മൂന്നാറിൽ കാട്ടാനകൾ ഏറ്റുമുട്ടി; മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ ആന ശല്യം രൂക്ഷം

മൂന്നാർ: പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കാട്ടാനകൾ ഏറ്റുമുട്ടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒറ്റക്കൊമ്പനും പ്രദേശത്ത് പുതുതായി എത്തിയ മറ്റൊരു കാട്ടാനയുമാണ് കൊമ്പ് കോർത്തത്. ഏറെനേരം പരസ്പരം കൊമ്പുകോർത്ത ആനകൾ പിന്നീട് പിൻവാങ്ങി. എന്നാൽ ആനകൾക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. നേരത്തെ പടയപ്പയും ഒറ്റക്കൊമ്പനും പ്രദേശത്ത് വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് ഒറ്റക്കൊമ്പന് നിസ്സാര പരിക്കേറ്റിരുന്നു.

മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുകയാണ്. പ്ലാന്റിന് വെളിയിൽ കൂട്ടിയിടുന്ന പച്ചക്കറി മാലിന്യം തിന്നുന്നതിനാണ് ആനകൾ പ്രദേശത്തെത്തുന്നത്. കാട്ടാനകൾ പ്ലാന്റിലെ തൊഴിലാളികൾക്ക് ഭീഷണിയാണ്. നേരത്തെ പ്രദേശത്ത് ഇറങ്ങിയ ഒറ്റക്കൊമ്പന്റെ കുത്തേറ്റ തൊഴിലാളി സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വന്യമൃഗശല്യം രൂക്ഷമായതോടെ പ്ലാന്റിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Inshort: Elephants clashed at Munnar`s waste processing plant. Increased elephant activity due to readily available food waste is causing concern for workers.

Content Highlights: Munnar: Elephants Clash at Waste Plant