തെരുവുനായകള്‍ പിന്തുടര്‍ന്നു, തുണിക്കടയിലേക്ക് ഓടിക്കയറി പുള്ളിമാന്‍ | വീഡിയോ വൈറല്‍

സുല്‍ത്താന്‍ബത്തേരി: തെരുവുനായ്ക്കള്‍ പിന്തുടരുന്നതിനിടെ വസ്ത്രവ്യാപാരകേന്ദ്രത്തിലേയ്ക്ക് ഓടിക്കയറി പുള്ളിമാന്‍. ബത്തേരി ദൊട്ടപ്പന്‍കുളത്തെ ലൂയിസ് ഫിലിപ്പ് ബ്രാന്‍ഡ് ഷോറൂമിലേക്കാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെ മാന്‍ കയറിയത്. തെരുവുനായ്ക്കള്‍ ഓടിവരുന്നതുകണ്ട് കടയിലേക്ക് ആള് കയറിയപ്പോള്‍  മാനും കയറുകയായിരുന്നു. ചിലയിടങ്ങളില്‍ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചശേഷം മാന്‍ ട്രയല്‍ മുറിയിലേക്കാണ് കയറിയത്.ചില്ലുകളില്‍ തട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റിലുമുള്ള കണ്ണാടിച്ചില്ലുകളില്‍ അതിന്റെ പ്രതിബിംബം കണ്ടതോടെ അവിടെത്തന്നെ നില്ക്കുകയായിരുന്നു. സംഭവം കണ്ട് അമ്പരന്ന കടയിലുള്ളവര്‍ ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ആരും മാനിന് അടുത്തേക്ക് ചെല്ലരുതെന്ന് ആര്‍ആര്‍ടി നിര്‍ദേശം നല്‍കി. അരമണിക്കൂറോളം കഴിഞ്ഞ് ബത്തേരി ആര്‍ആര്‍ടി സംഘമെത്തും വരെയും മാന്‍ മുറിക്കുള്ളില്‍ നിന്നു. അഞ്ചംഗ സംഘം വലയെറിഞ്ഞ് മാനിനെ പിടികൂടി പിന്നീട് കാട്ടില്‍ വിട്ടയച്ചു. കടയുടെ എതിര്‍ വശത്ത് അല്പം മാറി കാടാണ്. കുറച്ചുദൂരെ ബീനാച്ചി എസ്റ്റേറ്റുമുണ്ട്. ഇവിടെ നിന്ന് പുറത്തിറങ്ങി കൂട്ടം തെറ്റിയ മാന്‍ തെരുവുനായക്കളുടെ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവമറിഞ്ഞ് നിരവധിയാളുകളും കടയുടെ മുന്നിലെത്തിയിരുന്നു. ബത്തേരിയുടെ സമീപപ്രദേശങ്ങളിലായി മാനുകള്‍ റോഡിലേക്കിറങ്ങുന്നത് പതിവായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപം മാന്‍ റോഡിലേക്ക് ചാടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു.

iNSHORT-A deer, chased by dogs, ran into a clothing store in Sultan Bathery. Forest officials rescued the deer.

Content Highlights: A deer, chased by dogs, ran into a clothing store in Sultan Bathery.