EXPLAINED | അസദില്ലാത്ത സിറിയൻ ജനതയെ കാത്തിരിക്കുന്നത് വസന്തമോ വിനാശമോ? | VIDEO
പുകയുന്ന പശ്ചിമേഷ്യയുടെ മേല്‍ എണ്ണയിറ്റിച്ചുകൊണ്ടാണ് സിറിയന്‍ മണ്ണില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെടുന്നത്. ഇദ്‌ലിബില്‍ തുടക്കമിട്ട വിമതനീക്കത്തിന്റെ പതിനൊന്നാം നാള്‍ സിറിയ സാക്ഷിയായത് അരനൂറ്റാണ്ട് നീണ്ട അസദ് കുടുംബാധിപത്യത്തിന്റെ അന്ത്യത്തിനാണ്. എന്നാല്‍, 11 ദിവസം കൊണ്ട് മാറിമറിഞ്ഞതല്ല ഒന്നും. സിറിയയെ കലുഷിതമാക്കിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് പഴക്കമേറെയുണ്ട്. അറബ് നാടുകളില്‍ പടര്‍ന്നുപിടിച്ച ജനകീയ വിപ്ലവങ്ങളുടെ ബാക്കിപത്രമാണിതും. അതിനു വിത്തുപാകിയതാകട്ടെ ടുണിഷ്യയിലെ വെറും 26 വയസ്സുള്ള ഒരു പഴക്കച്ചവടക്കാരന്‍ സ്വയം ആളിക്കത്തി തൊടുത്തുവിട്ട തീപ്പൊരിയും.
ഉത്തരാഫ്രിക്കയുടെ ഭാഗമാണ് ടുണീഷ്യ. 1956- ല്‍ ഫ്രഞ്ച് ആധിപത്യത്തില്‍നിന്ന് ടുണീഷ്യ വിമോചനം നേടിയെങ്കിലും ജനാധിപത്യഭരണം രാജ്യത്തുണ്ടായില്ല. സ്വാതന്ത്ര്യാനന്തരം കോണ്‍സ്റ്റിറ്റിയൂഷണല്‍ ലിബറല്‍ പാര്‍ട്ടി അഥവാ ഡെസ്റ്റോര്‍ നേതാവായ ഹബീബ് ബുര്‍ഗ്വീബ പ്രസിഡന്റായി. എന്നാല്‍, മറ്റ് അറബ് നേതാക്കളില്‍നിന്ന് വിഭിന്നമായി പുരോഗമനപരമായ പല മാറ്റങ്ങളും ബുര്‍ഗ്വീബ രാജ്യത്ത് കൊണ്ടുവന്നിരുന്നു. അങ്ങനെയിരിക്കെ 1975-ല്‍ ബുര്‍ഗ്വീബ ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ആ കാലയളവില്‍ ബുര്‍ഗ്വീബയുടെ പ്രധാനമന്ത്രിയായിരുന്നു സൈനല്‍ അബിദീന്‍ ബിന്‍ അലി. ബുര്‍ഗ്വീബയുടെ ആരോഗ്യം ക്ഷയിച്ചുവന്ന് അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയാത്ത സാഹചര്യം വന്നു. ആ സമയത്ത് ബിന്‍ അലി ബുര്‍ഗ്വീബയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തു. പിന്നീട് 23 വര്‍ഷം ബിന്‍ അലിയുടെ ഏകാധിപത്യഭരണത്തിനു കീഴിലായിരുന്നു ടുണീഷ്യ. തൊഴിലില്ലായ്മയും വിലക്കയറ്റവും ബിന്‍ അലിയുടെ ഭരണകാലത്ത് ജനങ്ങളെ വലച്ചു.
Content Highlights: Syria`s Civil War: From Arab Spring to Ongoing Conflict