Video| പാലക്കാട്ട് ആളുവില വോട്ടുവില; വോട്ടുകണക്കുകൾ കടുപ്പം, പ്രവചനാതീതം | Palakkad by-election 2024

ചാഞ്ഞും ചെരിഞ്ഞും മുന്നോട്ടുപോകുന്ന കോൺ​ഗ്രസ്സ്, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ ആത്മവിശ്വാസത്തിൽ ബിജെപി. രണ്ടിനുമിടയിൽ അകപ്പെട്ട് സിപിഎം. അടുത്ത കാലത്തായി ബിജെപി ഏറ്റവും സൂക്ഷ്മതയോടെ സമീപിക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിൽ, അതിനിടയിലാണ് ഒരു ഉപതിരഞ്ഞെടുപ്പ് വരുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തു തന്നെ തുടങ്ങിയതാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ. പലകാരണങ്ങളാൽ പാലക്കാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട് ഈ ഉപതിരഞ്ഞെടുപ്പിന്. കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചയാൾ റെക്കോർഡ് ഭൂരിപക്ഷം നേടുക, അങ്ങനെ ജയിച്ച സ്ഥാനാർഥിയുടെ പാർട്ടിക്ക് വോട്ടുവിഹിതം കുറയുക, ആഴത്തിൽ നോക്കിയാൽ ഇനിയുമുണ്ട് പാലക്കാടൻ വോട്ടു കണക്കുകൾ. വ്യക്തിപ്രഭാവമുള്ള ബിജെപി സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ കിട്ടുന്ന നാടാണ് പാലക്കാടെന്ന് അവിടത്തെ വോട്ടുചരിത്രം പരിശോധിച്ചാൽ അറിയാം. രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനം, കത്തുവിവാദം മുതൽ മറുകണ്ടം ചാടി മണിക്കൂറുകൾക്കുള്ളിൽ അപ്പുറത്ത് സ്ഥാനാർഥിയാവുന്നതുവരെ കൊണ്ടു ചെന്നെത്തിച്ചു കാര്യങ്ങൾ. ട്രോളി വിവാദം പോലുള്ളവയും അതിനിടെ നടന്നു. കടുത്ത കോൺ​ഗ്രസ് വിമർശകനായ സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് രാജിവെച്ച് ഇപ്പുറത്തെ പടയാളിയായതും നമ്മൾ കണ്ടു.  രാജ്യത്തെ കോൺ​ഗ്രസുകാർ കാത്തിരുന്ന പ്രിയങ്കാ ​ഗാന്ധിയുടെ പാർലമെന്ററി രാഷ്ട്രീയ പ്രവേശത്തിന് അരങ്ങൊരുങ്ങിയ വയനാട്ടിലില്ലാത്ത ആവേശമായിരുന്നു പാലക്കാട്ട്.

ബിജെപിക്ക് മുൻതൂക്കമുള്ള പാലക്കാട് ന​ഗരസഭയും ഇപ്പുറത്ത് കോൺ​ഗ്രസ് കോട്ടയായ പിരായിരി, സിപിഎമ്മിന് മുൻതൂക്കമുള്ള കണ്ണാടി, മാത്തൂർ പഞ്ചായത്തുകളുമാണ് വോട്ടിട്ടത്. വടകരവഴി ലോക്സഭയിലേക്ക് പോയെങ്കിലും എങ്ങും പോയിട്ടില്ലെന്ന പ്രതീതി ജനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിനൊപ്പം ഷാഫി പറമ്പിലുണ്ട്. പണ്ട് ഒ. രാജ​ഗോപാൽ നേമത്ത് തുറക്കുകയും കഴിഞ്ഞ തവണ ശിവൻകുട്ടി പൂട്ടുകയും ചെയ്ത ബിജെപി അക്കൗണ്ട് തൃശ്ശൂർ തരം​ഗത്തിൽ വീണ്ടും തുറക്കുമെന്ന് ആത്മവിശ്വാസം കൊള്ളുന്ന സി.കൃഷ്ണകുമാറും, അപ്പുറത്ത് പോയ ഡോക്ടർ പി.സരിനും പ്രചാരണ രം​ഗത്ത് ഒട്ടും പിന്നോട്ടല്ല. 

Content Highlights: Palakkad by-election analysis Video

Continue reading