'സെക്ടർ 36'-ന് പിന്നിലെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങള്‍: ഇന്നും ചുരുളഴിയാത്ത നിഥാരി കൊലപാതകങ്ങളുടെ കഥ
ഡൽഹിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ, നോയിഡ നഗരത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നിഥാരി. ഈ പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആദ്യമെത്തുക ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങിയ കുട്ടികളടക്കമുള്ള മനുഷ്യരുടെ മുഖമാണ്. കുപ്രസിദ്ധമായ ആ കൊലപാതകങ്ങൾ നിഥാരി എന്ന നഗരത്തിന് മറ്റൊരു മുഖം നൽകിയിരിക്കുന്നു. എന്തായിരുന്നു നോയിഡയെ നടുക്കിയ നിഥാരി കൊലപാതക പരമ്പര? നിഥാരി കൊലപാതകങ്ങൾ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് ഒറിജിനൽസ് 2024-ൽ പുറത്തിറക്കിയ ചിത്രമാണ് 'സെക്ടർ 36'. ഈ സിനിമയുടെ യഥാർത്ഥ സംഭവത്തിലേക്ക് നമുക്കൊരു യാത്ര നടത്താം.
ഉത്തർപ്രദേശിൻ്റെ പടിഞ്ഞാറ്, ഡൽഹിയുമായി അതിർത്തി പങ്കിടുന്ന നോയിഡയിലെ ഒരു ഗ്രാമമാണ് നിഥാരി. നോയിഡയിലെ സമ്പന്നർ പാർക്കുന്ന സെക്ഷൻ 31 എന്ന പോഷ് ഏരിയയിലെ ഡി 5 ഖോട്ടി. സമ്പന്നരുടെ ഖോട്ടികൾക്ക് മറുവശത്തായി ദിവസക്കൂലിക്കാരായ അതിഥി തൊഴിലാളികൾ കുടിൽകെട്ടി പാർത്തിരുന്നു. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിപ്പാർക്കുന്നവരാണ് ഈ പ്രദേശത്ത് പ്രധാനമായും താമസിച്ചിരുന്നത്.
2004 കാലഘട്ടം, പാവപ്പെട്ട അതിഥിത്തൊഴിലാളികളുടെ കുട്ടികളെ കാണാതാവുന്നത് അക്കാലത്ത് ഗ്രാമത്തിൽ പതിവാകുന്നു. പത്തുവയസ്സില്‍ താഴെയായിരുന്നു കാണാതായവരിൽ ഭൂരിഭാഗം പേരുടെയും പ്രായം. കുട്ടികളുടെ തിരോധാനം സംബന്ധിച്ച് അച്ഛനമ്മമാര്‍ പരാതിപ്പെട്ടിട്ടും പോലീസിന്റെ ഭാഗത്തു നിന്നും നിസ്സംഗമായ പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. എഫ്‌ഐആര്‍ ഇടാനോ അന്വേഷണം നടത്താനോ പോലീസ് യാതൊരുവിധ ഇടപെടലുകൾ നടത്തിയില്ലെന്നു മാത്രമല്ല, കേസിന്റെ പുരോഗതി തിരക്കി ചെല്ലുന്നവരെ അപമാനിച്ചുവിടുന്നതും അന്ന് പതിവായിരുന്നു. തിരോധനങ്ങൾക്ക് പിന്നിൽ ഭൂതങ്ങളും പ്രേതങ്ങളുമായിരിക്കാമെന്ന വിശ്വാസം കൂടി പല കഥകളിലൂടെ പ്രചരിച്ചതോടെ കാണാതായവരെ തേടി പോകാൻ നാട്ടുകാരും തയ്യാറായില്ല.
എന്നാൽ പോലീസും നാട്ടുകാരും ഈ നിസ്സംഗതയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. 2005 ജൂലൈ 20 ന് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി മുതിര്‍ന്ന കുട്ടിയെ കാണാതാവുന്നു. റിംപ ഹല്‍ദാർ എന്ന പതിനാലു വയസ്സുകാരി. സ്കൂളിൽ പോയ മകൾ തിരിച്ചെത്താത്തതിനെത്തുടർന്ന് അവളുടെ അച്ഛൻ സെക്ടര്‍ 20 പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നു. എന്നാല്‍ പോലീസ് അതുവരെ തുടര്‍ന്നുപോന്ന അലംഭാവം ഇതിലും ആവര്‍ത്തിക്കുകയാണുണ്ടായത്. ഒന്നും സംഭവിക്കാതെ ആ പരാതിയും വഴിമുട്ടി നിന്നു.
പിന്നീട്, ഒരു വർഷത്തിന് ശേഷം, 2006 മെയ് 07 ന് പായൽ എന്ന ഇരുപത്തിരണ്ടുകാരി ഡി 5 ഖോട്ടിയുടെ മുന്നിൽ വൈകുന്നേരത്തോടെ ഒരു റിക്ഷയിൽ വന്നിറങ്ങി. ഓട്ടോക്കാരനെ പുറത്തുനിറുത്തി വീടിനകത്തേക്ക് കയറിപ്പോയ പായൽ പിന്നീട് തിരിച്ച് വന്നില്ല. കാത്തുനിന്ന് അക്ഷമനായ ഓട്ടോ ഡ്രൈവർ അവളെ അന്വേഷിച്ചുവെങ്കിലും, അങ്ങനൊരു പെൺകുട്ടി അവിടെ വന്നിട്ടില്ലെന്ന് പറഞ്ഞ് ആ വീട്ടിലെ ജോലിക്കാരൻ കതകടച്ചു.
ജോലിക്കാരൻ പറഞ്ഞത് വിശ്വാസത്തിലെടുത്തില്ലെങ്കിലും ഡ്രൈവര്‍ മറ്റുവഴികളില്ലാത്തതിനാല്‍ വണ്ടിയുമായി സ്ഥലം വിട്ടു. എന്നാല്‍ വൈകുന്നേരം വീടുവിട്ടിറങ്ങിയ മകള്‍ തിരിച്ചുവരാത്തതില്‍ ആശങ്കാകുലനായിരുന്നു പായലിന്റെ അച്ഛന്‍ നന്ദലാൽ. പിറ്റേന്നും മകൾ തിരിച്ചെത്താത്തതിനാൽ അയാൾ സെക്ഷൻ 20 പോലീസ് സ്റ്റേഷനിലെത്തുന്നു. അവിടെ അയാൾ പരാതി ബോധിപ്പിക്കുമ്പോൾ തീർത്തും നിർദയനായ എസ്എച്ച്ഒ നന്ദലാലിനെ പരിഹസിക്കുന്നു. കൗമാരക്കാരിയായ പെൺകുട്ടിയല്ലേ... ഒളിച്ചോടിയതായിരിക്കാമെന്ന് അവർ ആ അച്ഛനോട് പറഞ്ഞു. പ്രതീക്ഷയറ്റ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ നന്ദലാൽ പക്ഷെ പോയത് മറ്റു രക്ഷിതാക്കളെപ്പോലെ വീട്ടിലേക്കായിരുന്നില്ല. അയാൾ പോയത് ഗൗതംബുദ്ധ നഗർ സിജെഎം കോടതിയിലേക്കാണ്. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട നന്ദലാൽ അവിടെ ഒരു അന്യായം ഫയൽ ചെയ്യുന്നു. അതിനുപുറമെ പോലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി അയാൾ സമർപ്പിച്ച പരാതിയിൽ കോടതി നടപടിയെടുക്കുന്നു. കോടതി ശകാരം കിട്ടിയതോടെ, പായലിന്റെ കേസ് സംബന്ധിച്ച് പോലീസ് അന്വേഷണത്തിൽ വേഗത കൈവന്നു.
പായലിനെ അവസാനമായി കണ്ടുവെന്ന് പറയപ്പെടുന്ന സെക്ടർ 31-ലെ ഡി 5 ഖോട്ടിയിലേക്കാണ് പോലീസ് അന്വേഷണം ആദ്യം എത്തിയത്. അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായ വീട് മൊണീന്ദർ സിംഗ് പാണ്ഡെർ എന്ന ധനികനായ ഒരു വ്യവസായിയുടേതായിരുന്നു. അന്വേഷണം തന്നിലേക്ക് നീങ്ങുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ചോർന്ന് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മൊണീന്ദർ സിംഗ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ നടന്ന അന്വേഷണത്തിൽ മൊണീന്ദർ സിങിന്റെയും അയാളുടെ ജോലിക്കാരനായ സുരീന്ദർ കോലിയുടെയും വൈരുധ്യം നിറഞ്ഞ മൊഴികളുടെ അടിസ്ഥാനത്തിൽ ഇരുവർക്കും പായലിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തുന്നു.
അങ്ങനെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. അങ്ങനെയാണ് രാജ്യത്തെ കൊലപാതക ചരിത്രത്തിലെത്തന്നെ ഭീഭത്സമായ കൊലപാതകപരമ്പരയുടെ ചുരുളഴിയുന്നത്. കേട്ടിരിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ വെളിപ്പെടുത്താൻ തുടങ്ങിയത് കോലിയായിരുന്നു. കുട്ടികളും യുവതികളുമായ ഇരകളെ താൻ എങ്ങനെയാണ് തട്ടിക്കൊണ്ടുപോയതെന്നും അവരെ ലൈംഗികമായി പീഡിപ്പിച്ചതെന്നും, കൊലപ്പെടുത്തിയതും കോഹ്ലി തുറന്നുപറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കിയെന്നും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഓടയിൽ ഒഴുക്കിയെന്നും അയാൾ കുറ്റസമ്മതം നടത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഖോട്ടിയുടെ പിൻഭാഗത്തെ ഓടയിൽ നടത്തിയ തെരച്ചിലിൽ പോലീസ് കണ്ടെത്തിയത് 627 അസ്ഥികളായിരുന്നു. ഒന്നും രണ്ടുമല്ല 627 അസ്ഥികൾ.
മിട്ടായിയോ പലഹാരമോ വാഗ്ദാനം ചെയ്തായിരുന്നു സുരീന്ദർ കോഹ്ലി തന്റെ ഇരകളെ വീട്ടിലേക്ക് ക്ഷണിക്കാറുള്ളത്. ആ കൊച്ചുപ്രലോഭനങ്ങളിൽ ആ വീടിന്റെ ഗേറ്റ് കടന്ന കുട്ടികൾക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. കുട്ടികളെ ഭീഷണിപ്പെടുത്തിയും മർദിച്ചും അയാൾ അവരെ ലൈംഗികമായി ഉപദ്രവിച്ചു. ചിലരെ മരണാന്തരവും ഇച്ഛയ്ക്കായി ഉപയോഗപ്പെടുത്തിയെന്ന് അയാൾ കുറ്റസമ്മതം നടത്തി. ശവഭോഗം, നരഭോജനം എന്നിങ്ങനെ പോലീസിനെപ്പോലും അസ്വസ്ഥമാക്കുന്ന കോഹ്‌ലിയുടെ കുറ്റസമ്മതമൊഴികൾ അന്വേഷകരെയും പൊതുജനങ്ങളെയും ഒരുപോലെ ഭയപ്പെടുത്തി.
കൊല്ലാനും ശരീരഭാഗങ്ങൾ ഭക്ഷിക്കാനുമുള്ള അടക്കാനാവാത്ത ആഗ്രഹം... അതും പെൺകുട്ടികളുടെ...അത്, തന്നെ ഈ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചുവെന്ന് അയാൾ ഒരു കൂസലുമില്ലാതെ പറഞ്ഞു. ഇവർ പറയുന്നതെല്ലാം ശരിയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാവുക സ്വാഭാവികം. മൊഴിയുടെ അടിസ്ഥാനത്തിൽ കോലിയെയും പാണ്ഡെറിനെയും ബ്രെയിൻ മാപ്പിംഗ്, പോളിഗ്രാഫ് ടെസ്റ്റുകൾ, നാർക്കോ അനാലിസിസ് എന്നിവയ്ക്ക് വിധേയമാക്കി. 2009 ഫെബ്രുവരി 12-ന്, 2005-ൽ നടന്ന റിംപ ഹൽദാറിന്റെ കൊലപാതകത്തിന് ഗാസിയാബാദ് പ്രത്യേക കോടതി മൊണീന്ദർ സിംഗ് പാണ്ഡെറും സുരീന്ദർ കോലിയും കുറ്റക്കാരാണെന്ന് കണ്ടെത്തി. തൊട്ടടുത്ത ദിവസം, 2009 ഫെബ്രുവരി 13-ന്, "അപൂർവങ്ങളിൽ അപൂർവം" എന്ന് വിശേഷിപ്പിക്കപ്പെട്ട കേസിൽ ഇരുവർക്കും വധശിക്ഷ വിധിച്ചു. പിന്നീട് നടന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാവുന്ന സംഭവങ്ങളായിരുന്നു. സുരീന്ദർ കോഹ്‌ലിയുടെ മാനസികാവസ്ഥ ശരിയല്ലെന്നും മൊനീന്ദർ പാണ്ഡെറിന് കേസുമായി യാതൊരു പങ്കും ആരോപിക്കുന്ന തെളിവുകളില്ലെന്നും കോടതിയിൽ വാദം വരുന്നു. നീണ്ട 14 വർഷം കോടതിയിൽ തുടരുന്ന വാദങ്ങൾ.. അപ്പീലുകൾ.. ഒടുവിൽ 2023 ഒക്ടോബർ 16 ന് തെളിവുകളുടെ അഭാവത്തിൽ ഇരുവരേയും അലഹാബാദ് ഹൈക്കോടതി വെറുതെ വിടുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് സിബിഐ, ഉത്തർപ്രദേശ് സർക്കാർ, ഇരകളുടെ കുടുംബങ്ങൾ എന്നിവർ സമർപ്പിച്ച അപ്പീലുകൾ 2025 ജൂലൈ 31 ന് സുപ്രീം കോടതി തള്ളുകയും സുരീന്ദർ കോലിയെയും മോനീന്ദർ സിംഗ് പാണ്ഡെറിനെയും കുറ്റവിമുക്തരാക്കിയ വിധി ശരിവയ്ക്കുകയും ചെയ്തു.
ബോധായൻ റോയ്ചൗധരി തിരക്കഥയെഴുതി ആദിത്യ നിംബാൽക്കർ സംവിധാനം ചെയ്ത സെക്ടർ 36 നിതാരി സംഭവത്തെ ആധികാരികമായി അവതരിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ, എന്നു തന്നെയാണ് ഉത്തരം. അധികാരം, അഴിമതി, അശ്രദ്ധ എന്നിങ്ങനെ ഭരണതലത്തിലെ പോരായ്മകളും അങ്ങേയറ്റം ക്രൂരമായ മനുഷ്യ മനസ്സുകളെയും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. സിനിമയുടെ പശ്ചാത്തലം ക്രൂരമായ കൊലപാതകങ്ങളെ കേന്ദ്രീകരിച്ചായതുകൊണ്ടുതന്നെ പ്രേക്ഷകരെ ചിത്രം വേട്ടയാടുകതന്നെ ചെയ്യും. വിക്രാന്ത് മാസി, സുരീന്ദർ കോലിയുടെ പ്രേം സിംഗ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ റാം ചരൺ പാണ്ഡെയായി ദീപക് ദൊബ്രിയാൽ അഭിനയിക്കുന്നു. ദർശൻ ജരിവാല, ബഹാറുൾ ഇസ്ലാം എന്നിവരും സിനിമയിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കഥ മുന്നോട്ട് നീങ്ങുമ്പോഴും സിനിമയെ സംവിധായകൻ തന്റെ സ്വാതന്ത്രാവിഷ്കാരമാക്കി മാറ്റുന്നുണ്ട്. സിനിമയിലെ പ്രധാന വഴിത്തിരിവാകുന്ന പ്രേമിന്റെ കുറ്റസമ്മത മൊഴികൾ യഥാർഥത്തിൽ സംഭവിച്ച കഥയിൽ വ്യത്യസ്തമായിരുന്നു. സിനിമയിലെ കുറ്റവാളി പോലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകുന്നതായി കാണിക്കുമ്പോൾ യഥാർഥത്തിൽ സുരീന്ദർ കോഹ്‌ലിയുടെ മൊഴി രേഖപ്പെടുത്തൽ പോലീസിനെ വലയ്ക്കുന്നതായിരുന്നു. പലപ്പോഴും വൈരുധ്യം നിറഞ്ഞ മൊഴികൾ നൽകി അയാൾ പോലീസിനെ കുഴപ്പിക്കുകയായിരുന്നു . സിനിമയിലെ പ്രേം സിങ് കൊലപ്പെടുത്തിയവരുടെ അവയവങ്ങൾ മുറിച്ചുവിൽക്കുന്നതായും അതിന് പണം കൈപറ്റുന്നതും പലപ്പോഴായി കാണിക്കുന്നുണ്ട്.
എന്നാൽ യഥാർഥ സംഭവത്തിൽ ഇതിനെ സംബന്ധിക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിൽ പോലിസ് പാടെ പരാജയപ്പെടുകയായിരുന്നു. ഡി 5 ഖോട്ടിയിൽ നടന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും മൊനീന്ദർ സിങ് പാണ്ഡെരുടെ പങ്ക് നിഗൂഢമായി നിലനിർത്തുന്നതിലും സംവിധായകൻ വിജയിക്കുന്നുണ്ട്. സത്യം തെളിയിക്കപ്പെടാനുള്ള സാധ്യത സിനിമയിലുടനീളം സംവിധായകൻ തള്ളിക്കളയുന്നില്ല. കഥാപാത്രങ്ങളിൽ ചിലരുടെ മൊഴികളിലും, തെളിവുകളുടെ അവശേഷിപ്പിലും സംവിധായകൻ ആ സാധ്യത ഒളിപ്പിച്ചുവെക്കുന്നു. യഥാർഥ സംഭവത്തിൽ സത്യം ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുമ്പോഴും സിനിമയിലൂടെ പ്രേക്ഷകരെ ചിന്തിപ്പിക്കാനും ബന്ധിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
നിതാരി കൊലപാതകങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി തുടരുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും പൊതുവിശ്വാസത്തോടുള്ള കടുത്ത വഞ്ചനയുടെയും ഭയാനകമായ ഓർമ്മപ്പെടുത്തലായി. അതിന്റെ സിനിമാ ആവിഷ്കാരങ്ങൾ പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോഴും ഈ കഥ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
Content Highlights: life reel and real:sector 36, film based on the 2006 Noida serial murders in Nithari Village