പ്രചാരണം പൊലിപ്പിക്കാന്‍ പള്ളിയില്‍ പറഞ്ഞാല്‍ മതി; തിരഞ്ഞെടുപ്പിലെ വേറിട്ട മിസോറാം കാഴ്ച
ജാഥ, ചുവരെഴുത്ത്, റോഡ് ഷോ, ഒടുവില്‍ ഒരു കൊട്ടിക്കലാശം, അതിന്റെ പേരില്‍ ഒരു തെരുവുസംഘട്ടനം... ഇത്തരം 'കലാപരിപാടി'കള്‍ ഇല്ലാതെ എന്ത് തിരഞ്ഞെടുപ്പ് എന്നാണ് ചോദ്യമെങ്കില്‍ മിസോറമിന് കൃത്യമായ മറുപടിയുണ്ട്. ഈ ശബ്ദഘോഷമൊന്നും ഇല്ലാതെയും നടത്താവുന്ന ഒന്നാണ് സമ്മതിദാനം. തിരഞ്ഞെടുപ്പിലെ ഈ വേറിട്ട മിസോ സ്പര്‍ശത്തിന്റെ പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നതാകട്ടെ, പള്ളികള്‍ ചേര്‍ന്നുണ്ടാക്കിയ മിസോറം പീപ്പിള്‍സ് മൂവ്മെന്റ് എന്ന സന്നദ്ധസംഘടനയും.
ഓരോ സ്ഥാനാര്‍ഥിയും സ്വന്തം മണ്ഡലത്തില്‍ എത്ര കൊടികളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കണം, അവ ഏത് അളവിലുള്ളതാവണം എന്നൊക്കെ തീരുമാനിക്കുന്നത് എം.പി.എഫാണ്. യോഗങ്ങള്‍ നടത്തണമെങ്കിലും അവരോട് പറയണം. വേദിയൊരുക്കുന്നത് എം.പി.എഫിന്റെ നേതൃത്വത്തിലായിരിക്കും. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 20 മിനിറ്റുവീതം സംസാരിക്കാന്‍ അവസരമുണ്ടാകും. സംഗീതം ഇഷ്ടപ്പെടുന്ന മിസോ ജനതയെ ഉച്ചഭാഷിണിവെച്ച് അല്പം തട്ടുപൊളിപ്പന്‍ പാട്ടുകേള്പ്പിച്ചേക്കാമെന്നാണ് മോഹമെങ്കില്‍ അതുമാത്രം പള്ളിക്കാരോട് പറഞ്ഞിട്ട് കാര്യമില്ല. അത് 'പള്ളിയില്‍ പറഞ്ഞാല്‍മതി' എന്ന മട്ടിലാവും പ്രതികരണം.