പാകിസ്താൻ വീണ്ടും പട്ടാള ഭരണത്തിലേക്കോ? സെെനിക മേധാവിയുടെ വിദേശ പര്യടനങ്ങൾ സംശയ നിഴലിൽ
'നമ്മള്‍ വീഴുകയാണെങ്കില്‍, ലോകത്തിന്റെ പകുതിയും കൂടെ കൊണ്ട് പോകും' - ഇതാണ് പാക് സൈനിക മേധാവി അസീം മുനീറിന്റെ ഏറ്റവും പുതിയ ഭീഷണി. അതും അമേരിക്കന്‍ മണ്ണില്‍ വെച്ച്. മൂന്നാമതൊരു രാജ്യത്തിനെതിരെ അമേരിക്കന്‍ മണ്ണില്‍ നിന്ന് ഉയര്‍ന്ന ആദ്യത്തെ ആണവ ഭീഷണിയായിരുന്നു ഈ പരാമര്‍ശം. സിന്ധു നദിക്ക് കുറുകെ പാകിസ്താനിലേക്കുള്ള ജലപ്രവാഹത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള ഏത് നിര്‍മിതിയും നശിപ്പിക്കുമെന്നും അസീം മുനീർ പറഞ്ഞു.
അമേരിക്കന്‍ മണ്ണിലിരുന്ന് ഇത്തരമൊരു കൊലവിളി നടത്താന്‍ മുനീറിന് ലഭിക്കുന്ന ധൈര്യം എന്താണ്?. കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ലോകനേതാക്കളുമായി അസീം മുനീര്‍ നടത്തുന്ന സന്ദര്‍ശനങ്ങളും എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മറ്റൊരു സൈനിക അട്ടിമറിയാണോ പാകിസ്താനെ കാത്തിരിക്കുന്നത്. അതോ ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണോ ഈ പര്യടനത്തിലൂടെയും കൂടിക്കാഴ്ചയിലൂടെയും അസീം മുനീര്‍ ലക്ഷ്യമിടുന്നത്?.
ജനാധിപത്യഭരണകൂടങ്ങളേയും, സൈനിക ഭരണവും കണ്ട രാജ്യമാണ് പാകിസ്താന്‍. ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ അധികാര വടംവലി വീണ്ടും തുടങ്ങിയെന്നാണ് നിരീക്ഷകരുടെ പക്ഷം. അതും രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും തമ്മിൽ. അത് വീണ്ടും സൈനിക അട്ടിമറിയിലോ ഭരണമാറ്റത്തിലോ പാകിസ്താനെ കൊണ്ടുചെന്ന് എത്തിക്കുക എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.
രാജ്യത്തിന്റെ സൈനിക മേധാവിയായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നീക്കങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പാകിസ്താന്റെ ചരിത്രത്തിലെ അപൂര്‍വമായ ഒരു സ്ഥാനക്കയറ്റവും, അതിന് ശേഷമുള്ള വിപുലമായ അന്താരാഷ്ട്ര നയതന്ത്ര പര്യടനങ്ങളുമെല്ലാം ഒരു അട്ടിമറിക്ക് കോപ്പുകൂട്ടുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
ആരാണ് അസിം മുനീര്‍?
ജനറല്‍ അസിം മുനീര്‍, ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീര്‍, പാകിസ്താന്റെ സൈനിക മേധാവിയാണ്. തീവ്രമായ കാഴ്ചപ്പാട് ഉള്ളയാളായിട്ടാണ് അസീം മുനീറിനെ പാക് രാഷ്ട്രീയ നേതാക്കള്‍ തന്നെ വിശേഷിപ്പിക്കുന്നത്. പാകിസ്താന്‍ സൈന്യത്തിലെ എല്ലാ പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് അഥവാ ഐഎസ്‌ഐ, ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഇന്റലിജന്‍സ് (ഡിജി എംഐ), കോര്‍ കമാന്‍ഡര്‍ എന്നീ പദവികള്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സൈന്യത്തിലെ എല്ലാ വിഭാഗത്തിലും അസീം മുനീര്‍ സ്വീകാര്യനാണ്. എതിര്‍ ശബ്ദങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്നതിലും കുപ്രസിദ്ധനാണ് മുനീര്‍.
ഈ വര്‍ഷമാദ്യമാണ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. പാകിസ്താന്‍ ചരിത്രത്തില്‍ ഒരു സൈനിക മേധാവിക്ക് ഈ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ഇത് രണ്ടാമത്തെ മാത്രം സംഭവമാണ്. പിന്നീട് സ്വേച്ഛാധിപതിയായ പ്രസിഡന്റായി മാറിയ അയൂബ് ഖാന്‍ ആയിരുന്നു ഇത്തരത്തില്‍ ഫീല്‍ഡ് മാര്‍ഷലായ ആദ്യ വ്യക്തി.
Content Highlights: pakistan in the brim of another military coup asim munir explained