കണ്ണുകെട്ടി പന്തുതട്ടി നീതിയുടെ കാവലാളുകള്‍; വ്യത്യസ്തമായി വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ്
കൊച്ചി: 'കാഴ്ചയില്ലാത്ത ഇവരെങ്ങനെയാ പന്തു തട്ടുന്നത്, ഞങ്ങള്‍ക്കും അവരെ പോലെ കളിക്കാന്‍ പറ്റുമോ...' ചോദ്യം നീതിയുടെ കാവലാളുകളായ ഹൈക്കോടതി ജഡ്ജിമാരില്‍ നിന്നായിരുന്നു. അതിനുത്തരം കറുത്ത തുണികൊണ്ടുള്ള കണ്‍മറയായിരുന്നു. ആ നാല് ജഡ്ജിമാരും മുക്കാല്‍മണിക്കൂര്‍ നേരത്തേക്ക് ഇരുട്ടിന്റെ കൂട്ടുകാരായി. അവര്‍ ഫുട്‌ബോള്‍ ടര്‍ഫില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനിറങ്ങി ഗോളടിച്ചു, ഗോളുകള്‍ സേവ് ചെയ്തു. കണ്ണുകെട്ടി വിളക്ക് കൊളുത്തി, സ്‌റ്റേജില്‍ കണ്ണുകെട്ടിയിരുന്ന് പ്രസംഗിച്ചു. സ്‌റ്റേജില്‍ നിന്നിറങ്ങി, അവര്‍ക്ക് മുന്നിലിരുന്ന എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങളോട് സംസാരിച്ചു.
കൊച്ചിയില്‍ ഞായറാഴ്ച തുടക്കമായ വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയത്. ജഡ്ജിമാര്‍ ചേര്‍ന്ന് കണ്ണുകെട്ടി വിളക്കേല്‍പ്പിക്കല്‍ ചടങ്ങ് നടത്താനായിരുന്നു സംഘാടകര്‍ നിശ്ചയിച്ചിരുന്നത്.