മട്ടാഞ്ചേരി ജൂത സിനഗോഗ് സന്ദർശിച്ച് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ്

മട്ടാഞ്ചേരി ജൂത സിനഗോഗ് സന്ദർശിച്ച് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ്. ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. അമേരിക്കൻ അംബാസഡർക്കും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും ഒപ്പമാണ് ബൂലോസ് ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി ജൂത സിനഗോഗിൽ എത്തിയത്

നേരത്തെ നിശ്ചയിച്ചിരുന്നതിലും അല്പം മാറ്റങ്ങളോടെയാണ് സന്ദർശനം നടന്നതെന്ന് കൊച്ചി സിനഗോഗ് മാനേജിംഗ് ട്രസ്റ്റി പ്രവീൺ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് പ്രാർഥനയ്ക്ക് എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പെങ്കിലും ചില അസൗകര്യങ്ങൾ കാരണം അത് നടന്നില്ല. ശനിയാഴ്ച രാവിലെ കൊച്ചിയിലെ ഹയാത്ത് ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ആലപ്പുഴയിൽ ബോട്ടിങ്ങിന് പോയി. അവിടെ നിന്നാണ് നേരിട്ട് മട്ടാഞ്ചേരിയിലെത്തിയത്. കൊച്ചി നഗരത്തിന്റെ ഭംഗിയും ഇവിടുത്തെ ഭക്ഷണവും തന്നെ ഏറെ ആകർഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞതായി പ്രവീൺ പറയുന്നു.