'ഇന്ത്യയുടെ പോരാട്ടം തീവ്രവാദികളോട്; പാകിസ്താൻ ലക്ഷ്യം വെച്ചത് സാധാരണ പൗരന്മാരെയും'

ഇന്ത്യയുടെ പോരാട്ടം തീവ്രവാദികളോടാണെന്നും പാകിസ്താൻ സൈന്യത്തോടല്ലെന്നും എയർ മാർഷൽ എ.കെ. ഭാരതി. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 

'പാകിസ്താനിലെ സാധാരണ പൗരന്മാരെയോ സൈനിക സ്ഥാപനങ്ങളെയോ അല്ല, തീവ്രവാദികളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. അത് കൃത്യമായി നേടിയെടുക്കുകയും ചെയ്തു. എന്നാൽ നമ്മുടെ സാധാരണ പൗരൻമാരെയും സൈനിക മേഖലകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പാകിസ്ഥാന്റെ ആളില്ലാ ആകാശ വാഹനങ്ങളും (UAV-കൾ) ചെറിയ ഡ്രോണുകളും മേയ് 7-ന് വൈകുന്നേരം നമുക്ക് നേരിടേണ്ടി വന്നു. അവ വിജയകരമായി തടയാൻ നമുക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് ഡ്രോണുകൾ ലാൻഡ് ചെയ്തെങ്കിലും അവയ്ക്ക് കുറഞ്ഞ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കാനായുള്ളൂ. നമ്മൾ തീവ്രവാദികളെ ലക്ഷ്യം വെച്ചപ്പോൾ പാകിസ്താന്റെ പ്രതികരണം നമ്മുടെ സാധാരണക്കാരെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം. ഇതിന് തിരിച്ചടിയായി ലാഹോറിനടുത്തും ഗുജ്രൻവാലയ്ക്ക് സമീപവുമുള്ള റഡാർ സംവിധാനങ്ങൾ ഞങ്ങൾ ആക്രമിച്ചു. എന്നാലും, വിപുലീകരണം നമ്മുടെ ലക്ഷ്യമല്ലെന്ന് ഊന്നിപ്പറയുകയാണ്. ഞങ്ങളുടെ പോരാട്ടം തീവ്രവാദികളോടാണ്, പാകിസ്താൻ സൈന്യത്തോടല്ല,'- എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു. 

Content Highlights: Air Marshal A.K. Bharti clarifies India`s operation targeted terrorists, not Pakistan`s military