പകുതി ചെലവിൽ വന്ദേഭാരത് നിർമ്മിച്ച ഇന്ത്യൻ കമ്പനി, ലക്ഷ്യം ബുള്ളറ്റ് ട്രെയിൻ; വിൽപ്പനക്ക് തയ്യാർ

#അജ്‌നാസ് നാസ്സർ

രാജ്യത്തെ മുഴുവന്‍ ആവേശം കൊള്ളിച്ചാണ് കഴിഞ്ഞ സെപ്തംബറില്‍ റെയില്‍വേ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ ട്രെയിനുകളുമായി താരതമ്യം പോലും ചെയ്യാനാകാത്ത ഈ കോച്ചുകള്‍ ജപ്പാനില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഇറക്കുമതി ചെയ്താകുമെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. കുറഞ്ഞ സമയത്തില്‍, കുറഞ്ഞ ചിലവില്‍, അന്താരാഷ്ട്ര നിലവാരത്തില്‍ ഈ ബോഗികള്‍ രാജ്യത്തിന് നിര്‍മ്മിച്ച് നല്‍കിയത് ഒരു പൊതുമേഖല സ്ഥാപനമാണ്. ഇന്ത്യന്‍ നഗരങ്ങളിലെ മെട്രോകളില്‍ വലിയൊരു വിഭാഗം നിര്‍മ്മിച്ച് രാജ്യത്തിന് പതിനായിരക്കണക്കിന് കോടികള്‍ ലാഭം നേടിക്കൊടുത്ത അതേ കമ്പനി. കാര്‍ഗില്‍ യുദ്ധവിജയത്തില്‍ നിര്‍ണായകമായ സൈനിക ട്രക്കുകളും മിസൈല്‍ ലോഞ്ചറുകളും ടാങ്കറും മുതല്‍ മൈനിങ് വാഹനങ്ങള്‍ വരെ നിര്‍മ്മിച്ച് ഇന്ത്യക്ക് അഭിമാനമായ ആ കമ്പനിയുടെ പേര് ബെമല്‍ എന്നാണ്. പ്രവര്‍ത്തന മികവ് ഉയര്‍ത്താന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഭാരത് എര്‍ത്ത് മൂവേഴ്സ്.

എന്താണ് ബെമല്‍

1964ല്‍ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച മിനി നവരത്ന കമ്പനിയാണ് ബെമല്‍. ബെംഗളൂരുവിന് പുറമെ പാലക്കാട്, മൈസൂരു, കോലാര്‍ എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ യൂണിറ്റുണ്ട്. ഇന്ത്യന്‍ സൈന്യത്തിനായുള്ള വാഹനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ റെയില്‍ ആന്‍ഡ് മെട്രോ കോച്ചുകള്‍ എന്നിവയാണ് ബെമല്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ ദുഷ്‌കരമായ പര്‍വതപ്രദേശങ്ങളില്‍ സുരക്ഷിതമായി സൈനികനീക്കം നടത്താനുപയോഗിക്കുന്ന ട്രക്കുകള്‍, പിനോഷേ  മിസൈല്‍ ലോഞ്ചര്‍ റഡാര്‍ കാരിയിങ് വെഹിക്കിള്‍ എന്നിവയാണ് ബെമല്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കുന്നത്.
കാര്‍ഗില്‍ യുദ്ധവിജയത്തില്‍ ഉള്‍പ്പടെ ബെമല്‍ നിര്‍മ്മിച്ച ട്രക്കുകള്‍ നിര്‍ണായക പങ്കുവഹിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മെട്രോ കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഏക കമ്പനിയും ഏക പൊതുമേഖല സ്ഥാപനവുമാണ് ബെമല്‍. മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മേഖലയിലുപയോഗിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഏക പൊതുമേഖല സ്ഥാപനവും ബെമലാണ്. ഇന്ത്യയില്‍ മെട്രോ കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഏക കമ്പനിയും ഏക പൊതുമേഖല സ്ഥാപനവുമാണ് ബെമല്‍. പ്രതിവര്‍ഷം ഏതാണ്ട് നാലായിരം കോടിയുടെ ഓര്‍ഡറാണ് ബെമല്‍ നേടുന്നത്. ഇതില്‍ വലിയൊരുഭാഗവും വന്‍കിട ബഹുരാഷ്ട്ര കുത്തക കമ്പനികളോട് മത്സരിച്ച് ആഗോള ടെന്‍ഡറില്‍ പങ്കെടുത്താണ് നേടുന്നത്. 2023-24 സാമ്പത്തിക വര്‍ഷം 4054 കോടി വിറ്റുവരവും 382 കോടി ലാഭവുമാണ് ബെമല്‍ നേടിയത്.

ബെമലിന്റെ പ്രൊഡക്ട് പോര്‍ട്ട്ഫോളിയോ നോക്കിയാല്‍ നമ്മള്‍ വിസ്മയിച്ച് പോകും. ഡിഫന്‍സ് എയറോസ്പേസ് മേഖലയില്‍ ബ്രിഡ്ജ് സിസ്റ്റം, മിസൈല്‍ ലോഞ്ചര്‍, റഡാര്‍ സിസ്റ്റം, മൈന്‍ പ്ലഗ്ഗുകള്‍, തദ്ദേശീയമായി വികസിപ്പിച്ച 1500എച്ച്.പി എഞ്ചിനുകള്‍,

മൈനിങ് മേഖലയില്‍- ബുള്‍ഡോസറുകള്‍, ഡംപ് ട്രക്കുകള്‍, എക്സ്‌കവേറ്ററുകള്‍,

റെയില്‍ മേഖലയില്‍- മെട്രോ, പാസഞ്ചര്‍ ട്രെയിനുകള്‍, സ്റ്റീല്‍ അലൂമിനിയം വാഗണുകള്‍, ട്രെഷറി വാനുകള്‍

ഇവയെല്ലാം ബെമലിന്റെ ഉത്പന്നങ്ങളില്‍ ചിലത് മാത്രമാണ്. ഇതിലെല്ലാം ശരാശരി 90 ശതമാനത്തിലേറെയും തദ്ദേശീയമായ സാങ്കേതിക വിദ്യയായാണ് ഉപയോഗിക്കുന്നത്.

കോച്ച് നിര്‍മ്മാണത്തിലെ വിപ്ലവം

ഒരു മെട്രോ കോച്ചിന് 16 കോടി രൂപയാണ് സര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് നല്‍കിയിരുന്നത്. ആഗോള ടെന്‍ഡറില്‍ പങ്കെടുത്ത് വിദേശ കമ്പനികളെ പരാജയപ്പെടുത്തി ഈ ഓര്‍ഡര്‍ നേടിയ ബെമല്‍ തുടക്കത്തില്‍ 11 കോടിക്കാണ് ഒരു കോച്ച് നിര്‍മ്മിച്ചത്. പിന്നീട് നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം വന്നതോടെ ഇതേ കോച്ചുകള്‍ എട്ട് കോടിയില്‍ താഴെ രൂപയ്ക്ക് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കി. ഇതോടെ വിദേശ കമ്പനികളും ഒരു കോച്ചിന്റെ ടെന്‍ഡര്‍ നിരക്ക് എട്ട് കോടിക്ക് താഴേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതരായി. ഇതേ കമ്പനികള്‍ ഇന്ത്യക്ക് പുറത്ത് ഇപ്പോഴും ഇതേ മെട്രോ കോച്ചുകള്‍ വില്‍ക്കുന്നത് 16 കോടിക്കാണെന്ന കാര്യം ഓര്‍ക്കുക. ഇവിടെയാണ് രാജ്യത്തെ മെട്രോ കോച്ച് നിര്‍മ്മാണത്തില്‍ വിദേശ കമ്പനികളെ മുട്ടുകുത്തിച്ച് ബെമലുണ്ടാക്കിയ വിപ്ലവം മനസ്സിലാക്കാന്‍ സാധിക്കുക. ഇന്ത്യയില്‍ പൊതുമേഖലയില്‍ ഒരു എതിരാളി ഉള്ളതുകൊണ്ട് മാത്രമാണ് പകുതിപ്പണത്തിന് കോച്ചുകള്‍ വില്‍ക്കാന്‍ ആ വിദേശ കുത്തക കമ്പനികള്‍ നിര്‍ബന്ധിതരായത്. ബംഗളൂരു, മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത മെട്രോകള്‍ ബെമലാണ് നിര്‍മ്മിച്ചത്. ഇതില്‍ മുംബൈയിലേത് ഡ്രൈവര്‍ ലെസ് മെട്രോയാണ്. ഇതിലൂടെ ആയിരക്കണക്കിന് കോടികളാണ് സര്‍ക്കാര്‍ ലാഭിച്ചത്. ഭാവിയില്‍ ഏകദേശം 50 നഗരങ്ങളില്‍ കൂടെ മെട്രോ ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. 25000 ത്തിലേറെ മെട്രോ കോച്ചുകളാണ് ഇതിന് ആവശ്യമായി വരിക. ഇവ ബെമല്‍ നിര്‍മ്മിച്ചാല്‍ ഒന്നിന് നാല് കോടി ലാഭം കൂട്ടിയാല്‍ തന്നെ ഒരുലക്ഷം കോടിയോളം രൂപയാണ് രാജ്യത്തിന് ലാഭിക്കാനാവുക.

വന്ദേഭാരത് സ്ലീപ്പ്റിന്റെ പത്ത് വണ്ടികളുടെ ഓര്‍ഡറാണ് ഇന്ത്യന്‍ റെയില്‍വേ ബെമലിന് നല്‍കിയത്. 120 കോടി രൂപയാണ് ഒരു 16 കോച്ചുകളും എഞ്ചിനും ഉള്‍പ്പെടുന്ന ഒരു വന്ദേഭാരത് ട്രെയിന്‍ സെറ്റിന് സ്വകാര്യ കമ്പനികള്‍ കരാര്‍ നല്‍കിയത്. റെയില്‍വേയുടെ ചെന്നൈ കോച്ച് ഫാക്ടറിയുടെ സ്ഥലം, ജീവനക്കാര്‍, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉപയോഗിച്ച് 120 കോടിക്ക് കോച്ചുകള്‍ നിര്‍മ്മിക്കാമെന്നായിരുന്നു ഇവരുടെ കരാര്‍. തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ കരാര്‍ റെയില്‍വേ റദ്ദക്കേണ്ടി വന്നു. എന്നാല്‍ ബെമല്‍ അവരുടെ സ്വന്തം ഫാക്ടറിയില്‍, 9 മാസം കൊണ്ട് ട്രെയിന്‍ പൂര്‍ത്തീകരിച്ച് റെയില്‍വേയ്ക്ക് കൈമാറുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ 120 കോടി പറഞ്ഞ ട്രെയിന്‍ സെറ്റ് 67.5 കോടിക്കാണ് ബെമല്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതില്‍ ഒരെണ്ണമാണ് സെപ്തംബര്‍ എട്ടിന് റെയില്‍വേയ്ക്ക് കൈമാറിയത്. ഏതാണ്ട് 150 വണ്ടികളുടെ കൂടെ കരാര്‍ കൈമാറാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാനുള്ള കരാറും ബെമല്‍ നേടിക്കഴിഞ്ഞു. ജപ്പാന്‍ കമ്പനികള്‍ വരെ രംഗത്തുണ്ടായിരുന്ന കരാറാണ് ബെമല്‍ ഇതിലൂടെ നേടിയത്. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന അതിവേഗ തീവണ്ടി നിര്‍മ്മിക്കാന്‍  866.87 കോടി രൂപയുടെ കരാര്‍ കഴിഞ്ഞ ദിവസമാണ് ബെമല്‍ നേടിയത്.

വില്‍ക്കുന്നതെന്തിന്?

1964 ല്‍ കമ്പനി സ്ഥാപിച്ചത് മുതല്‍ ഒരു വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും ബെമല്‍ ലാഭത്തിലാണ്. 54.3 ശതമാനമാണ് കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി. ഇതില്‍ 26 ശതമാനം വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കം 2016ലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. കമ്പനിയുടെ മാനേജ്മെന്റ് അധികാരവും ഓഹരി വാങ്ങുന്ന കമ്പനിക്ക് കൈമാറാനായിരുന്നു നീക്കം. വില്‍പ്പനയ്ക്കുള്ള പ്രാഥമിക അനുമതി നല്‍കിയതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തൊഴിലാളി സംഘടനകളും പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍പ്പ് ഉന്നയിച്ചതോടെ 2018ല്‍ വില്‍പ്പനയില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. പിന്നീട് 2019ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് ബെമല്‍ വില്‍പ്പനയുടെ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2021 ജനുവരി മാസം നാലാം തിയ്യതി ബെമല്‍ വില്‍പ്പനയ്ക്കായുള്ള താല്‍പ്പര്യ പത്രം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ പാലക്കാട് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ തൊഴിലാളി സമരങ്ങള്‍ ആരംഭിച്ചു.

നിലവില്‍ ഒരു റഷ്യന്‍ കമ്പനിയും രണ്ട് ഇന്ത്യന്‍ കമ്പനികളുമാണ് ബെമല്‍ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പിന്നീട് ഇതില്‍ കാര്യമായി മുന്നേറ്റങ്ങളുണ്ടായില്ല. നിലവില്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരാവകാശങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെങ്കിലും വില്‍പ്പനയുടെ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് തന്നെയാണ് വിവരം.

In Short | Bharat Earth Movers Limited (BEML), a public sector giant established in 1964, has been instrumental in manufacturing defense vehicles, metro coaches, mining equipment, and more, showcasing India's self-reliance in cutting-edge technology. BEML has revolutionized metro coach manufacturing by drastically reducing costs compared to global players, saving the government billions and creating competition that benefits the nation. The company recently delivered the Vande Bharat sleeper coaches at record-low costs, outperforming private competitors, and is now set to build India's first bullet train under a prestigious contract. Despite consistent profitability and significant contributions to national development, the government has proposed partial privatization, sparking widespread protests and concerns about losing strategic assets. With a rich legacy of innovation and public service, BEML stands as a testament to India's industrial capabilities, making its privatization a topic of national debate.

Content Highlights: vande bharat sleeper bullet train metro beml victory VIDEO story