ചരിത്രത്തെ വസ്തുകളിൽ നിന്നും അകറ്റുന്നു, ഇപ്പോൾ നടക്കുന്നത് കല്പിത ചരിത്ര നിർമിതി- പ്രൊഫ. എം.എം ഷിനാസ്

ചരിത്രത്തെ പാഠപുസ്തകങ്ങളിൽ നിന്നും മായ്ച്ചുകളയുന്ന പ്രവണതയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രൊഫ.എ.എം ഷിനാസ്. ചരിത്രത്തിൽ ഫിക്ഷൻ കൂട്ടിക്കലർത്താനുള്ള ശ്രമങ്ങൾ ഏറെക്കാലമായി നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ചരിത്രസംഭവങ്ങളെ രേഖകളിൽ നിന്നും വെട്ടിക്കളയുകയും അനാവശ്യമായി വളച്ചൊടിക്കലുകളിലൂടെ വികൃതമാക്കുകയുമാണ് ചെയ്യുന്നത്. ഉദാഹരണമായി ഗാന്ധിവധത്തെപ്പറ്റി ഇതുവരെ പാഠപുസ്തകങ്ങളിൽ ചേർത്തിരുന്ന അധ്യായത്തിൽ നിന്നും പന്ത്രണ്ട് വാചകങ്ങൾ വെട്ടിക്കളഞ്ഞുവെന്നും ഇപ്പോളുള്ള ഗാന്ധിവധം വായിച്ചാൽ ഏതോ ഒരു ഗോഡ്‌സേ ഗാന്ധിജിയെ വെടിവെച്ചു കൊന്നു എന്ന ധാരണ മാത്രമാണ് ലഭിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധിവധത്തിന്റെ ചരിത്രപശ്ചാത്തലമോ, ആരാണ് ഗോഡ്‌സെയെന്നോ, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ, വ്യക്തിപരമായ കാരണങ്ങളെക്കുറിച്ചോ, ആശയപരമായ കാരണങ്ങളെക്കുറിച്ചോ, ഗാന്ധിവധത്തെത്തുടർന്ന് ഇന്ത്യയിൽ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചോ ഇപ്പോഴുള്ള ചരിത്രപാഠങ്ങൾ മൗനം അവലംബിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസ്ഥാപിത താൽപര്യക്കാർക്ക് രുചികരമല്ലാത്ത പലതും വെട്ടുകയും അവർക്കുവേണ്ടതായ പല നായകനിർമിതികൾ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ ചരിത്രത്തെ വസ്തുതാവൽക്കരിക്കുന്നതിനുപകരം ഭാവനാവത്ക്കരിക്കുകയാണ് ചെയ്യുന്നതെന്നും എ.എം ഷിനാസ് പറഞ്ഞു.