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
 

Content Highlights: nitish kumar reddy visits tirupati climbs stairs on knees