മിഷൻ പാലപ്പിള്ളി; ചക്കിപ്പറമ്പിൽ കാട്ടാനകളെ കാടുകയറ്റി കുങ്കികൾ

ഞായറാഴ്ച ചക്കിപ്പറമ്പ് ഭാഗത്തെത്തിയ കാട്ടാനകളെ കുങ്കിയാനകൾ കാടുകയറ്റി. വൈകിട്ട് മൂന്നിന് കോളനി പരിസരത്തെത്തിയ രണ്ട് കാട്ടാനകളെയാണ് കുങ്കിയാനകൾ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചത്. ചക്കിപ്പറമ്പിൽനിന്ന് മുക്കണാംകുത്ത് ഭാഗത്തേക്ക് കാട്ടാനകളെ തുരത്തിയ കുങ്കിയാനസംഘം താവളത്തിൽ തിരിച്ചെത്തി. 'മിഷൻ പാലപ്പിള്ളി' എന്നു പേരിട്ട കാട്ടാനകളെ തുരത്തുന്ന ദൗത്യത്തിന് സെൻ്റർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ ഡോ. ശ്രീധർ വിജയകൃഷ്ണൻ, വയനാട് വെറ്ററിനറി സർജർ ഡോ. അരുൺ സക്കറിയ എന്നിവരാണ് നേതൃത്വം വഹിച്ചത്.

തിങ്കളാഴ്ച കുങ്കിയാനകളെ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഭാഗത്തേക്ക് അയക്കാനാണ് തീരുമാനം. ഇഞ്ചക്കുണ്ട്, പരുന്തുപാറ, കുതിരവളവ് ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനകളെ തുരത്തിയ എലിക്കോട് ഭാഗത്തിന് ഒന്നര കിലോമീറ്റർ മാറി കാരികുളത്ത് പത്ത് കാട്ടാനകളുടെ കൂട്ടമെത്തിയിട്ടുണ്ട്. എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിന് സമീപമാണ് ആനകളെത്തിയത്.

Content Highlights: Kumki elephants keep away wild elephants at Palappilly