259 ജില്ലകളിൽ മോക് ഡ്രിൽ; എങ്ങനെ? എന്ത് ശ്രദ്ധിക്കണം

പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകര കേന്ദ്രങ്ങളിൽ, ഇന്ത്യ സൈനിക നടപടി സ്വീകരിച്ചതിന് പിന്നാലെ ബുധനാഴ്ച  അടിയന്തര സൈനികസാഹചര്യം നേരിടുന്നതിനാവശ്യമായ മോക്ഡ്രില്‍ നടക്കും.  രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രിൽ നടക്കുക. ഇതില്‍ 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍  ആണ് നടക്കുക. മോക് ഡ്രില്ലിനു മുന്നോടിയായി ഉത്തര്‍പ്രദേശ്, ജമ്മു-കശ്മീര്‍,പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റിഹേഴ്‌സല്‍ നടന്നിരുന്നു.

യുദ്ധം,പ്രകൃതി ദുരന്തം,ഭീകരാക്രമണം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന പരിശീലനമാണ് മോക് ഡ്രില്‍. അത്യാഹിത സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് പൊതുജനങ്ങളെ പരിശീലിപ്പിക്കുകയാണ്  മോക്ഡ്രിലിന്റെ ലക്ഷ്യം.യുദ്ധസാഹചര്യങ്ങളിൽ വ്യോമാക്രമണമുണ്ടായാൽ അത് നേരിടാനാവശ്യമായ പരിശീലനം, കൂട്ട ഒഴിപ്പിക്കല്‍ വേണ്ടിവന്നാൽ അത് എങ്ങനെ, ബങ്കര്‍ സുരക്ഷാ സംവിധാനം വിനിയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് സാധാരണ പരിശീലനം നൽകുക. വൈകിട്ട് നാലിനാണ് മോക്ഡ്രിൽ.

4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. ഈ കേൾക്കുന്നതാണ് അലേർട് സൈറൺ. സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടത്. കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാമെന്ന് നിർദേശിച്ചിട്ടുണ്ട്. 4.28 മുതൽ സുരക്ഷിതമാണ് എന്ന എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. ഈ ശബ്ദമാണ് സുരക്ഷിതമാണ് എന്ന് കാണിക്കുന്ന ശബ്ദം.സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടാണ് പ്രവർത്തിപ്പിക്കുക.

‌എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങിയാലുടന്‍ ഷെല്‍ട്ടറിലെത്തുന്നതിനുള്ള പരിശീലനമുണ്ടാവും. വ്യോമാക്രമണമുണ്ടായാല്‍ ജീവനാശം പരമാവധി കുറയ്ക്കാനാവശ്യമായ നിര്‍ണായക പ്രതിരോധനടപടികള്‍ക്കാണ്
പരിശീലനത്തില്‍ ഊന്നല്‍നല്‍കുന്നത്. ഡ്രില്ലിന്റെ ഭാഗമായി വൈകീട്ട് നാലിന് സൈറണ്‍ മുഴങ്ങുമ്പോള്‍ വീട്ടിലെയും പരിസരത്തെയും ലൈറ്റ് ഓഫാക്കണം. വീടുകളില്‍ വെളിച്ചം അത്യാവശ്യമെങ്കില്‍  കാര്‍ഡ്ബോര്‍ഡോ കര്‍ട്ടനോ ഉപയോഗിച്ച് ജനാല മറയ്ക്കണം

ജനാലകളുടെ സമീപം മൊബൈലോ പ്രകാശമുണ്ടാക്കുന്ന ഉപകരണങ്ങളോ പാടില്ല. ബാറ്ററി-സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കര്‍, റേഡിയോ എന്നിവ കരുതണം. ബ്ലാക്ക് ഔട്ട് വേളയില്‍ വീട്ടിലെ സുരക്ഷിതസ്ഥലത്തേക്കുമാറണം.

വ്യോമാക്രമണ സാധ്യതയുണ്ടെങ്കില്‍ ആദ്യം വിവരം ലഭിക്കുക വ്യോമസേനയ്ക്കാണ്. വ്യോമസേന വിവിധ കണ്‍ട്രോള്‍ റൂമുകളിലേക്ക് സന്ദേശം നല്‍കും.  ഇന്ത്യന്‍ വ്യോമസേനയുമായുള്ള ഹോട്ട്‌ലൈന്‍ ബന്ധം, റേഡിയോ ആശയവിനിമയ ബന്ധം തുടങ്ങിയവയും മോക് ഡ്രില്‍ സമയത്ത് പരിശോധിക്കും. യുദ്ധസാഹചര്യത്തില്‍ വ്യോമാക്രമണത്തിനു സാധ്യതയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ജാഗ്രത നല്‍കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും.

യുദ്ധകാലത്ത് സജ്ജമാക്കുന്ന ബങ്കറുകള്‍ രാജ്യത്ത് അപൂര്‍വമായതിനാല്‍ വിവിധ സബ്‌വേകളും ബേസ്‌മെന്റുകളും താത്കാലിക ഷെല്‍ട്ടറുകളാക്കി മാറ്റിയായിരിക്കും മോക്ഡ്രിൽ.
പോലീസ്, അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, ആശുപത്രികള്‍ എന്നിവയും സാധാരണപൗരരും തമ്മിലുള്ള ഏകോപനമുറപ്പാക്കുകയാണ്  മോക്ഡ്രില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

In Short:In Short:Following India’s cross-border strike on terror camps, a nationwide civil defence mock drill will be held to prepare citizens for emergencies such as air raids and natural disasters. Spanning 259 districts, the drill will simulate alert sirens, blackout protocols, and shelter movements. It aims to build public resilience and coordination among emergency services in case of wartime or terror scenarios.

Content Highlights: India mock drill after military strike Operation Sindoor