ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന; പുതിയ തീവണ്ടി സർവീസിന് സ്വീകരണം നൽകി ബിജെപി |VIDEO

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതുതായി സർവീസ് തുടങ്ങിയ തീവണ്ടിക്ക് സ്വീകരണം നൽകി ബിജെപി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീവണ്ടിക്ക് സ്വീകരണം നൽകിയത്. തീവണ്ടിക്ക് മുമ്പിൽ പൂക്കൾകൊണ്ട് അലങ്കരിച്ചിരുന്നു. ശേഷം പൂമാലയിട്ട് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം തീവണ്ടിക്ക് മുമ്പിൽ പതിപ്പിച്ച് പ്രശാന്ത് ശിവൻ ചിത്രത്തിൽ ആരതി ഉഴിഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ,  ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ എന്നിവരും പാർട്ടി പ്രവർത്തകരും സ്റ്റേഷനിലെത്തിയിരുന്നു. ജില്ലാ സംസ്ഥാന ഘടകങ്ങൾ നിരന്തരമായി കേന്ദ്രറെയിൽവേ മന്ത്രിയോട്  ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മലബാർ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായതെന്ന് നേതാക്കൾ പറഞ്ഞു. 

കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്പെഷ്യൽ തീവണ്ടിയാണ് തിങ്കളാഴ്ച പാലക്കാട്ടുനിന്ന് ഓടിത്തുടങ്ങിയത്. 10.10-ന് കോഴിക്കോടുനിന്നെടുത്ത തീവണ്ടി 1.05-ന് പാലക്കാടെത്തി. ഉച്ചക്ക് 1.50-ന് പാലക്കാടുനിന്ന് തീവണ്ടി കണ്ണൂരിലേക്ക് പുറപ്പെട്ടു. 

Content Highlights: BJP Welcomes New Palakkad-Kozhikode Train Service