സാരിക്കും സ്നാക്സിനും കൂടി 3600 രൂപ!; ഗിന്നസ് റെക്കോഡിന്റെ മറവിൽ നടന്നത്‌ വൻ സാമ്പത്തിക തട്ടിപ്പോ?

വയനാട്ടില്‍നിന്ന് പ്രസിദ്ധീകരിച്ചുവരുന്ന കലാമാഗസിന്‍. ആറുവര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ചത് ആറുലക്കങ്ങള്‍ മാത്രം. ഇടയ്ക്ക് പ്രസിദ്ധീകരണം നിലച്ചു. റീബ്രാന്‍ഡിങ് നടത്തി തിരിച്ചുവരാനൊരുങ്ങുന്ന പ്രസാധകര്‍ കൊച്ചിയില്‍ ഒരുപരിപാടി സംഘടിപ്പിക്കുന്നു. വെറും പരിപാടിയല്ല, ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12,000-ത്തോളം നര്‍ത്തകരെ അണിനിരത്തി ഒരുമെഗാ നൃത്തപരിപാടി. പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയെ എം.എല്‍.എ. വേദിയില്‍നിന്ന് 15 അടിയോളം താഴ്ചയിലേക്ക് വീഴുന്നു. കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുന്നു. പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ പരമ്പര തന്നെ പുറത്ത് വരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമേ സാമ്പത്തിക തട്ടിപ്പും ആരോപിക്കപ്പെടുന്നു. സംഘാടകരുടെ വിശദീകരണങ്ങള്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ജനിപ്പിക്കുന്നു. ആട്, തേക്ക്, മാഞ്ചിയം, ഗിന്നസ് റെക്കോര്‍ഡ്... മലയാളി വിദഗ്ധമായി പറ്റിക്കപ്പെട്ട മറ്റൊരു തട്ടിപ്പായിരുന്നോ പരിപാടി എന്ന ചോദ്യമുയരുന്നു. ശരിക്കും എന്തായിരുന്നു മൃദംഗനാദം മെഗാനൃത്തപരിപാടി?

കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി. പരിപാടിയുടെ പേര് മൃദംഗനാദം. ഏറ്റവും കൂടുതല്‍പ്പേരെ പങ്കെടുപ്പിച്ചു മെഗാഭരതനാട്യം സംഘടിപ്പിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. വയനാട്ടില്‍നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച് ഇടയ്ക്ക് നിന്നുപോയ മൃദംഗവിഷന്‍ ആര്‍ട്ട് മാഗസിന്‍, പ്രീമിയമായി ഉയര്‍ത്തി റീബ്രാന്‍ഡ് ചെയ്യുന്നതിന്റെ പ്രമോഷനുവേണ്ടിയായിരുന്നു പരിപാടി എന്നാണ് സംഘാടകര്‍ പറയുന്നത്. ഏറെക്കാലമായി മലയാളം സിനിമകളില്‍നിന്ന് മാറി നില്‍ക്കുന്ന നടി ദിവ്യ ഉണ്ണിയായിരുന്നു പരിപാടിയുടെ ശ്രദ്ധേകേന്ദ്രം. 10,176 പേര്‍ പങ്കെടുത്ത ചെന്നൈയില്‍നടന്ന പരിപാടിയുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്.

ഏഴുവയസ്സുള്ള കുട്ടികള്‍ മുതലുള്ളവര്‍ മെഗാഭരതനാട്യത്തില്‍ പങ്കെടുത്തുവെന്നാണ് സംഘാടകരുടെ അവകാശവാദം. കേരളത്തിന് പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമടക്കം നര്‍ത്തകരെത്തിയത്രേ. എട്ടുമിനിറ്റ് നീണ്ടുനിന്ന ഗാനത്തിന് 12,000-ത്തോളം പേര്‍ നൃത്തംചെയ്യുന്നു. സ്റ്റേഡിയത്തിന്റെ നടുവില്‍ ദിവ്യ ഉണ്ണി, ചുറ്റും മറ്റ് നര്‍ത്തകര്‍. എല്ലാവര്‍ക്കും ഒരേ നിറത്തിലുള്ള വസ്ത്രം.

മന്ത്രി സജി ചെറിയാന്‍ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. സ്ഥലം എം.പി ഹൈബി ഈഡന്‍, എം.എല്‍.എ. ഉമാ തോമസ്, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരടക്കം ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥികള്‍. ഇതിനിടെയാണ് ദാരുണമായ അപകടം നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എം.എല്‍.എ. എത്തുന്നു. വേദിയിലെ മുന്‍നിരയിലെ കസേരയില്‍ ഇരുന്ന എം.എല്‍.എ, മാറിയിരിക്കാന്‍ എഴുന്നേല്‍ക്കുന്നു. നിലതെറ്റിയ എം.എല്‍.എ. വേദിയുടെ മുന്നിലെ റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുപോകുന്നു, താഴേക്ക് വീഴുന്നു. തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നു. ഗുരുതരപരിക്കേറ്റ എം.എല്‍.എയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഇപ്പോഴും ശ്രമം തുടരുകയാണ്.

അപകടത്തിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ പരമ്പര തന്നെയാണ് പുറത്തുവന്നത്. പരിപാടിയുടെ സംഘാടനത്തിലും സുരക്ഷയിലുമുണ്ടായ പിഴവിനെക്കുറിച്ചുള്ള വിവരങ്ങളാണ് ആദ്യം പുറത്തുവന്നത്. ഡിസംബര്‍ 29-ന് വൈകീട്ട് നടന്ന പരിപാടിയുടെ വേദി നിര്‍മാണം ആരംഭിച്ചത് തലേദിവസം ഉച്ചയ്ക്കുശേഷം. നിര്‍മാണം പൂര്‍ത്തിയായത് പുലര്‍ച്ചെ മൂന്നോടെ. ഭൂരിഭാഗം നിര്‍മാണവും രാത്രിയിലായിരുന്നു. ഗാലറിയിലെ ഒന്നാം നിലയിലെ കസേരകള്‍ക്കു മുകളില്‍ കമ്പികള്‍ ഉറപ്പിച്ച ശേഷം അതില്‍ പലക ഇട്ടായിരുന്നു സ്റ്റേജ് നിര്‍മാണം.

മന്ത്രിയുള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. അനുമതിയില്ലാത്ത സ്റ്റേജിലാണ് മന്ത്രിയും എ.ഡി.ജി.പി.യുമുള്‍പ്പൈടയുള്ളവര്‍ പരിപാടി കാണാന്‍ ഇരുന്നത്. ഉയരത്തില്‍ നിര്‍മിച്ച സ്റ്റേജില്‍ ഉറപ്പുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. അക്കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം. ഇത് രണ്ടുമുണ്ടായില്ല. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടു. ദുര്‍ബലമായ ക്യൂ ബാരിയേഴ്സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. സ്‌റ്റേജിന് ചെറിയ ചെരിവ് ഉണ്ടായിരുന്നതും അപകടസാധ്യത വര്‍ധിപ്പിച്ചു. വേദി നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതിയെടുത്തില്ലെന്ന് സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ ജി.സി.ഡി.എയും ആരോപിച്ചു.

സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സാമ്പത്തിക തിരിമറി ആരോപണങ്ങളും പുറത്തുവന്നു. ആദ്യം രംഗത്തെത്തിയത് കൊച്ചി നഗരസഭ. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് വിറ്റ പരിപാടിയുടെ വിനോദനികുതി അടച്ചിട്ടില്ലെന്നായിരുന്നു ആരോപണം. 149, 299 രൂപ നിരക്കിലായിരുന്നു ടിക്കറ്റ്. 35,000 പേര്‍ മെഗാ ഭരതനാട്യം പരിപാടി കാണാന്‍ എത്തിയെന്നായിരുന്നു ഏകദേശ കണക്ക്.

പിന്നാലെ, പരിപാടിയുടെ മറവില്‍ നടന്നത് വന്‍തട്ടിപ്പാണെന്ന ആരോപണവുമായി പങ്കെടുത്ത നര്‍ത്തകരുടെ രക്ഷിതാക്കള്‍ രംഗത്തെത്തി. സംഘാടകരുടെ പേരില്‍ വിശ്വാസവഞ്ചനക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പരിപാടിയില്‍ പങ്കെടുത്ത നര്‍ത്തകിമാരില്‍ ഒരാളുടെ അമ്മയായിരുന്നു പരാതിക്കാരി. മൃദംഗവിഷന്‍ പ്രൊപ്പ്രൈറ്റര്‍ എം. നിഗോഷ് കുമാര്‍, സി.ഇ.ഒ. എ. ഷമീര്‍, പൂര്‍ണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരേയായിരുന്നു കേസ്. കേരളത്തിന് ഗിന്നസ് റെക്കോഡ് ലഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാമെന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങി കബളിപ്പിച്ചു എന്നായിരുന്നു പരാതി.

പരിപാടിയുടെ പേരില്‍ പിരിച്ചത് കോടികളാണെന്ന വിവരം പുറത്തുവന്നു. രക്ഷിതാക്കള്‍ പറഞ്ഞ കണക്കുകളും സംഘാടകരുടെ വിശദീകരണവും തമ്മില്‍ വലിയ അന്തരമുണ്ടായി. കേരളം കണ്ടൊരു മറ്റൊരു തട്ടിപ്പുമാത്രമാണോ പരിപാടിയെന്ന സംശയമുയര്‍ത്തി. 550-ഓളം അധ്യാപകര്‍ വഴിയായിരുന്നു നര്‍ത്തകരെ കണ്ടെത്തിയത് എന്നായിരുന്നു സംഘാടകരുടെ വിശദീകരണം. ഓരോ നര്‍ത്തകരില്‍നിന്നും പിരിച്ചത് 3,600 രൂപയോളം. സാരിക്ക് മാത്രമായി 1600 രൂപ വാങ്ങിയെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. എന്നാല്‍, സംഘാടകര്‍ക്ക് തങ്ങള്‍ സാരി നല്‍കിയത് 390 രൂപയ്ക്കാണെന്ന വിശദീകരണവുമായി കല്യാണ്‍ സില്‍ക്‌സ് രംഗത്തെത്തി. സാരിക്ക് മാത്രമായി 1,600 രൂപവാങ്ങിയിട്ടില്ലെന്ന് സംഘാടകരും പറഞ്ഞു.

ജി.എസ്.ടി ഒഴികെ ഒരാളില്‍നിന്ന് 2900 രൂപയാണ് വാങ്ങിയത് എന്നാണ് സംഘാടകര്‍ പറയുന്നത്. സാരി, ലഘുഭക്ഷണം, രണ്ട് പാട്ടുകളും അതിന്റെ കോറിയോഗ്രാഫിയും അടങ്ങുന്ന സി.ഡി, നര്‍ത്തകര്‍ ഏത് അധ്യാപകര്‍ വഴിയാണോ വരുന്നത് അവര്‍ക്ക് 900 രൂപ ഗുരുദക്ഷിണ എന്നിങ്ങനെയാണ് മൃദംഗവിഷന്‍ അവതരിപ്പിക്കുന്ന കണക്ക്. ഇത് കൂടാതെ പല അധ്യാപകരും യാത്രാച്ചെലവായും താമസസൗകര്യത്തിനും ഭക്ഷണത്തിനും 2000 രൂപവരെ അധികം വാങ്ങിയിട്ടുണ്ട്. 3.56 കോടി രൂപ പിരിച്ചു എന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, ഈ കണക്കില്‍തന്നെ പ്രഥമദൃഷ്ട്യാ പൊരുത്തക്കേടുണ്ട്. പങ്കെടുത്ത നര്‍ത്തകരില്‍നിന്ന് പിരിച്ച തുകമാത്രം നാലുകോടിയോളം രൂപവരും. പരിപാടിക്ക് എത്തിയ നര്‍ത്തകര്‍ക്കൊപ്പം ഒരാള്‍ വന്നതായി കണക്കാക്കിയാല്‍ ടിക്കറ്റ് ഇനത്തില്‍ തന്നെ മൂന്നരക്കോടിയിലേറെ രൂപവരും. കുടുംബാംഗങ്ങളടക്കം നാലും അഞ്ചും പേരാണ് പലര്‍ക്കൊപ്പവും എത്തിയത്‌. അതിനാല്‍ ടിക്കറ്റ് വരുമാവും കൂടും. ഇതിനൊക്കെ പുറമെ പരസ്യങ്ങളില്‍നിന്നും വരുമാനം ലഭിച്ചിട്ടുണ്ടാവും.

3.10 കോടി രൂപ ചെലവായെന്നാണ് സംഘാടകര്‍ പറയുന്നത്. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറിയതായും മൃദംഗവിഷന്‍ പറയുന്നു. പരിപാടിയുടെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുകോടി രൂപയില്‍ കൂടുതലാണ് വരുമാനമെങ്കില്‍ ഓഡിറ്റ് വേണ്ടിവരും. രേഖകള്‍ സമര്‍പ്പിച്ച് നികുതി ഒടുക്കാന്‍ സംഘാടകര്‍ക്ക് ജൂലായ് വരെ സമയമുണ്ട്.

ഒരുപക്ഷേ ദൗര്‍ഭാഗ്യകരമായ ആ അപകടം നടന്നില്ലായിരുന്നെങ്കില്‍ മൃദംഗനാദം ഒരു വമ്പന്‍ പരിപാടിയായി ഘോഷിക്കപ്പെടുമായിരുന്നു. പോലീസെടുത്ത കേസില്‍ അന്വേഷണം തുടരുകയാണ്. പരിപാടിയെക്കുറിച്ച് വ്യക്തത വരേണ്ട ഒന്നിലേറെ കാര്യങ്ങളുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നിട്ടും ജി.സി.ഡി.എയുടെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തില്‍ ഇത്ര ഗുരുതരമായ നിയമലംഘനം എങ്ങനെ നടന്നു എന്ന ചോദ്യമാണ് പ്രധാനം. അങ്ങനെയെങ്കില്‍ സുരക്ഷാവീഴ്ചകള്‍ക്ക് സംഘാടകര്‍ മാത്രമാണോ ഉത്തരവാദികള്‍? നര്‍ത്തകരില്‍നിന്ന് സമാഹരിച്ച പണം മാത്രമാണോ സംഘാടകര്‍ ലക്ഷ്യംവെച്ചത്? അതോ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നോ? കാര്യമായ പശ്ചാത്തലമൊന്നുമില്ലാത്ത മൃദംഗവിഷന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ രാഷ്ട്രീയ- ഭരണതലങ്ങളില്‍നിന്ന് സഹായം ലഭിച്ചിരുന്നോ? ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആര്‍ക്ക് ലഭിക്കും എന്നതും ഒരു ചോദ്യമാണ്. ചുരുക്കത്തില്‍ ഒരു ഗിന്നസ് സര്‍ട്ടിഫിക്കറ്റ് എന്ന വാഗ്ദാനത്തിന്റെ മറവില്‍ നടന്ന വമ്പന്‍ തട്ടിപ്പായിരുന്നു പരിപാടി എന്ന കണ്ടെത്തല്‍ ഒടുവിലുണ്ടായാലും അത്ഭുതപ്പെടാനില്ല.

Content Highlights: Mega Bharatanatyam event aiming Guinness World Record, ends in MLA injury and fraud allegations