മോഷ്ടിച്ച ആംബുലൻസുമായെത്തി ടോൾ ഗേറ്റ് തകർത്തു, 150 കിലോമീറ്റർ ചേസ് ചെയ്ത് പിടിച്ച് പോലീസ്

നൽഗൊണ്ട: അതിനാടകീയമായ സംഭവങ്ങൾക്കാണ് ശനിയാഴ്ച ഹൈദരാബാദ്-വിജയവാഡ നാഷണൽ ഹൈവേ സാക്ഷ്യംവഹിച്ചത്. തെലങ്കാനയിലെ ഹയാത്ത്നഗറിൽനിന്ന് മോഷ്ടിച്ച 108 ആംബുലൻസുമായി വന്നയാളെ പോലീസ് പിന്തുടർന്നത് 150 കിലോമീറ്റർ. തെലങ്കാനയിൽ നിന്ന് പുറപ്പെട്ട പോലീസ് സംഘം ആംബുലൻസ് മോഷ്ടാവിനെ പിടികൂടിയത് ആന്ധ്രപ്രദേശിൽനിന്ന്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഹയാത്ത്നഗറിൽ നിന്ന് മോഷ്ടിച്ച ആംബുലൻസുമായി ഹൈദരാബാദ്-വിജയവാഡ നാഷണൽ ഹൈവേയിലെ കൊർലാപഹാഡ് ടോൾ ഗേറ്റിലെത്തിയപ്പോഴാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. വാഹനം നിർത്താതിരുന്ന മോഷ്ടാവ് ടോൾ ഗേറ്റ് ഇടിച്ചുതകർത്ത് അതിവേഗത്തിൽ വാഹനം മുന്നോട്ടെടുത്ത് പോവുകയായിരുന്നു. പിന്നാലെ പോലീസും പുറപ്പെട്ടപ്പോൾ ഹൈദരാബാദ്-വിജയവാഡ നാഷണൽ ഹൈവേ സാക്ഷിയായത് സിനിമയെ വെല്ലുന്ന ചേസ് രംഗത്തിന്.