മെസ്സിയുടെ ലോകകപ്പ് ജേഴ്‌സിക്ക് മാത്രം എന്താണിത്ര പ്രത്യേകത?

ഈ ലോകകപ്പിൽ മെസ്സിയുടെ ജേഴ്‌സി ശ്രദ്ധിച്ചിട്ടുണ്ടോ? മറ്റൊരു താരത്തിന്റെ ജേഴ്സിയിലും കാണാത്ത അത്രയും പാച്ചുകൾ മെസ്സിയുടെ ജേഴ്സിയിലുണ്ട്. ഇതെങ്ങനെ ഇത്രയും പാച്ചുകൾ മെസ്സിക്ക് മാത്രം കിട്ടി? ചുമ്മാ ഒരു സ്റ്റൈലിന് മാത്രം വെച്ചതല്ല ഇതൊന്നും, മെസ്സി ധരിച്ച ഓരോ പാച്ചുകൾക്ക് പിന്നിലും ഓരോ കഥയുണ്ട്. ഇന്നോളം ലോകകപ്പിൽ മെസ്സി വെട്ടിപ്പിടിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തുന്നത് കൂടിയാണ് ഈ പാച്ചുകൾ.

ഒന്നോ രണ്ടോ അല്ല, ആകെ നാല് പാച്ചുകൾ. ഇതിൽ ആദ്യത്തേത് ലെഗസി പാച്ച്. അഞ്ചോ അതിലധികമോ ലോകകപ്പുകളിൽ കളിക്കുന്ന താരങ്ങൾക്കുള്ള പ്രത്യേക പാച്ചാണിത്. സ്ലീവിന് താഴെയായി ഇത് കാണാം. മെസ്സി, റൊണാൾഡോ ഉൾപ്പെടെ ഈ വേൾഡ് കപ്പിൽ കളിച്ച ഏഴ് പ്ലെയേഴ്സിന് ലെഗസി പാച്ചുണ്ട്. 2006 മുതൽ മെസ്സി തുടർച്ചയായി കളിക്കുന്ന ആറാമത്തെ ലോകകപ്പാണിത്.

അടുത്തത് ഗോൾഡൻ ബോൾ പാച്ച്. മുൻ ലോകകപ്പുകളിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ലഭിക്കുന്ന പാച്ചാണിത്. 2014 ബ്രസീൽ ലോകകപ്പിലും 2022 ഖത്തർ ലോകകപ്പിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു. മെസ്സിയെ കൂടാതെ ലൂക്ക മോഡ്രിച്ചിന്റെ ജേഴ്സിയിൽ മാത്രമേ ഈ വേൾഡ് കപ്പിൽ ഗോൾഡൻ ബോൾ പാച്ച് ഉണ്ടായിരുന്നുള്ളു. 2018ലെ മികച്ച താരം മോഡ്രിച്ചായിരുന്നു.

അടുത്തത് ഗോൾഡ് സ്ലീവ് പാച്ച്. ലോകകപ്പ് ചാമ്പ്യൻമാരായ ടീമുകൾക്കുള്ള പ്രത്യേക പാച്ചാണിത്. മുൻ വർഷങ്ങളിൽ കപ്പടിച്ച രാജ്യങ്ങളുടെ ജേഴ്‌സിയിൽ ഈ പാച്ച് ഗോൾഡ് കളറിലായിരിക്കും. അർജന്റീനയ്ക്ക് പുറമേ ഫ്രാൻസ്, ബ്രസീൽ, ഉറുഗ്വായ്, സ്പെയ്ൻ, ഇംഗ്ലണ്ട്, ജർമനി എന്നീ രാജ്യങ്ങളുടെ ജേഴ്സിലിയും ഈ പാച്ചുണ്ട്. 

നാലാമത്തെതാണ് ചാമ്പ്യൻസ് പാച്ച്. നെഞ്ചിന് നടുവിൽ കാണുന്ന ഈ പാച്ച് നിലവിലെ ലോകചാമ്പ്യൻമാരെ സൂചിപ്പിക്കുന്നു. ആവസാനം പറഞ്ഞ രണ്ട് പാച്ചുകൾ അർജന്റീന ടീമിലെ എല്ലവർക്കുമുണ്ട്. പക്ഷേ ആദ്യം പറഞ്ഞ രണ്ടെണ്ണം ഉൾപ്പെടെ നാല് പാച്ചുകൾ ജേഴ്സിയിലുള്ള ഒരേയൊരു താരം, അത് മെസ്സിയാണ്. ഇതിനെല്ലാം പുറമേ ത്രീ സ്റ്റാർ ബാഡ്ജിങ്ങും അർജന്റീനയുടെ ജേഴ്സിലുണ്ട്. അർജന്റീന ഇന്നുവരേ നേടിയ മൂന്ന് ലോകകപ്പുകളെ ഓർമ്മപ്പെടുത്തുന്ന ബാഡ്ജിങ്ങാണിത്.

Content Highlights: Why Lionel Messi’s World Cup Jersey Has Four Patches