മത്സരത്തിനിടെ സ്പൈക്ക് ഊരിപോയി, പതറാതെ ഓടി വെങ്കലം നേടി ഏയ്ഞ്ചൽ, ഇത് ദൃഢനിശ്ചയത്തിന്റെ വിജയം
തിരുവനന്തപുരം: സ്കൂൾ കായിക മേളയിൽ 800 മീറ്റർ ഓട്ടം പുരോഗമിക്കവെയാണ് ട്രാക്കിലൊരു സ്പെെക്ക് കിടക്കുന്നത് ഒഫീഷ്യലുകളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഓട്ടത്തിനിടയിൽ ആലപ്പുഴക്കാരി ഏയ്ഞ്ചൽ റോസിൻ്റെയാണ് സ്പെെക്ക് എന്ന് മനസ്സിലാക്കിയതോടെ കോച്ചും മാതാപിതാക്കളും നിരാശയിലായി. സ്വർണ മെഡൽ സ്വപ്നം കണ്ടെത്തിയ ഏയ്ഞ്ചൽ മത്സരം പാതി വഴിയിൽ അവസാനിപ്പിക്കുമോയെന്നാണ് ഏവരും കരുതിയത്. എന്നാൽ പൂർവാധികം ശക്തിയോടെ അവൾ ഓടി, മൂന്നാമതായി ഫിനിഷ് ചെയ്തു. ഓട്ടം പൂർത്തിയാക്കിയ ഏഞ്ചൽ കാലിലെ വേദനയും നിരാശയും കൊണ്ട് പൊട്ടിക്കരഞ്ഞു. മെഡിക്കൽ ടീമിൻ്റെ പരിശോധനയ്ക്ക് പിന്നാലെ കോച്ചും മാതാപിതാക്കളും അവളെ ചേർത്തുപിടിച്ചു, ദൃഢനിശ്ചയത്തിലൂടെ പൊന്നോളം വിലയുള്ള വെങ്കലമാണല്ലോ അവൾ ഓടിയെടുത്തത്.
2.25.32 സെക്കൻ്റിലാണ് ഏയ്ഞ്ചൽ ഫിനിഷ് ചെയ്തത്. പാലക്കാടിൻ്റെ നിവേദ്യയാണ് ഒന്നാമത്. 2.11.13 സെക്കൻ്റിലാണ് നിവേദ്യ ഫിനിഷ് ചെയതത്. സ്പെെക്ക് ഇല്ലാതെ ഒരു റൗണ്ട് മുഴുവൻ ഓടി പൂർത്തിയാക്കിയാണ് ആലപ്പുഴയുടെ ഈ മിന്നും താരം വിജയത്തിൻ്റെ മധുരം നുണഞ്ഞത്. കൂടെയോടിയ കുട്ടിയുടെ കാല് തട്ടിയാണ് സ്പെെക്ക് ഊരിപ്പോയതെന്ന് ഏയ്ഞ്ചൽ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
സ്പെെക്ക് നഷ്ടപ്പെട്ടെങ്കിലും കോച്ചിന് വേണ്ടിയാണ് താൻ ഓടിയതെന്നും താരം കൂട്ടിച്ചേർത്തു. ഏയ്ഞ്ചലിന്റെ ഓട്ടം അവിശ്വസനീയമായിരുന്നുവെന്നാണ് കോച്ച് ജോസഫ് ആന്റണി പ്രതികരിച്ചത്. സെൻ്റ് ജോസഫ് ജിഎച്ച്എസ് ആലപ്പുഴയിലെ വിദ്യാർഥിയാണ് ഏയ്ഞ്ചൽ.
'അവളുടെ ഏറ്റവും മികച്ച സമയമാണ് ഇന്നത്തേത്. ഇതിന് മുൻപ് 2.30 സെക്കൻ്റിലാണ് അവൾ 800 മീറ്റർ പൂർത്തിയാക്കിയിട്ടുള്ളത്. ഇന്ന് പക്ഷേ 2.25 സെക്കൻ്റിലാണ് ഫിനിഷ് ചെയ്തത്. പരിശീലനത്തിന് ഗ്രൗണ്ട് ഒന്നും ഇല്ലാത്തതിനാൽ വേറെ സ്ഥലത്ത് പോയാണ് പരിശീലനമൊക്കെ പൂർത്തിയാക്കിയത്. വേറെയാരും ഇങ്ങനെ ഓടില്ല, അവളുടെ മനോധെെര്യമാണ് ഈ വിജയത്തിന് കാരണം. കടപ്പുറത്ത് ഓടിവളർന്നവളാണ് ഏയ്ഞ്ചൽ. മൂന്നാമത് എത്തിയതിൽ ഒരുപാട് സന്തോഷം', കോച്ച് പറഞ്ഞു.