1870 മുതലുള്ള സഹോദരന്മാരുടെ കാമറ ശേഖരം; ചലച്ചിത്രമേളയിൽ കൗതുകമായി എക്സിബിഷൻ
പനജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഗോവയിലെ കലാ അക്കാദമിയിലെ ആർട്ട് ഗാലറിയിൽ 'ഫ്ലാഷ്ബാക്ക്സ്' എന്ന പേരിൽ സംഘടിപ്പിച്ച കാമറ എക്സിബിഷൻ കൗതുകമായി. 1870 മുതൽ 2017 വരെയുള്ള മോഡലുകൾ ഉൾപ്പെടെ കാമറകളുടെ ചരിത്രവും പരിണാമവും അടുത്തറിയാൻ സഹായിക്കുന്നതാണ് പ്രദർശനം. ഈ വിശാലമായ വിൻടേജ് കാമറ ശേഖരം സർവേശ്, സഞ്ജീവ് എന്നിങ്ങനെ രണ്ട് സഹോദരങ്ങളുടേതാണ്. 1968 മുതലാണ് ഇവർ ഈ കളക്ഷൻ തുടങ്ങിയത്. ഇവരുടെ കൈവശമുള്ള 1200 കാമറകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 240 കാമറകൾ ആണ് കലാ അക്കാദമിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ 1200 കാമറകളും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഡൽഹി, മുംബൈ, പൂനെ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഈ കാമറകൾ ശേഖരിച്ചത്.