രണ്ടാമൂഴം സിനിമയാകാത്തതില്‍ എന്നെക്കാള്‍ നിരാശ അദ്ദേഹത്തിനായിരിക്കും- ശ്രീകുമാര്‍ മേനോന്‍

.
.

രണ്ടാമൂഴം സിനിമയാകാത്തതില്‍ കുറ്റബോധത്തെക്കാളേറെ വിഷമമാണുള്ളതെന്ന് സംവിധായകനായ വി.എ. ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം സിനിമയാകാത്തതില്‍ തന്നെക്കാള്‍ കൂടുതല്‍ നിരാശ എം.ടി. വാസുദേവന്‍ നായര്‍ക്കായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.ടി. വാസുദേവന്‍ നായരുടെ 'സിതാര'യിലെത്തി അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഒരുമകനെപ്പോലെയായിരുന്നു അദ്ദേഹം എന്നെ കണ്ടിരുന്നത്. മറ്റാര്‍ക്കും ലഭിക്കാത്ത ഒരുപാട് ഭാഗ്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്. ഈ സിതാരയില്‍വന്നാണ് രണ്ടാമൂഴത്തിന്റെ സ്്ക്രിപ്റ്റ് തരാമോയെന്ന് അദ്ദേഹത്തിനോട് ആദ്യം ചോദിക്കുന്നത്. മൂന്നാമത്തെ തവണ വന്നപ്പോഴാണ് അദ്ദേഹം അതിന് സമ്മതിച്ചത്. അതിന്റെ സീന്‍ ബൈ സീന്‍ അദ്ദേഹം വായിച്ചുതരിക, ഞാന്‍ നോട്ടെഴുതുക അങ്ങനെ വലിയ വലിയ അനുഭവങ്ങളിലൂടെ കടന്നുപോയി.

രണ്ടാമൂഴം സിനിമയാകാത്തതില്‍ എന്നെക്കാള്‍ കൂടുതല്‍ നിരാശ അദ്ദേഹത്തിനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ടാമൂഴം സിനിമയാവുകയെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹവുമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന് കൊടുക്കാന്‍പറ്റിയ ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ് അതൊരു സിനിമയായി മാറുകയെന്നത്. ഏറെ കഴിവുളള സംവിധായകര്‍ നമുക്കിടയിലുണ്ട്. അത് ഏറെ അഭിമാനമാകുന്ന ചലച്ചിത്രകാവ്യമായി മാറട്ടെ.

രണ്ടാമൂഴം സിനിമായാക്കാന്‍ പറ്റാത്തത് വ്യക്തിപരമായ നഷ്ടമാണ്. ആയിരം കോടിക്ക് മുകളില്‍ ബജറ്റില്‍ ചെയ്യേണ്ട സിനിമായിരുന്നു അത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കൃതിയെന്ന് വാഴ്ത്തപ്പെട്ട രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ. അതിന് വലിയൊരു ബജറ്റ് വേണ്ടിവരുമായിരുന്നു. അതിനുള്ള നിര്‍മാതാവിനെ തേടി നീണ്ട യാത്രയായിരുന്നു. ബി.ആര്‍. ഷെട്ടി അതിന് തയ്യാറായിവന്നു. പക്ഷേ, അതിനുശേഷം ദൗര്‍ഭാഗ്യകരമായ അനേകം സംഭവങ്ങളുണ്ടായി. ബി.ആര്‍. ഷെട്ടിയുടെ ബിസിനസ് തകര്‍ന്നു. അതിന് യോഗമില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എല്ലാവലിയ പ്രൊജക്ടുകള്‍ക്കും ഒരുയോഗമുണ്ട്. അതിന് എനിക്ക് യോഗമില്ല. കുറ്റബോധത്തെക്കാള്‍ കൂടുതല്‍ എനിക്ക് വിഷമമാണ്. ലോകപ്രശസ്ത ടെക്നീഷ്യന്‍സ് ആ സിനിമയുടെ ഭാഗമാകേണ്ടിയിരുന്നു. ആ ചര്‍ച്ചകളില്ലെല്ലാം എം.ടി. പങ്കെടുത്തിരുന്നു. സിനിമയാക്കാന്‍ പറ്റാത്തതില്‍, ആ വാക്ക് പാലിക്കാന്‍ പറ്റാത്തതില്‍ കുറ്റബോധമുണ്ട്'', ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Content Highlights: director va shrikumar menon talks about mt vasudevan nair