ജയിലില്‍നിന്ന് പുറത്തുവന്നതിന് പിന്നാലെ പ്രചാരണം ശക്തം; കശ്മീരിൽ കരുക്കൾ നീക്കാൻ എൻജിനിയർ റഷീദ്

വൻ മീനുകളെ ചെറുമീനുകൾ വിഴുങ്ങുന്ന വിചിത്രപ്രതിഭാസമാണ് ഇക്കുറി ജമ്മു-കശ്മീരിൻ്റെ തിരഞ്ഞെടുപ്പു രാഷ്ടീയം. മുഖ്യധാരയിലെ വൻകിട പാർട്ടികളുടെ രാഷ്ട്രീയത്തെ ഗ്രാമങ്ങളിൽ ശക്തികേന്ദ്രമുറപ്പിച്ച ചെറുപാർട്ടികളും അവയുടെ പ്രാദേശികനേതാക്കളും നിയന്ത്രിക്കുന്ന സവിശേഷ സാഹചര്യം. നിയമസഭാ തിരഞ്ഞെടുപ്പുഫലം നിശ്ചയിക്കുന്നതിൽ ഈ ചെറുപാർട്ടികൾക്കും സ്വതന്ത്രസ്ഥാനാർഥികൾക്കും നിർണായക പങ്കുണ്ടാകും. ഇതിൽ പ്രധാനം എൻജിനിയർ റഷീദ് നേതൃത്വം നൽകുന്ന അവാമി ഇത്തെഹാദ് പാർട്ടിയാണ്. 

ഭീകരവാദപ്രവർത്തനത്തിന് ഫണ്ടുനൽകിയെന്ന കേസിൽ അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന റഷീദ് കഴിഞ്ഞദിവസമാണ് തിഹാർ ജയിലിൽനിന്ന് പുറത്തുവന്നത്. സ്വന്തം പാർട്ടിയായ എ.ഐ.പി.ക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനായി റഷീദിന് ഒക്ടോബർ രണ്ടുവരെ സുപ്രീംകോടതി ജാമ്യം നൽകിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടു പ്പിൽ ജയിലിൽക്കിടന്ന് മത്സരിച്ച് നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുള്ളയെ നാലരലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ റഷീദ് ബാരാമുള ജില്ലയിലും പരിസരങ്ങളിലുമുള്ള സ്വാധീനമുറപ്പിച്ചാണ് മുഖ്യധാരാ പാർട്ടികൾക്ക് വെല്ലുവിളി തീർക്കുന്നത്.

അതേസമയം, കശ്മീരിൽ കാര്യമായി സ്വാധീനമില്ലാത്ത ബി.ജെ.പി., എൻജിനിയർ റഷീദ് ഉൾപ്പെടെയുള്ള സ്വതന്ത്രപാർട്ടി നേതാക്കളുമായി രഹസ്യധാരണയുണ്ടാക്കിയിരിക്കുന്നെന്ന ആരോപണം ഇന്ത്യസഖ്യവും പി.ഡി.പി.യും ശക്തമായി ഉയർത്തുന്നുണ്ട്. റഷീദ് ബി.ജെ.പി.യുടെ പ്രോക്സി സ്ഥാനാർഥിയാണെന്നാണ് അവർ ആരോപിക്കുന്നത്. 
 

Content Highlights: Jammu and Kashmir Assembly polls - Engineer Rashid