ഇന്ന് മുഹമ്മദ് റഫിയുടെ 99-ാം ജന്മദിനം; ജോസഫിനെ റഫി പാടിയുണര്‍ത്തി, രണ്ടാം ജന്മത്തിലേക്ക്...
കൊല്ലം: 'ചൗദവീന്‍ കാ ചാന്ദ് ഹോ... യാ അഫ്താബ ഹോ...' - 83-ാം വയസ്സിലും ഇടര്ച്ചയില്ലാതെയാണ് ജോസഫ് ഹെക്ടര്‍ പാടുന്നത്. മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ദിവസവും പലതവണ പാടുകയും പലവുരു കേള്‍ക്കുകയും ചെയ്യും. ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ മുക്കാല്‍ പങ്കും റഫിയുടെ ശബ്ദം കേട്ടിരിക്കുകയാണ് ഒരു കൊല്ലമായി ജോസഫിന്റെ രീതി. മൂന്നുവര്‍ഷം മുന്‍പ് പക്ഷാഘാതം തളര്‍ത്തിയ കാലുകള്‍ക്കും നിശ്ശബ്ദമാക്കിയ നാവിനും രണ്ടാം ജന്മം നല്‍കിയത്, ഈ പാട്ടുകളാണെന്ന് അദ്ദേഹം പറയുന്നു.
ശക്തികുളങ്ങര കളീലില്‍ തെക്കതില്‍ ജോസഫ് ഹെക്ടര്‍ കുട്ടിക്കാലത്തേ റഫി ആരാധകനായിരുന്നു. മൂന്നുവര്ഷംമുന്പ് പക്ഷാഘാതംവന്ന് കിടപ്പിലായി. സംസാരശേഷിയും നഷ്ടപ്പെട്ടു. കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കൊപ്പം മകന് ജോസ് ഹെക്ടര്‍ കിടക്കയ്ക്കരികില്‍ റഫിയുടെ പാട്ടുകേള്‍പ്പിച്ചു. ചലനമറ്റ് കിടക്കുമ്പോഴും പാട്ടിനൊപ്പം ചുണ്ടനക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ജോസഫ്. മരുന്നിനൊപ്പം 'ഗാന ചികിത്സ'യും തുടര്‍ന്നു.