എന്താണ് ഐസോബ്യൂട്ടനോൾ? ഡീസൽ വാഹനങ്ങൾക്ക് പണികിട്ടുമോ?

പെട്രോളുമായി ബന്ധപ്പെട്ട് നമ്മൾ ഈയിടെയായി ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് ഇ20. അതായത്, 20 ശതമാനം എഥനോൾ ചേർന്ന പെട്രോൾ. രാജ്യവ്യാപകമായി ഇ20 പെട്രോൾ ലഭ്യമാക്കിയതിന് പിന്നാലെ, ഡീസലിലും ഒരു ബയോഫ്യൂവൽ ബ്ലെൻഡിംഗ് വരുകയാണ്. പെട്രോളിൽ എഥനോൾ ആയിരുന്നെങ്കിൽ ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇ20 പെട്രോൾ, മൈലേജ് കുറയ്ക്കുന്നതായും എൻജിന് ഉൾപ്പെടെ തകരാറുകൾ ഉണ്ടാക്കുന്നതായും ആക്ഷേപം ഉയരുന്നതിന് ഇടയിലാണ് ഡീസലിലും ബയോഫ്യുവൽ പരീക്ഷണത്തിന് കേന്ദ്രം ഒരുങ്ങുന്നത്.

എന്താണ് ഈ ഐസോബ്യൂട്ടനോളെന്ന് ആദ്യം നോക്കാം. ലളിതമായി പറഞ്ഞാൽ, എഥനോളിനെപ്പോലെ തന്നെ ജൈവ സ്രോതസ്സുകളിൽ നിന്ന് നിർമിക്കാവുന്ന ഒരു ആൽക്കഹോൾ അടിസ്ഥാനത്തിലുള്ള ഇന്ധന ഘടകമാണ് ഐസോബ്യൂട്ടനോൾ. ധാന്യങ്ങൾ, പഞ്ചസാര, കാർഷിക അവശിഷ്ടങ്ങൾ തുടങ്ങിയ ജൈവ സ്രോതസ്സുകളിൽ നിന്നുള്ള ഫെർമെന്റേഷൻ പ്രക്രിയയിലൂടെ ഇത് നിർമ്മിക്കാനാകും. എഥനോളിനെക്കാൾ നീളമുള്ള കാർബൺ ഘടനയുള്ളതിനാൽ, ഇന്ധനമായി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങളിൽ ഇതിന് കൂടുതൽ പ്രായോഗിക ഗുണങ്ങളുണ്ട്. ഡീസലിന്റെ ജ്വലനം ശക്തിപ്പെടുത്താനും മലിനവസ്തുക്കളുടെ ബഹിർഗമനം കുറയ്ക്കാനും ഇതു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

2% ചേർത്ത് പരീക്ഷണത്തിന് ടാറ്റ

വാഹനങ്ങളുടെ എൻജിനിൽ മാറ്റങ്ങൾ വരുത്താതെ തന്നെ കുറഞ്ഞ ശതമാനത്തിലുള്ള ഐസോബ്യൂട്ടനോൾ-ഡീസൽ ബ്ലെൻഡ് ഉപയോഗിക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രയം കുറയ്ക്കാനും ആഭ്യന്തരമായി നിർമ്മിക്കുന്ന ബയോഫ്യൂവലുകൾക്ക് വിപണി സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി, രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർന്ന ഡീസൽ ഉപയോഗിച്ചുള്ള പൈലറ്റ് ട്രയലുകൾക്ക് ടാറ്റാ മോട്ടോഴ്സ് തയ്യാറെടുക്കുകയാണ്. പൊതുമേഖല എണ്ണക്കമ്പനിയായ എച്ച്.പി.സി.എല്ലുമായി ചേർന്നാണ് പരീക്ഷണത്തിനുള്ള നീക്കം. നിലവിൽ പരീക്ഷണം രണ്ട് ശതമാനം ബ്ലെൻഡിൽ നിന്നാണ് തുടങ്ങുന്നത്. എന്നാൽ ഭാവിയിൽ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാനുള്ള സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്.

എന്തുകൊണ്ട് എഥനോൾ ചേർക്കുന്നില്ല

എന്തുകൊണ്ടാണ് ഡീസലിൽ എഥനോൾ ചേർക്കാതെ ഐസോബ്യൂട്ടനോൾ പരിഗണിക്കുന്നത് എന്നതാണ് അടുത്ത ചോദ്യം. എഥനോൾ പെട്രോളുമായി എളുപ്പത്തിൽ കലരും. അതുകൊണ്ടാണ് ഇ10, ഇ20, ഇ85 പോലുള്ള പെട്രോൾ-എഥനോൾ ബ്ലെൻഡുകൾ സാധ്യമാകുന്നത്. പക്ഷേ ഡീസലിന്റെ സ്വഭാവം വേറെയാണ്. ഡീസലിൽ നേരിട്ട് എഥനോൾ ചേർക്കുന്നത് സാങ്കേതികമായി വെല്ലുവിളിയാണ്. വെള്ളം ആകർഷിക്കുന്ന സ്വഭാവം, വേർപിരിയാനുള്ള സാധ്യത, എഞ്ചിൻ പെർഫോമൻസ് പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന വെല്ലുവിളികൾ. ഐസോബ്യൂട്ടനോൾ ഇവിടെ കൂടുതൽ പ്രായോഗികമായ ഒരു ഓപ്ഷനായി വന്നത് അതുകൊണ്ടാണ്. എന്നാൽ ഐസോബ്യൂട്ടനോളിന്റെ ഊർജസാന്ദ്രത ശുദ്ധ ഡീസലിനെക്കാൾ കുറവാണ്. അതുകൊണ്ട് ഉയർന്ന ശതമാനത്തിൽ ചേർത്താൽ മൈലേജിലും പ്രവർത്തനക്ഷമതയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഇങ്ങനെ ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാൻ ഐസോബ്യൂട്ടനോൾ പരീക്ഷിക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. ആഗോളതലത്തിൽ പെട്രോൾ ബ്ലെൻഡിംഗിലും ഡീസൽ ബ്ലെൻഡിംഗിലും ഐസോബ്യൂട്ടനോൾ സംബന്ധിച്ച പഠനങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് പ്രാധാന്യമാകുന്നത് ഡീസൽ ഉപഭോഗത്തിന്റെ വലിപ്പം കൊണ്ടാണ്. ഇന്ത്യയുടെ സാഹചര്യത്തിൽ ഈ നീക്കത്തിന് വലിയ സാമ്പത്തികവും ഊർജസുരക്ഷാ പ്രാധാന്യവുമുണ്ട്. ലോകത്തിലെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നമ്മുടെ പെട്രോളും ഡീസലും വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിച്ചാണ്. അതുകൊണ്ട് പെട്രോളിലോ ഡീസലിലോ ഒരു ചെറിയ ശതമാനം പോലും ആഭ്യന്തരമായി നിർമിക്കുന്ന ബയോഫ്യൂവൽ ചേർക്കാൻ കഴിഞ്ഞാൽ, വിദേശനാണ്യ ചെലവ് കുറയ്ക്കാൻ കഴിയും. എഥനോൾ ബ്ലെൻഡിംഗിലൂടെ ഇന്ത്യയ്ക്ക് ഇതിനകം തന്നെ വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചു. അതേ മാതൃക ഡീസലിലും കൊണ്ടുവരാനാണ് ലക്ഷ്യം.

രാജ്യത്ത് പെട്രോളിന്റെ ഇരട്ടിയോളമാണ് ഡീസൽ ഉപയോഗം. ചരക്ക് ഗതാഗതത്തിന്റെ വലിയൊരു ഭാഗം ഡീസലിലാണ് ഓടുന്നത്. ട്രക്കുകൾ, ബസുകൾ, കൃഷിയന്ത്രങ്ങൾ, നിർമാണ മേഖല, ജനറേറ്ററുകൾ ഇതെല്ലാം ഡീസൽ ഉപഭോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് ഡീസലിൽ ചെറിയൊരു ശതമാനം ബയോഫ്യൂവൽ ചേർക്കുന്നതുപോലും രാജ്യത്തിന്റെ ഇന്ധന ഉപയോഗത്തിലും ഇറക്കുമതി ചെലവിലും വലിയ സ്വാധീനം ഉണ്ടാക്കും.

നിലവിൽ എഥനോൾ ചേർന്ന പെട്രോളിൽ മൈലേജ് കുറയുന്നുണ്ടെന്ന ഉപഭോക്താക്കളുടെ ആക്ഷേപങ്ങൾ വ്യാപകമാണ്. അതുപോലെ ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർന്നാൽ മൈലേജിൽ എന്ത് മാറ്റം വരും എന്നതും പരീക്ഷണഫലങ്ങളെ ആശ്രയിച്ചിരിക്കും. എന്തായാലും ഇ20 പെട്രോളിനെ പോലെ തന്നെ, ഡീസലിലെ ഐസോബ്യൂട്ടനോൾ ബ്ലെൻഡിംഗും ഇന്ത്യയുടെ ബയോഫ്യൂവൽ യാത്രയിലെ അടുത്ത വലിയ ഘട്ടമായേക്കാം. എന്നാൽ ഇത് ഉപഭോക്താവിന് ലാഭമാകുമോ, വാഹനങ്ങൾക്ക് സുരക്ഷിതമാകുമോ എന്നിവയിലെല്ലാം പരീക്ഷണഘട്ടം കഴിഞ്ഞ് വ്യക്തത വരുത്തേണ്ടത് കേന്ദ്രമാണ്.

Content Highlights: India Plans Isobutanol Blended Diesel After E20 Petrol: What It Means for Vehicles and Mileage