പഠനത്തിലും കൊട്ടിക്കയറി നിരഞ്ജൻ; സി.ബി.എസ്.ഇ. പത്താംതരം പരീക്ഷയിൽ 99.6 ശതമാനം മാർക്ക്

തൃശ്ശൂർ: നൂറിൽതൊടാൻ 0.4 ശതമാനത്തിന്റെ കുറവുമാത്രം. സി.ബി.എസ്.ഇ. പത്താതരം പരീക്ഷയിൽ 'മേളപ്പെരുക്കം' തീർത്ത് കാഞ്ഞാണി ഭവൻസ്് സ്‌കൂൾ വിദ്യാർഥി ജി. നിരഞ്ജൻ. ബുധനാഴ്ച തൃശ്ശൂർ വെളിയന്നൂർ ഭഗവതി ക്ഷേത്രത്തിൽ തായമ്പക അവതരണത്തിനായി വീട്ടിൽനിന്നിറങ്ങവേയാണ് 500-ൽ 498 മാർക്കെന്ന സന്തോഷവാർത്തയെത്തിയത്. ഇടംകൈയിൽ കോലേന്തി, പാതിമാത്രമുള്ള വലംകയ്യാൽ താളമിട്ട് മേളവിസ്മയം തീർക്കുന്ന നിരഞ്ജൻ് ഇതിനകം തന്നെ താരമാണ്. ഈ മിടുക്കൻ 13-ാം വയസ്സിൽ ഫിഡെ റേറ്റിങ്ങും സ്വന്തമാക്കി. ഇപ്പോൾ ചെസ്സിലെ തുടക്കക്കാരുടെ പരിശീലകനുമാണ്.

വലതുമുട്ടിനുതാഴെ കുഞ്ഞു കൈപ്പത്തിയും ശോഷിച്ച നാലുവിരലുകളും മാത്രമുള്ള മകന്റെ, കൊട്ടുപഠിക്കണമെന്ന ആഗ്രഹം അച്ഛനെയും അമ്മയെയും ഏറെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ' പഠിപ്പിച്ചോളൂ, അവനു പറ്റും' എന്ന മേള പ്രാമാണികൻ ചെറുശ്ശേരി കുട്ടന്മാരാരുടെ വാക്കുകൾ ധൈര്യമായി. അദ്ദേഹത്തിന്റെ അനന്തരവൻ ചെറുശ്ശേരി ശ്രീകുമാറിന്റെ ശിക്ഷണത്തിൽ ചെറുപ്രായത്തിലേ മേളപഠനം തുടങ്ങി. ഏഴാം വയസ്സിലാണ് പഞ്ചാരിയിൽ അരങ്ങേറ്റം കുറിച്ചത്.

Content Highlights: Meet Niranjan: The Chess Prodigy Who Scored 99.6% in CBSE Exams