ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം;ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി 29-ന് ഉദ്ഘാടനം ചെയ്യും
ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കോട്ടയം സയൻസ് സിറ്റി തുറന്നുകൊടുക്കുന്നു. ഒന്നാംഘട്ടമായ സയൻസ് സെന്റർ 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ മേനോട്ടത്തിലാണ് സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർഥ്യമായത്. വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടനം.
കോട്ടയം കുറവിലങ്ങാട് കോഴയിൽ ഉള്ള ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ഏറ്റെടുത്ത 30 ഏക്കറിലാണ് സയൻ സിറ്റി നിർമ്മിച്ചിരിക്കുന്നത്. ശാസ്ത്രഗാലറികൾ, ത്രിമാനപ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവേഷൻ ഹബ്ബ് എന്നിവ ഉൾക്കൊള്ളുന്ന സയൻസ് സെന്ററാണ് പ്രധാന ഭാഗം. പ്ലാനറ്റേറിയം, മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തിയേറ്ററുകൾ, സംഗീത ജലധാര, പ്രകാശ ശബ്ദ സമന്വയപ്രദർശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങൾ എന്നിവയാണ് സയൻസ് സിറ്റി പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.