ഒരു പവര്‍ഗ്രൂപ്പൂം മാഫിയയുമില്ല, സിനിമയെ മുഴുവന്‍ അടച്ചാക്ഷേപിക്കരുത്; ഒടുവില്‍ പ്രതികരിച്ച് 'അമ്മ'

അമ്മ പത്രസമ്മേളനം
അമ്മ പത്രസമ്മേളനം

ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്ന് സംഘടനാ സെക്രട്ടറി സിദ്ദിഖ്. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമക്കമ്മറ്റി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് 'അമ്മ'യെയല്ല. റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സംഘടനയ്ക്കും സന്തോഷമേയുള്ളൂ. അമ്മ സംഘടനയിലെ അംഗങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന റിപ്പോര്‍ട്ടിനെ സംഘടന എന്തിന് എതിര്‍ക്കണമെന്നും സിദ്ദിഖ് ചോദിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ധിഖ് പറഞ്ഞു.

'ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം'.

സിനിമ സെറ്റുകളില്‍ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോള്‍ കണക്കിലെടുക്കാനാവില്ലെന്നും നാലഞ്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് ശരിയായിരുന്നെന്നും സിദ്ധിഖ് പറഞ്ഞു. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു

In Short | AMMA organization secretary Siddique expressed sadness that the organization is being placed in a negative light following the release of the Hema Committee report. In a press conference, he clarified that the delayed response was due to the busy schedule of a show, and it was not an attempt to evade the situation. Siddique emphasized that the report does not target the AMMA organization itself. He stated that the organization is actually pleased with the release of the report and questioned why they would oppose a report that benefits the members of the organization. Siddique also mentioned that those who have committed wrongdoings should be investigated by the police.

Content Highlights: hema committee report, amma, comments, AMMA reaction, sidhique, actors association, malayalam movie