ഒരു വര്‍ഷംമുന്നേ മരുമകന്‍ മുന്നോട്ടുവെച്ച ആശയം; സംശയനിഴലില്‍ ട്രംപിന്റെ ഗാസ പ്രഖ്യാപനം
19-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ പാരമ്പര്യത്തില്‍ ലോക ഭൂപടം പുനര്‍രൂപകല്‍പന ചെയ്യുന്നതിനെക്കുറിച്ചുള്ള ആശയങ്ങളാണ് രണ്ടാംതവണ അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് വാങ്ങുക, കാനഡ പിടിച്ചെടുക്കുക, പനാമ കനാല്‍ വീണ്ടെടുത്ത് ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുക. ഏറ്റവും ഒടുവിലായി പശ്ചിമേഷ്യയിലെ വിനാശകരമായ യുദ്ധമേഖലയായ ഗാസയെ ഏറ്റെടുക്കുമെന്നുള്ള പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്.
ഗാസയിലുള്ളവരെ അയല്‍രാജ്യങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ച ശേഷമുള്ള പുനര്‍നിര്‍മാണമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ പുനര്‍നിര്‍മാണത്തിന് ശേഷം ഗാസക്കാരെ അവിടേക്ക് തന്നെ തിരിച്ചെത്തിക്കുമോ എന്ന കാര്യത്തിലൊന്നും ട്രംപ് വിശദീകരണം നല്‍കിയിട്ടില്ല.
ട്രംപിന്റെ പ്രഖ്യാപനത്തെ നെതന്യാഹു ആവേശത്തോടെ പിന്താങ്ങിയെങ്കിലും യുഎസിന്റെ സഖ്യകക്ഷികളടക്കം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. താന്‍ ഇതുവരെ കേട്ടതില്‍ മികച്ച ആശയമെന്ന് വിശേഷിപ്പിച്ച നെതന്യാഹു ഇത് എല്ലാവര്‍ക്കും വ്യത്യസ്തമായ ഒരു ഭാവി സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്.
ട്രംപിന്റെ ഗാസ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തെ അമേരിക്കക്കാര്‍ക്ക് പോലും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം. വിചിത്രമായ പല അഭിപ്രായ പ്രകടനങ്ങളും നടത്തുന്നത് പതിവുള്ള ട്രംപിന്റെ ഗാസ പ്രഖ്യാപനത്തിലെ ഗൗരവം സംബന്ധിച്ചും ഊഹാപോഹങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റെന്തെങ്കിലും പദ്ധതികള്‍ മറച്ചുവെച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇതെന്ന് കരുതുന്നവരുമുണ്ട്. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളാണ് ഇതില്‍ പ്രധാനം. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പോലും ഗാസ ലക്ഷ്യമാക്കിയുള്ള ട്രംപിന്റെ ആശയത്തെ സംശയത്തോടെയാണ് കാണുന്നത്.
അത്തരമൊരു സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നതിന് പ്രധാന കാരണം, ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആശയം അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ ഒരുവര്‍ഷം മുമ്പ് അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ്. പശ്ചിമേഷ്യ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ ഇക്വിറ്റി സ്ഥാപനം പ്രവര്‍ത്തിക്കുന്നുമുണ്ട്.ഒന്നാം ട്രംപ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച 2020-ലെ പശ്ചിമേഷ്യയിലെ സമാധാന പദ്ധതിയുടെ ആസൂത്രകന്‍കൂടിയായിരുന്നു കുഷ്‌നെര്‍. പലതരത്തിലുള്ള നിക്ഷേപ സാധ്യത പ്രതീക്ഷിച്ചിരുന്ന പദ്ധതി പലരീതിഎതിര്‍പ്പുകളെ തുടര്‍ന്ന് നടക്കാതെ പോകുകയും ചെയ്തു.
അത്തരമൊരു ആശയത്തിന്റെ തുടര്‍ച്ചയെന്നോണമാണ് വീണ്ടും അധികാരത്തിലേറിയപ്പോള്‍ ട്രംപ് കൂടുതല്‍ തീവ്രതയോടെ മുന്നോട്ട് വന്നിരിക്കുന്നത്. വംശീയ ഉന്മൂലനത്തിന് തുല്യമായി, ഗാസക്കാരെ അവരുടെ നാട്ടില്‍ തുടച്ചുനീക്കല്‍ പദ്ധതി.മിയാമിയെപ്പോലെ, ഗാസയ്ക്ക് വളരെ മൂല്യവത്തായ' വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടി ഉണ്ട്. ഗാസക്കാരെ താത്കാലികമായെങ്കിലും അവിടെനിന്ന് മാറ്റിമാര്‍പ്പിച്ചാല്‍ അത് വിനോദസഞ്ചാരത്തിന്റെ ഒരു കേന്ദ്രമായി മാറ്റിയെടുക്കാമെന്നുമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നടന്ന ഒരു അഭിമുഖത്തിന്റെ ട്രംപിന്റെ മരുമകന്‍ പറഞ്ഞത്.
പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കെ തന്നെ കഴിഞ്ഞ വര്‍ഷം സ്വകാര്യവും അല്ലാതെയുമുള്ള സംഭാഷണങ്ങളില്‍, ട്രംപ് ഗാസയുടെ കടല്‍ത്തീരത്തിന്റെ മൂല്യം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അവിടുത്തെ റിയല്‍എസ്റ്റ്റ്റ് സാധ്യകളെ സംബന്ധിച്ചും അദ്ദേഹം സൂചനകള്‍ നല്‍കിയിരുന്നു.
ഇറാഖ് അധിനിവേശത്തിലെ തിരിച്ചടികള്‍ ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്ര നിര്‍മാണങ്ങളില്‍ കടുത്ത വിമര്‍ശകനായിരുന്നു ട്രംപ് എന്നതും ശ്രദ്ധേയമാണ്. ഇറാഖിലും അഫ്ഗാനിലും അധിനിവേശത്തിനും മറ്റും അന്നത്തെ യുഎസ് സര്‍ക്കാരുകള്‍ പണം ചെലവാക്കുന്നതിനെതിരെ നിശിതവിമര്‍ശനം നടത്തിയിരുന്നു ട്രംപ്. ആ ട്രംപ് ആണ് ഇപ്പോള്‍ വന്‍തുക ചെലവും വലിയ സംഘര്‍ഷവും പ്രതീക്ഷിക്കേണ്ട ഗാസമുനമ്പ് ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാഖ് അധിനിവേശത്തിന് ശേഷം അമേരിക്കന്‍ വിദേശനയത്തിലെ ഏറ്റവും മോശമായ ആശയമാണിതെന്ന് യുഎസ് നയതന്ത്ര വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും നിര്‍ബന്ധിതമായി നീക്കം ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാകും. രണ്ട് ദശലക്ഷത്തോളം വരുന്ന പലസ്തീനികളെ ഗാസയില്‍നിന്ന് പുനരധിവസിപ്പിക്കുക എന്നത് യുഎസിന് സാമ്പത്തികവും സൈനികപരവുമായ കടുത്ത വെല്ലുവിളിയുമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഗാസയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തില്‍ യുഎസ് സഖ്യകക്ഷികളും റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും എതിര്‍പ്പറിയിച്ചതോടെ ട്രംപ് സര്‍ക്കാര്‍ ചെറിയ അയവ് വരുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത നയതന്ത്രജ്ഞനും അദ്ദേഹത്തിന്റെ പ്രധാന വക്താവും ഗാസയില്‍ നിന്ന് പലസ്തീനികളെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന ആശയത്തില്‍ നിന്ന് ബുധനാഴ്ച പിന്മാറി. ഗാസയില്‍നിന്ന് പലസ്തീനികളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കുമെന്നായിരുന്നു ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ഗാസക്കാരെ താത്കാലികമായി മാറ്റുക മാത്രമാണ് ചെയ്യുകയെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റും വ്യക്തമാക്കിയത്.
ഗാസയിലേക്ക് സൈനികരെ അയക്കുന്നത് സംബന്ധിച്ചും ട്രംപിന്റെ പിന്നീട് ഉദ്യോഗസ്ഥരും നടത്തിയ പ്രസ്താനകളില്‍ വൈരുദ്ധ്യമുണ്ട്. സൈനികരെ അയക്കുമോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് ട്രംപ് മറുപടി പറഞ്ഞപ്പോള്‍ സൈനിക ഇടപെടല്‍ സംബന്ധിച്ച് പ്രസിഡന്റ് ഒന്നും പറഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി വ്യക്തമാക്കിയത്.
Content Highlights: Trump And Kushner Gaza Redevelopment Proposal Sparks Outrage And Doubts