കരാർ അംഗീകരിക്കാൻ ഹമാസ്; ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ട്രംപിനാവുമോ? നൊബേൽ സ്വന്തമാക്കുമോ?
രണ്ട് വർഷം മുമ്പ്, 2023 ഒക്ടോബർ ഏഴിനാണ് ഇസ്രയേലിന്റെ മണ്ണിൽ ഹമാസ് കടന്നുകയറി, ചരിത്രത്തിൽ അതുവരെ കാണാത്ത രക്തച്ചൊരിച്ചിൽ ഹമാസും കൂട്ടരും നടത്തുന്നത്. പ്രതിരോധ രംഗത്തെ സൂപ്പർ പവർ നിലംപരിശാവുന്നത് ലോകം കണ്ടു. അത് ഇസ്രയേലിന് താങ്ങാവുന്നതായിരുന്നില്ല. ബന്ധവൈരിയായ ഹമാസിനേയും കൂട്ടരേയും ഇല്ലാതാക്കാൻ പലസ്തീനിൽ അന്നു തുടങ്ങിയതാണ് രക്തച്ചൊരിച്ചിൽ. മരിച്ചുവീണത് പിഞ്ചുകുഞ്ഞുങ്ങളും നിരപരാധികളും. അതുകൊണ്ട് ലോകം വെറുങ്ങലിച്ചു നിന്നു. ഇത് വെറും യുദ്ധമല്ല, ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയാണെന്ന് ലോകമൊന്നാകെ പറഞ്ഞു. ഒടുവിൽ സമാധാന ശ്രമങ്ങൾക്ക് വഴി തുറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നിലാര് പ്രവർത്തിച്ചു എന്നാണ് ലോക അറിയുന്നത് എന്നതിനും പ്രാധാന്യമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ ഭാഗമായി അനുനയത്തിന് തയ്യാറാണ് ഹമാസ് എന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസ് കരാറിലെ വ്യവസ്ഥകള് പൂർണമായി അംഗീകരിക്കുമോ? പലവട്ടം വെടിനിർത്തൽ കരാറുകള് ലംഘിച്ച ഇസ്രയേലിനെ എത്രത്തോളം വിശ്വസിക്കാനാവും? സമാധാന കരാർ വിജയിച്ചാലെങ്കിലും ട്രംപ് ആഗ്രഹിച്ച സമാധാന നോബേൽ സ്വന്തമാക്കാനാവുമോ? ചോദ്യങ്ങൾ പലതാണ്.
ട്രംപിന്റെ സമാധാന കരാർ
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഇസ്രയേലി സൈന്യത്തെ ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുക, 1950 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് ഇതിലെ പ്രധാന നിർദേശങ്ങൾ. ഹമാസിനെ നിരായുധീകരിക്കുകയും ഗാസയുടെ ഭരണത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യും. ഗാസയുടെ ഭരണത്തില്‍ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രൂപത്തിലോ ഒരു പങ്കും വഹിക്കില്ലെന്ന് ഹമാസും മറ്റ് വിഭാഗങ്ങളും സമ്മതിക്കണം.
കരാര്‍ അംഗീകരിച്ചാലുടന്‍, ഗാസ മുനമ്പിലേക്ക് പൂര്‍ണ്ണമായ സഹായം അയയ്ക്കും. ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേല്‍നോട്ടത്തില്‍ പലസ്തീന്‍ സമിതി ഗാസയിലെ ദൈനംദിന സിവിലിയന്‍ കാര്യങ്ങള്‍ നിര്‍വഹിക്കും. 'ബോര്‍ഡ് ഓഫ് പീസ്' എന്നായിരിക്കും ഈ അന്താരാഷ്ട്ര സമിതി അറിയപ്പെടുക. സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഗാസയെ സൈനികവിമുക്തമാക്കുന്ന ഒരു പ്രക്രിയ ഉണ്ടാകും. ഗാസയില്‍ ഉടനടി വിന്യസിക്കുന്നതിനായി ഒരു താല്‍ക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (ISF) രൂപീകരിക്കാന്‍ അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി പ്രവര്‍ത്തിക്കും. ഇസ്രയേല്‍ ഗാസയെ അധിനിവേശം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ല. ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോള്‍, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പിന്‍വാങ്ങും തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
യുദ്ധം അവസാനിപ്പിക്കുന്നതില്‍ മാത്രമൊതുങ്ങാതെ യുദ്ധാനന്തര ഗാസയുടെ ഭാവി എങ്ങനെയായിരിക്കണം എന്ന് കൂടി വിഭാവനം ചെയ്യുന്നതാണ് പുതിയ കരാര്‍. ഇതിന്റെ ഭാഗമായാണ് 'ബോര്‍ഡ് ഓഫ് പീസ്' സമിതി, അന്താരാഷ്ട്ര സ്ഥിരതാ സേന തുടങ്ങിവയെല്ലാം പുതുതായി ഏര്‍പ്പെടുത്തിയത്.
ഭാഗികമായി കരാർ അംഗീകരിച്ച് ഹമാസ്
ഗാസ സമാധാനപദ്ധതി തങ്ങൾ ഭാഗികമായി അംഗീകരിച്ചതായാണ് മധ്യസ്ഥരായ ഖത്തറിനെ ഹമാസ് അറിയിച്ചത്. ഭരണത്തിൽ നിന്ന് മാറിനിൽക്കാനും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാനും ഹമാസ് തയ്യാറാണ്. ഗാസ മുനമ്പിന്റെ ഭരണം ഒരു സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും ഹമാസ് യോജിച്ചിട്ടുണ്ട്. പക്ഷേ ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിര്‍ദേശങ്ങളോടും വിയോജിപ്പ് അറിയിച്ചതായാണ് വിവരം.
ഇസ്രയേൽ പലസ്തീനിൽ നിന്ന് പൂർണമായി പിന്മാറിയാലല്ലാതെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സമഗ്ര പലസ്തീനിയൻ ദേശീയ ചട്ടക്കൂടിന് അകത്ത് നിന്നായിരിക്കും ഗാസയുടെ ഭാവി സംബന്ധിച്ച ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഹമാസിനെ കാത്തിരിക്കുന്നത് രാഷ്ട്രീയവും സൈനികവുമായ അന്ത്യമായിരിക്കുമെന്നാണ് വിശകലനം. ഒറ്റയടിക്ക് നിരായുധീകരിക്കുന്നതും മുഴുവന്‍ ബന്ദികളെയും കൈമാറുന്നതും ഹമാസിന് പൂര്‍ണമായും തകര്‍ക്കും. കരാറുകള്‍ ലംഘിച്ച് ചരിത്രമുള്ള നെതന്യാഹു ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സാഹചര്യമായി ഇത് ഉപയോഗിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഹമാസ് എത്രത്തോളം വ്യവസ്ഥകൾ അംഗീകരിക്കുമെന്ന് കണ്ടറിയണം.
എന്തായാലും ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചിട്ടുണ്ട്.
നടപ്പിലാവുമോ സമാധാനകരാര്‍?
നേരത്തെയും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്ക സമാധാന കരാര്‍ കൊണ്ടുവന്നിരുന്നു. പക്ഷേ അന്നെല്ലാം ഇസ്രയേല്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നടപ്പിലായില്ല. ഇപ്പോൾ ഹമാസ് കരാറില്‍ ഒപ്പിട്ടാലും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാതിരിക്കാന്‍ അമേരിക്ക ഇസ്രയേലിന്റെ മേല്‍ വലിയ സ്വാധീനം ചെലുത്തേണ്ടിവരും. എന്നാല്‍ നെതന്യാഹു അമേരിക്കയുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണ സമയത്തുള്‍പ്പടെ വ്യക്തമായതാണ്. അതിനാല്‍ തന്നെ അമേരിക്കയ്ക്ക് ഈ കരാര്‍ വ്യവസ്ഥകള്‍ നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുയരുന്നുണ്ട്.
നിലവിൽ ട്രംപ് ഉടൻ ബോംബാക്രമണം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്. ട്രംപിന്റെ ഉത്തരവ് വന്ന് മണിക്കൂറുകൾക്ക് ശേഷം ഗാസ സിറ്റിയിലും ഖാൻ യൂനിസിലുമായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ അൽ-മവാസിയിൽ ഒരു ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് സമാധാന കരാറിന് സമ്മതം മൂളിയപ്പോൾ ബോംബാക്രമണം കുറച്ചെങ്കിലും ഇസ്രയേൽ ഇപ്പോഴും അക്രമണം നിർത്തിയിട്ടില്ലെന്ന് ചുരുക്കം.
കരാറിന്റെ പല പ്രധാന ഭാഗങ്ങളിലും വ്യക്തതയില്ലാത്തതിനാൽ കരാര്‍ ലംഘനങ്ങള്‍ നിരന്തരം ആരോപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരം തര്‍ക്കങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സികള്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യങ്ങളുമുണ്ടാകാം. ഇത് വീണ്ടും പഴയ സാഹചര്യത്തിലേക്ക് തന്നെ കൊണ്ടുപോവും. നേരത്തെ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിനെതിരെ ആരോപണമുയര്‍ത്തി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ഇതിനൊപ്പം ഓർക്കണം.
അമേരിക്കയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയതിനാല്‍ തന്നെ കരാറിലെ പല വ്യവസ്ഥകളും ഇസ്രയേലിന് അനുകൂലമാണെന്നതും പരിമിതിയാണ്. പലസ്തീനിയന്‍ അതോറിറ്റിക്ക് ഗാസയുടെ അധികാരം കൈമാറുമെന്നും പലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നുമെല്ലാമുള്ള വ്യവസ്ഥകള്‍ നെതന്യാഹു പൂര്‍ണമായി അംഗീകരിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുഎനില്‍ ഉള്‍പ്പടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗാസയുടെ ഭാവിയിൽ അവ്യക്തത
വെടിനിര്‍ത്തലിന് ശേഷമുള്ള ഗാസയുടെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങളിലും കരാറിലെ വ്യവസ്ഥകളില്‍ വലിയ അവ്യക്തതകളുണ്ട്. ഇസ്രയേലി മിലിട്ടറി ഗാസയില്‍നിന്ന് പിന്‍വാങ്ങിയാല്‍ അധികാരം ഏറ്റെടുക്കുന്ന അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ വിശദാംശങ്ങളെ കുറിച്ചൊന്നും കൃത്യമായ പരാമര്‍ശങ്ങള്‍ കരാറിലില്ല. ഏതെല്ലാം രാജ്യങ്ങളാണ് ഈ സേനയില്‍ പങ്കാളികളാവുകയെന്നും അത്തരം രാജ്യങ്ങളെ എന്ത് മാനദണ്ഡത്തിലാണ് തീരുമാനിക്കുക എന്നും പറയുന്നില്ല. അറബ് രാജ്യങ്ങളുണ്ടാവും എന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. തങ്ങളിതില്‍ പങ്കാളികളാവും എന്ന കാര്യത്തില്‍ അറബ് രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. പലസ്തീനിയന്‍ അതോറിറ്റി ഭാവിയില്‍ സര്‍ക്കാരായി മാറുമ്പോള്‍ അതില്‍ തിരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തിലും നടത്തിയാല്‍ ആര്‍ക്കാണ് വോട്ട് ചെയ്യാനാകുക എന്ന കാര്യത്തിലും വ്യക്തതയില്ല. ചുരുക്കത്തില്‍ തങ്ങളുടെ സര്‍ക്കാരിനെ തീരുമാനിക്കുന്ന കാര്യത്തില്‍ ഗാസയിലെ ജനതയ്ക്ക് എത്രത്തോളം പങ്കാളിത്തമുണ്ട് എന്ന് കരാര്‍ വ്യക്തമാക്കുന്നില്ല.
ട്രംപിന് ലഭിക്കുമോ നോബേൽ?
ഇസ്രായേല്‍ സര്‍ക്കാരോ ഹമാസോ തന്റെ 20 ഇന സമാധാന പദ്ധതി അംഗീകരിച്ചിട്ടില്ലെങ്കിലും, ഇസ്രായേല്‍-ഹമാസ് യുദ്ധം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചു. ഇത് വിജയിക്കുകയാണെങ്കില്‍, എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിക്കും. ഇതുവരെ ആരും അത് ചെയ്തിട്ടില്ല, സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് കാണിച്ച് രണ്ടുദിവസം മുൻപ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. നൊബേൽ കിട്ടിയാലും ഇല്ലെങ്കിലും സമാധാന കരാർ അംഗീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് അവസാനം കണ്ടെത്താനായാൽ ട്രംപിന് അത് വലിയ നേട്ടമാകും. ബന്ദികളെ മോചിപ്പിക്കുന്നതും അക്രമം അവസാനിപ്പിക്കുന്നതും സമാധാനത്തിന് വേണ്ടിയുള്ള പ്രധാന സംഭാവനയായി കാണാനാകും. വിജയകരമായ ഒരു സമാധാന കരാർ അദ്ദേഹത്തിന്റെ നോബൽ സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് ചില രാഷ്ട്രീയനിരീക്ഷകരും അനുമാനിക്കുന്നുണ്ട്. ഈ സംഘർഷം അവസാനിപ്പിച്ചാൽ മാത്രമേ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം സാധ്യമാകൂവെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പരസ്യമായി പറഞ്ഞതും ഇതിലൊന്നാണ്.
അതേസമയം സമാധാനത്തിനുള്ള നൊബേല്‍സമ്മാനം വേണമെന്ന ട്രംപിന്റെ സമ്മര്‍ദത്തില്‍ കുലുങ്ങില്ലെന്നാണ് നൊബേല്‍ കമ്മിറ്റിയുടെ നിലപാട്. ''ചില പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കുകിട്ടുന്ന മാധ്യമശ്രദ്ധ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അത് കമ്മിറ്റിയുടെ ചര്‍ച്ചകളെ സ്വാധീനിക്കില്ല. നാമനിര്‍ദേശം ലഭിക്കുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളാണ് കമ്മിറ്റി പരിഗണിക്കുന്നത് - എന്നാണ് സെക്രട്ടറി ക്രിസ്റ്റ്യന്‍ ബെര്‍ഗ് ഹാര്‍പ്വികെന്‍ പറഞ്ഞു. ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പത്രപ്രകാരം, 'രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാഹോദര്യം വളര്‍ത്തുന്നതിനും, സ്ഥിരം സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും, സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ' വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ആണ് നൊബേല്‍ സമാധാന പുരസ്‌കാരം നല്‍കുന്നത്. നോര്‍വേയുടെ പാര്‍ലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി, ദീര്‍ഘമായ അവലോകനത്തിന് ശേഷമാണ് വിജയിയെ തീരുമാനിക്കുന്നത്. ഈ സമിതി പരമ്പരാഗതമായി സമ്മര്‍ദ്ദ തന്ത്രങ്ങളെ എതിര്‍ക്കാറുണ്ടെന്ന് റോയിട്ടേഴ്‌സിന്റെ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Hamas partially accepts Trump`s peace proposal for Israel-Hamas conflict, agreeing to prisoner release and governance changes. Key details and potential hurdles discussed.