‘അമേരിക്കയ്ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം!’ഇരട്ടത്താപ്പിന്റെ 100 ദിവസങ്ങൾ!ഈ യുദ്ധം എന്തിനായിരുന്നു?
ഏറ്റുമുട്ടലെന്നോ, സംഘർഷമെന്നോ യുദ്ധമെന്നോ.. പേരെന്ത് വിളിച്ചാലും കരച്ചിലടക്കാൻ പാടുപെടുന്ന ഒരുപറ്റം നിലാരംബരെ സൃഷ്ടിക്കപ്പെടുന്നതിനപ്പുറം മറ്റെന്താണ് ഓരോ യുദ്ധവും നമുക്ക് സമ്മാനിക്കാറുള്ളത്? നൂറുദിവസത്തിലേറെ നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനൊടുവിൽ അമേരിക്കയും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ച് പിന്മാറുമ്പോൾ ഈ ചോദ്യം ആവർത്തിക്കപ്പെടുന്നു- 'യഥാർത്ഥത്തിൽ എന്തിനായിരുന്നു ഈ യുദ്ധം? യുദ്ധത്തിലൂടെ അമേരിക്ക എന്തു നേടി?
എന്തു നഷ്ടമാണ് അമേരിക്കക്ക് സംഭവിച്ചത് എന്നു ചോദിക്കുന്നതാവും കൂടുതൽ എളുപ്പം. ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിൽ വ്യാപകമായി ഉയരുന്ന വിമർശനങ്ങളിൽ, സൈനിക ശേഷിക്ക് മേൽ വന്ന നഷ്ടങ്ങൾ മുതൽ അത് പൊതുജനങ്ങളിലുണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങൾ വരെ വിഷയമാണ്. മൂഡീസ് അനലിറ്റിക്‌സ് (Moody’s Analytics) പ്രകാരം അമേരിക്കൻ നികുതിദായകർക്ക് യുദ്ധം ഉണ്ടാക്കിയ നഷ്ടം ഏകദേശം 13,200 കോടി ഡോളറാണ്. ഇതിന് പുറമെയാണ്, യുദ്ധച്ചെലവുകൾക്കായി അമേരിക്കൻ പ്രതിരോധ വകുപ്പ് 8,000 കോടി ഡോളറിന്റെ അധിക ഫണ്ട് ആവശ്യപ്പെട്ടത്. ഇത് അമേരിക്കയുടെ നഷ്ടം മാത്രമാണ്. അമേരിക്ക കാരണം ലോകസമ്പദ് വ്യവസ്ഥക്ക് വന്ന നഷ്ടം എങ്ങനെ അളന്നെടുക്കും. അവരുടെ പിടിവാശി കാരണം സംഭവിച്ച രക്തച്ചൊരിച്ചിലിന്റേയും, വെറും കോൺക്രീറ്റ് അവശിഷ്ടങ്ങളായി മാറിയ സമൂഹങ്ങളുടേയും കണക്കുകൾ ആര് പറയും.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നയ അബദ്ധമെന്നും നയതന്ത്ര പരാജയമെന്നും വിശേഷിപ്പിക്കപ്പെട്ട ഇറാൻ യുദ്ധം ചരിത്രത്തിൽ ബാക്കിയാക്കുന്നത് നിരവധി ചോദ്യങ്ങളാണ്. യുദ്ധം അവസാനിക്കുമ്പോൾ പതിവുപോലെ വിജയശ്രീലാളിതരായി ആരുമില്ല, മറിച്ച് ആൾനാശവും വിനാശകരമായ ആയുധ നഷ്ടങ്ങളുടെ കണക്കുകളും മാത്രം മിച്ചം. ഒപ്പം യുദ്ധം അവസാനിപ്പിക്കാൻ കൈയിൽ നിന്നും കാശിറക്കേണ്ടി വന്നു എന്ന നാണക്കേടും ട്രംപിന് മാത്രം അവകാശപ്പെട്ടതാണ്.
തുടക്കം
ഒരു സൂചനയുമില്ലാതെ ഇസ്രയേലും പിന്നാലെ അമേരിക്കയും ഇറാനിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 28-ന്. ഇറാനിലും ലെബനനിലും വ്യാപകമായ വ്യോമാക്രമണങ്ങളാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല ഖമനേയി കൊല്ലപ്പെടുന്നതും ഇതേ ദിവസമാണ്. ഇറാന്റെ ആണവായുധ ശേഖരം നശിപ്പിക്കുക എന്നതാണ് യുഎസിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇറാൻ ഭരണകൂടത്തെ തകർക്കുക അതുവഴി ഇറാനിലെ എണ്ണപ്പാടങ്ങൾ സ്വന്തമാക്കുക എന്നതാണ് ആക്രമണത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു.
വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെയാണ് ഇറാനു നേരെ ആക്രണം തുടങ്ങിയതെന്നതാണ് ഈ തിയറിയെ സാധൂകരിക്കാൻ അവർ മുന്നോട്ട് വയ്ക്കുന്ന കാരണം.
നിരപരാധികളായ ആയിരക്കണക്കിന് പേരാണ് യുഎസ്-ഇസ്രായേൽ വ്യോമാക്രമണച്ചിൽ കൊല്ലപ്പെട്ടത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലേക്കുണ്ടായ മിസൈൽ ആക്രമണത്തിൽ 170 പേർ കൊല്ലപ്പെട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. യുദ്ധം വിതയ്ക്കുന്ന ക്രൂരതയുടെ നേർച്ചിത്രമായി ഈ ദുരന്തം. മറുവശത്ത്, ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് വരുത്തിയ കേടുപാടുകൾ ചെറുതല്ലെന്നതും കാണാതിരുന്നുകൂടാ.
അമേരിക്കക്കും ഇറാനും ഒരുപോലെ ഭ്രാന്തു പിടിച്ചാൽ ലോകത്തിന് എന്തു സംഭവിക്കുമെന്ന് ചിന്തിക്കുന്നവർക്കുള്ള ലളിതമായ ഉത്തരമായിരുന്നു പിന്നീട് ലോകം കണ്ടത്. ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ആക്രമിക്കുന്നു എന്ന പേരിൽ ഡ്രോണുകളും മിസൈലുകളും പതിച്ചത് പലപ്പോഴും സിവിലിയൻ വിമാനത്താവളങ്ങളിലായിരുന്നു. നിരപരാധികൾ ഇറാൻ നടത്തിയ ആക്രമണങ്ങളിലും കൊല്ലപ്പെട്ടു.
നഷ്ടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ
ഇരുപക്ഷത്തും സാമ്പത്തിക-സൈനിക നഷ്ടം ഉണ്ടാക്കിയാണ് യുദ്ധം അവസാനിക്കുന്നത്. ആയുധങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമായി ഇരുരാജ്യങ്ങളും മുടക്കിയ പണത്തിന്റെ കണക്ക് നമ്മെ ഞെട്ടിക്കും. അമേരിക്കൻ സൈനിക ശേഖരത്തിലുണ്ടായിരുന്ന ആധുനിക മിസൈലുകളുടെ വലിയൊരു ഭാഗം ഈ യുദ്ധത്തിലൂടെ തീർന്നു പോയി.
1,000-ലധികം ടോമാഹോക്ക് (Tomahawk)ക്രൂയിസ് മിസൈലുകളും 1,500-ലധികം എയർ-ഡിഫൻസ് മിസൈലുകളുമാണ് അമേരിക്ക ഈ യുദ്ധത്തിൽ മാത്രം ഉപയോഗിച്ചുതീർത്തതെന്നാണ് കണക്കുകൾ. ഇതിൽ യുഎസിന്റെ പക്കലുണ്ടായിരുന്ന വിഖ്യാതമായ പാട്രിയറ്റ് (Patriot) മിസൈലുകളുടെ പകുതിയിലധികവും ഉൾപ്പെടുന്നു എന്നതും അമേരിക്കയെ പ്രതിരോധത്തിലാക്കുന്നു. ഈ ആയുധശേഖരം പഴയപടിയാക്കാൻ മാത്രം ഏകദേശം ആറ് വർഷം വരെ സമയമെടുത്തേക്കാം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. തീർന്നില്ല, മനുഷ്യനിയന്ത്രിത വിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ യുദ്ധത്തിൽ ആകെ 42 യുഎസ് സൈനിക വിമാനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ തകരുകയോ ചെയ്തിട്ടുണ്ട്. ഗൾഫ് മേഖലകളിലും മറ്റുമായി ആക്രമിക്കപ്പെട്ട ഇരുപതോളം വരുന്ന യുഎസ് സൈനിക താവളങ്ങളുടെ അറ്റകുറ്റ പണിക്കും പുനർനിർമാണത്തിനും മാത്രം വേണ്ടി വരിക വൻ തുകയാണ്
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനിക സംവിധാനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ പുനർനിർമ്മിക്കാൻ ഏകദേശം 30,000 കോടി ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് അമേരിക്കയും സഖ്യകക്ഷികളും നൽകണമെന്നാണ് ധാരണാപത്രത്തിൽ പറയുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് ഏകദേശം 5,800 കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
തകർന്ന ആഗോള സമ്പദ് വ്യവസ്ഥ
യുഎസ്- ഇറാൻ യുദ്ധം ആഗോളതലത്തിൽ വരുത്തിവെച്ച സാമ്പത്തിക നഷ്ടം അതിഭീമമാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലുമായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 13 ശതമാനത്തോളം കുതിച്ചുയർന്നു. ഇത് പല രാജ്യങ്ങളിൽ പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 2.5 ശതമാനത്തിലേക്ക് ആഗോള സാമ്പത്തിക വളർച്ച താഴാൻ ഈ യുദ്ധം കാരണമായെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. ലക്ഷക്കണക്കിന് ആളുകളാണ് വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്.
ട്രംപിനെതിരെ പ്രതിഷേധം
'ഒരിക്കലും തീരാത്ത യുദ്ധങ്ങൾ' അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ട്രംപ് ഭരണകൂടത്തിന് യുദ്ധം കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഒബാമ ഭരണകാലത്തെ ആണവ കരാറിനേക്കാൾ വലിയ സാമ്പത്തിക ഇളവുകൾ ഇറാന് നൽകിയാണ് ഇപ്പോഴത്തെ കരാർ ഒപ്പിട്ടിരിക്കുന്നത് എന്നതും ഭരണകൂടത്തിന് വലിയ നാണക്കേടുണ്ടാക്കി.
ഇറാന്റെ പുനർനിർമ്മാണത്തിനായി കുറഞ്ഞത് 30,000 കോടി ഡോളറിന്റെ ഫണ്ട് രൂപീകരിക്കാനുള്ള വ്യവസ്ഥ അമേരിക്കയ്ക്കുള്ളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനും വഴിവെച്ചിട്ടുണ്ട്.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ടക്കർ കാൾസൺ കരാറിനെ അമേരിക്കയുടെ 'നാണംകെട്ട തോൽവി' എന്നാണ് വിശേഷിപ്പിച്ചത്. മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, 'യുദ്ധത്തിന് മുൻപ് തന്നെ തുറന്നു കിടന്നിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്ക ഇറാന് പണം നൽകേണ്ടി വരുന്നത് ഒരു നേട്ടമായി കാണാനാവില്ലെ'ന്നാണ് പരിഹസിച്ചത്.
ഈ 30,000 കോടി ഡോളർ അമേരിക്കയല്ല നൽകുന്നതെന്നും, ഗൾഫ് രാജ്യങ്ങൾ നിക്ഷേപമായി നൽകുന്നതാണെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വിശദീകരിക്കുന്നുണ്ടെങ്കിലും ജനരോഷം തണുപ്പിക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ല.
വിള്ളൽ വീണ അമേരിക്ക-ഇസ്രായേൽ സഖ്യം
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അമേരിക്ക-ഇസ്രായേൽ സുരക്ഷാ സഖ്യത്തിലുണ്ടായ വിള്ളലാണ് ഈ യുദ്ധത്തിന്റെ മറ്റൊരു പ്രധാന രാഷ്ട്രീയ ബാക്കിപത്രം. ലെബനനിലെ ഇസ്രായേൽ സൈനിക നടപടികളെച്ചൊല്ലി ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളായതും വാർത്തയായി.
ഇറാനുമായുള്ള നിർണ്ണായകമായ ചർച്ചകളിൽ ഇസ്രായേലിനെ അമേരിക്ക ഉൾപ്പെടുത്തിയിരുന്നില്ല എന്നതും കരാറിന്റെ കോപ്പി മാത്രമാണ് ട്രംപ് ഇസ്രായേലിന് കൈമാറിയത് എന്നതും കല്ലുകടിയാവുന്നുണ്ട്. ഹിസ്ബുല്ല പോലുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകളെ തകർക്കാതെ അമേരിക്ക പിന്മാറിയത് തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇസ്രായേലിന്റെ വാദം. ഉടമ്പടി തങ്ങളെ ബാധിക്കില്ലെന്നും ലെബനനിൽ സൈന്യം തുടരുമെന്നുമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനവും ഇതോടൊപ്പം ചേർത്ത് വായിക്കണം.
ആർക്കായിരുന്നു നേട്ടം?
അമേരിക്ക ലക്ഷ്യമിട്ടതുപോലെ ഇറാനെ തകർക്കാനോ അവരുടെ ആണവ പദ്ധതികൾ ഇല്ലാതാക്കാനോ എണ്ണപ്പാടങ്ങൾ വരുതിയിലാക്കാനോ ഈ യുദ്ധത്തിന് കഴിഞ്ഞില്ല എന്നത് ട്രംപിനുണ്ടാക്കിയ അപമാനം ചെറുതല്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ വലിയൊരു പരാജയം. നൂറിലധികം ദിവസങ്ങൾക്കൊടുവിൽ, യുദ്ധം തുടങ്ങുന്നതിന് മുൻപത്തെ സാഹചര്യത്തിലേക്ക് മടങ്ങാൻ പോലും ഇറാന് വൻ തുക നൽകേണ്ടി വന്നു എന്ന പരിഹാസ്യമായ അവസ്ഥയിലാണ് ആഗോള സൂപ്പർ പവറായ അമേരിക്ക. ആത്യന്തികമായി, അധികാര രാഷ്ട്രീയത്തിന്റെ പേരിൽ പൊലിഞ്ഞുപോയ ആയിരക്കണക്കിന് മനുഷ്യജീവനുകളും തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയും മാത്രമാവുകയാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രവും