തെയ്യ വേഷത്തിൽ സംഘനൃത്തം; ഒന്നാം സ്ഥാനം നേടി അട്ടപ്പാടിയിലെ ചുണക്കുട്ടികൾ

ഒരുക്കത്തിലെ ഒരുമ, ചുവടുകളിലെ കൃത്യത, ചലനങ്ങളിലെയും സംഗീതത്തിലെയും അർപ്പണബോധം... വേദിയിൽ അട്ടപ്പാടി എം.ആർ.എസ്. എസിലെ കുട്ടികൾ തെയ്യ വേഷത്തിൽ നിറഞ്ഞാടിയപ്പോൾ, പതിവിനു വിപരീതമായി സംഘ നൃത്തത്തിലെ ഒന്നാംസ്ഥാനം ഇക്കുറി അട്ടപ്പാടി ചുരംകയറി. കഴിഞ്ഞ തവണ അപ്പിലിലൂടെയാണ് സംസ്ഥാനത്ത് മത്സരിക്കാൻ എത്തിയതെങ്കിൽ ഇത്തവണ ഒന്നാമതായി തന്നെ എത്തി.
മുൻ വർഷങ്ങളിലെല്ലാം പട്ടണങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു മാത്രം നിന്നിരുന്ന ഒന്നാം സ്ഥാനമാണ് അട്ടപ്പാടിയിലെ ചുണക്കുട്ടികൾ തങ്ങളുടെ സ്കൂളിലെത്തിച്ചത്. ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിലാണ് ഇവർ നേട്ടം കൊയ്തത്. വിധികർത്താക്കൾ ഫലം പ്രഖ്യാപിക്കുമ്പോൾ സദസിൽ നിലയ്ക്കാത്ത കൈയ്യടികളുയർന്നു.
നൃത്ത അധ്യാപിക എം. അതുല്യയുടെ ശിക്ഷണത്തിൽ ഒന്നര മാസത്തോളം പരിശീലിച്ചാണ് സംഘം മത്സരത്തിനെത്തിയത്. മുച്ചിലോട്ട് ഭഗവതിയുടെ കഥയാണ് അവതരിപ്പിച്ചത്. ചുവന്ന വസ്ത്രങ്ങളും മുഖത്ത് ചായവും തേച്ച് തെയ്യ രൂപത്തിൽ നിറഞ്ഞാടിയ സംഘത്തിന് അർഹതയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു ഈ ഒന്നാം സ്ഥാനം. ഇന്നലെ പങ്കെടുത്ത വിദ്യാർഥിനികൾ പലരും ആദ്യമായാണ് ജില്ലാ മത്സരത്തിൽ കളിക്കുന്നത്. അധ്യാപകരായ കെ.വിജേഷ്, മേഘ മോൾ, കെ.കെ.ദിവ്യ, ടി.മുരളിധരൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.