ബംഗാളിൽ ‘പടനയിച്ചവൻ’ മുഖ്യമന്ത്രി; ദീദിയെ വീഴ്ത്തിയ സുവേന്ദുവിന് ബിജെപിയുടെ സമ്മാനം
മമതാ ബാനർജിയെ മുൻ മുഖ്യമന്ത്രിയാക്കിയേ അടങ്ങൂ എന്ന ശപഥം അയാൾ പാലിച്ചു. പകരം ബിജെപി നൽകിയത് മുഖ്യമന്ത്രി സ്ഥാനം. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പശ്ചിമബംഗാളിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറുമ്പോൾ സർക്കാറിനെ സുവേന്ദു അധികാരി നയിക്കും. ബംഗാളിൽ ബി.ജെ.പി. സംഘടന കരുപ്പിടിപ്പിച്ചവരിൽ ഒരാളായ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യയും 2019ലെ ലോക് സഭാ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ദിലീപ് ഘോഷും ഒക്കെയുണ്ടെങ്കിലും ഇത്തവണത്തെ പ്രചാരണരംഗത്ത് അവരൊക്കെ സഹനടൻമാരുടെ റോളിലായിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാൽ പിന്നത്തെ സ്ഥാനം പ്രതിപക്ഷനേതാവായ സുവേന്ദുവിനു തന്നെ.
ആരാണ് സുവേന്ദു അധികാരി?
1970 ൽ കിഴക്കൻ മിഡ്‌നാപൂരിലെ കാന്തിയിലുള്ള ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിലായിരുന്നു സുവേന്ദുവിന്റെ ജനനം. പിതാവ് ശിശിർ അധികാരി ആദ്യം കോൺഗ്രസിന്റെയും പിന്നീട് തൃണമൂൽ കോൺഗ്രസിന്റെയും മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായിരുന്നു. സഹോദരൻ ദിബ്യന്ദു ഈ തിരഞ്ഞെടുപ്പിൽ ജയിച്ചു. മറ്റൊരു സഹോദരൻ സൗമ്യേന്ദു കാന്ഥി നഗരസഭയുടെ അധ്യക്ഷനാണ്.
വിദ്യാസാഗർ സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം. നേതാജി സുഭാഷ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം. 1995-ൽ കോൺഗ്രസ് ടിക്കറ്റിൽ കാന്തി മുനിസിപ്പാലിറ്റി കൗൺസിലറായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
1998-ൽ മമതാ ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സുവേന്ദുവും കുടുംബവും പാർട്ടിയിൽ ചേർന്നു. 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരമാണ് അദ്ദേഹത്തെ ഒരു സംസ്ഥാന തലത്തിലുള്ള നേതാവാക്കി മാറ്റിയത്. ബംഗാളിലെ 34 വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിക്കാൻ ഈ സമരം നിർണ്ണായകമായി. പിന്നീട് 2009-ലും 2014-ലും അദ്ദേഹം ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി മമത മന്ത്രിസഭയിൽ ഗതാഗത-ജലസേചന വകുപ്പ് മന്ത്രിയായി. അക്കാലത്ത് മമതയുടെ ഏറ്റവും വിശ്വസ്തനായ 'വലങ്കൈ' ആയിരുന്നു സുവേന്ദു.
ഇതിനിടെ പാർട്ടിയിൽ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിക്കുണ്ടായ വളർച്ചയും പ്രാധാന്യവും സുവേന്ദുവിനെ അതൃപ്തനാക്കി. പാർട്ടിക്കുവേണ്ടി താഴെത്തട്ടിൽ കഷ്ടപ്പെട്ട തന്നെ അവഗണിച്ച് കുടുംബത്തിന് മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിന്നാലെ 2020 ഡിസംബറിൽ തൃണമൂൽ വിട്ട് അദ്ദേഹം ബിജെപിയിൽ ചേർന്നു. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതാ ബാനർജിക്കെതിരെ മത്സരിച്ച് 1,956 വോട്ടുകൾക്ക് മമതയെ പരാജയപ്പെടുത്തി. 2021 മുതൽ നിയമസഭയിൽ ബിജെപിയുടെ ശക്തമായ മുഖവും പ്രതിപക്ഷ നേതാവുമായി സുവേന്ദു.
അഗ്രസീവ് ആയ പ്രസംഗ ശൈലിയും താഴെത്തട്ടിലുള്ള സംഘടനാ സ്വാധീനവും സുവേന്ദുവിനെ ബിജെപിയുടെ ബംഗാളിലെ കരുത്തനായ നേതാവാക്കി മാറ്റി. എതിരാളികളോട് "കണ്ണിന് കണ്ണ് പല്ലിന് പല്ല്" എന്നതാണ് ശൈലി. അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങൾ അണികളെ ആവേശഭരിതമാക്കി. ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം പ്രാദേശിക വിഷയങ്ങളും ഉയർത്തിക്കാട്ടുന്നതായിരുന്നു സുവേന്ദുവിന്റെ പ്രവർത്തന രീതി. തൃണമൂൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ആഴത്തിലുള്ള അറിവ് ബിജെപിക്ക് വലിയ മുതൽക്കൂട്ടായി. താൻ ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന അദ്ദേഹത്തിന്റെ പരസ്യമായ നിലപാട് വിയോജിപ്പുകൾക്കും വഴിയൊരുക്കി. പാർട്ടിക്കൊപ്പം നിൽക്കുന്നവർക്ക് വേണ്ടി മാത്രം നിലകൊള്ളുക എന്ന നിലപാടാണ് അദ്ദേഹം അടുത്തിടെ സ്വീകരിച്ചത്. "എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം"എന്ന നയത്തിന് പകരം പാർട്ടിക്കൊപ്പം നിൽക്കുന്നവർക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം പാർട്ടി യോഗങ്ങളിൽ ആഹ്വാനം ചെയ്തത്.
എന്തായാലും ഈ തിരഞ്ഞെടുപ്പിൽ മമതയുടെ കോട്ടയായ ഭവാനിപൂരിൽ അവരെ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം വലിയ രാഷ്ട്രീയ അട്ടിമറി നടത്തി. തിരഞ്ഞെടുപ്പിൽ 293 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബിജെപിയെ വൻ വിജയത്തിലേക്ക് നയിച്ച സുവേന്ദു അധികാരി, ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശനിയാഴ്ച കൊൽക്കത്തയിൽ നടക്കുന്ന ചടങ്ങിൽ പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേൽക്കും. മമതയുടെ ഉദയത്തിന് സഹായിച്ച അതേ സുവേന്ദു തന്നെ അവരുടെ ഭരണത്തിന് അന്ത്യം കുറിച്ചു എന്നത് രാഷ്ട്രീയത്തിലെ കാവ്യനീതിയായി
Content Highlights: Suvendu Adhikari appointed as West Bengal's first BJP Chief Minister. BJP wins 207 out of 293 seats, ending 15 years of TMC governance. Adhikari secured a major victory by defeating Mamata Banerjee in Bhabanipur. His leadership transition from TMC to BJP proved pivotal for the party's success., Official swearing-in ceremony scheduled for Saturday in Kolkata.