സിഖുകാർ സുരക്ഷാസേനയിൽ വേണ്ട!, പറ്റില്ലെന്ന് ഇന്ദിര, പിന്നെ സംഭവിച്ചത്
Are we secular ?
1984- സിഖ് കലാപവും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉറക്കംകെടുത്തിയ കാലം. പ്രധാനമന്ത്രിക്ക് നേരെ വധശ്രമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമായി ഐ.ബി മേധാവി ഇന്ദിരയുടെ ചേംബറിലെത്തി. വധഭീഷണി കണക്കാക്കി ഇന്ദിരയ്ക്ക് ചുറ്റുമള്ള സുരക്ഷാ ഉദ്യോഗസ്ഥരില്‍ സിക്കുകാര്‍ വേണ്ടെന്ന നിര്‍ദേശമായിരുന്നു അതില്‍. റിപ്പോര്‍ട്ട് നോക്കിയ ഇന്ദിര ഫയലില്‍ ഇങ്ങനെയെഴുതി are we secular ? മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയാണെങ്കില്‍ പിന്നെന്ത് മതേതരത്വമെന്ന ചോദ്യത്തിന് മുന്നില്‍ ആ ഓഫീസര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു- സെക്യുലറായ, സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെ പിടിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ മകള്‍ക്ക് അങ്ങനെയല്ലാതെ എന്തെഴുതാനാകും?
ഒരേസമയം ആരാധനയ്ക്കും കടുത്ത വിമര്‍ശനത്തിനും പാത്രമായ രാഷ്ട്രീയ നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. അച്ഛന്റെ നിഴലില്‍ സ്വന്തം പാതവെട്ടിയവര്‍. നെഹ്‌റുവിന്റെ മകള്‍ എന്നതിലപ്പുറം വളര്‍ന്ന രാഷ്ട്രീയവ്യക്തിത്വം. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി. അധികാര കേന്ദ്രീകരണവും കാര്‍ക്കശ്യവും മുഖമുദ്ര. സ്വദേശത്തും വിദേശത്തുമടക്കം ഉന്നത വിദ്യാഭ്യാസം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കറുത്ത പാടായ അടിയന്തരാവസ്ഥക്ക് കാരണക്കാരിയെന്ന ചീത്തപ്പേര് മരണം വരെ പിന്തുടര്‍ന്നെങ്കിലും ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാളായിരുന്നു ഇന്ദിരയെന്നതില്‍ തര്‍ക്കമുണ്ടാകില്ല
ഇന്ദിര- ബാല്യം
1919 നവംബര്‍ 17- ആനന്ദഭവനില്‍ ജവഹര്‍ലാല്‍ നെഹ്റുവിനും ഭാര്യയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മുത്തച്ഛന്‍ മോത്തിലാല്‍ അവളെ ഇന്ദിരയെന്ന് വിളിച്ചു. അമ്മ ഇന്ദ്രാണിയുടെ ഓര്‍മയ്ക്കായാണ് മോത്തിലാല്‍ ആ പേരിട്ടത്. എന്നാല്‍ മോത്തിലാല്‍ നെഹ്റുവിന്റെ ഭാര്യ അതായത് നെഹ്റുവിന്റെ അമ്മ സ്വരൂപറാണി കാത്തിരുന്നത് പക്ഷേ ഒരാണ്‍കുഞ്ഞിനായിരുന്നു. പെണ്‍കുഞ്ഞാണെന്നറിഞ്ഞ് നിരാശപ്പെട്ട അവരെനോക്കി ഇവള്‍ ആണ്‍കുട്ടികളേക്കാള്‍ മിടുക്കിയാവുമെന്ന് മോത്തിലാല്‍ പറഞ്ഞതായി ഇന്ദര്‍ മല്‍ഹോത്ര യുടെ 'ഇന്ദിരാഗാന്ധി: എ പേഴ്സ്സണല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ബയോഗ്രഫി' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ദിരാഗാന്ധിയും കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.അച്ഛനോളം ഇന്ദിരയില്‍ സ്വാധീനം ചെലുത്തിയവര്‍തന്നെയായിരുന്നു മുത്തച്ഛനും അമ്മയും
ഇന്ദിര- പ്രണയം
കമലയുടെ മരണശേഷമാണ് ഇന്ദിര പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്. അവിടെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഫിറോസ് ഗാന്ധിയുണ്ടെന്നതായിരുന്നു കാരണം. അമ്മയുടെ ശുശ്രൂഷാ വേളയില്‍ തനിക്കൊപ്പം നിന്നയാളോടുള്ള കടപ്പാട് സ്നേഹത്തിലേക്ക് വഴിമാറിയിരുന്നു. ഇംഗ്ലണ്ടില്‍ പക്ഷേ ഇന്ദിര പഠനം പൂര്‍ത്തിയാക്കിയില്ല. തിരിച്ച് നാട്ടിലേക്ക് കപ്പലേറുമ്പോള്‍ കൂടെ ഫിറോസുമുണ്ടായിരുന്നു.ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹത്തിന് നെഹ്രു പക്ഷേ ആദ്യം സമ്മതം മൂളിയിരുന്നില്ല. എ്ന്നാല്‍ ഇന്ദിരയുടെ സ്നേഹത്തിന് മുന്നില്‍ അദ്ദേഹം കീഴടങ്ങി
ഒരു പാഴ്‌സി യുവാവുമായുള്ള കശ്മീരി ബ്രാഹ്‌മണരായ നെഹ്‌റു കുടുംബത്തിന്റെ വിവാഹബത്തെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന കാലമായിരുന്നില്ല അത്. പക്ഷേ അപ്പോഴും ഇന്ദിരയുടെ രക്ഷയ്ക്കെത്തിയത് നെഹ്റുവായിരുന്നു 1942 മാര്‍ച്ച് 26ന് ഇന്ദിരയുടെയും ഫിറോസും ആനന്ദഭവനില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതരായി. ജയില്‍വാസത്തിനിടെ നെഹ്‌റു തന്നെ തുന്നിയെടുത്ത നൂലുപയോഗിച്ച് നെയ്ത പിങ്ക് സാരിയില്‍ ആഭരണങ്ങളും ആര്‍ഭാടവുമില്ലാതെ ഇരുവരും വിവാഹിതരായി.
ഇന്ദിര- കുടുംബം, രാഷ്ട്രീയം
1938ലാണ് ഇന്ദിര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെത്തുന്നത്. പ്രണയം വിവാഹത്തിലെത്തിലേക്ക് കടന്നപ്പോള്‍ പക്ഷേ ഇന്ദിരയ്ക്ക് കാലിടറി. രണ്ട് കുഞ്ഞുങ്ങള്‍- രാജീവ് രത്‌നയും സഞ്ജയ് ഗാന്ധിയും. ഇന്ദിരയില്‍ കുടുംബിനിയെ തേടിയ ഫിറോസിനും രാഷ്ട്രീയമേ കുടുംബമെന്ന് കരുതിയ ഇന്ദിരയ്ക്കും പരസ്പരം ഒത്തുപോകലെന്ന ആശയത്തേക്കാള്‍ സ്വന്തം വഴിയേ നടക്കലായിരുന്നു കുറച്ചുകൂടി എളുപ്പം. നെഹ്‌റു പ്രധാനമന്ത്രിയായതോടെ സഹായത്തിനായി അവര്‍ ഇന്ദിരയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. കുഞ്ഞുങ്ങള്‍ക്കൊപ്പം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെ തീന്‍മൂര്‍ത്തീ ഭവനിലേക്കവര്‍ ജീവിതം പറിച്ചു നട്ടു.
അസ്വാരസ്യങ്ങളുണ്ടായിരുന്നുവെങ്കിലും ഫിറോസുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചായിരുന്നില്ല ആ മാറ്റം. നെഹ്‌റുവിനൊപ്പം വിദേശയാത്രകളിലും ചര്‍ച്ചകളിലുമെല്ലാം അവര്‍ സജീവസാന്നിധ്യമായി. ശരിക്കും ഒരു അനൗദ്യോഗിക പേഴ്‌സണല്‍ സെക്രട്ടറി. നെഹ്‌റുവിനൊപ്പമുള്ള ആ കാലയളവാണ് അവരിലെ രാഷ്ട്രീയ ബോധ്യങ്ങളെ, ശരികളെ പരുവപ്പെടുത്തുന്നത്. 1959ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിര അച്ഛനൊപ്പം തിരക്കിലലിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വസതിയിലെത്തുന്ന വേളയില്‍പോലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതി ഫിറോസിനുണ്ടായിരുന്നു. ഒരിക്കല്‍ മല്‍ഹോത്രക്കെഴുതിയ കത്തില്‍ താന്‍ നെഹ്‌റുവിന്റെ വീട്ടിലേക്കുള്ള യാത്ര അവസാനിപ്പിച്ചതായി പോലും ഫിറോസ് എഴുതി. ഇന്ദിരയുമായുള്ള താളപ്പിഴകളും മറ്റുചില സംഭവവികാസങ്ങളും മികച്ച പാര്‍ലമെന്റേറിയനി്ല്‍ നിന്ന് ഫിറോസ് ഗാന്ധിയെ എത്തിച്ചത് മദ്യപാനത്തിലേക്കും പുകവലിയിലേക്കുമായിരുന്നു. 1960 സെപ്തംബറില്‍ ഹൃദ്രോഗംമൂലം ഫിറോസ് മരിക്കുമ്പോള്‍ കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയിലായിരുന്നു ഇന്ദിര. ഫിറോസിന്റെ മരണം അവരെ ഉലച്ചു കളഞ്ഞുവെന്ന് പിന്നീടൊരഭിമുഖത്തില്‍ അവര്‍ പറയുകയും ചെയ്തു.
1964ല്‍ നെഹ്രുവിന്റെ മരണശേഷം ലാല്‍ ബഹാദൂര്‍ശാസ്ത്രി പ്രധാനമന്ത്രിയായി. പക്ഷേ നെഹ്‌റു താമസിച്ചിരുന്ന തീന്‍മൂര്‍ത്തിഭവന്‍ പ്രധാനമന്ത്രിയുടെ വസതിയാക്കാന്‍ ഇന്ദിര സമ്മതിച്ചില്ല. അങ്ങനെയത് നെഹ്രു മ്യൂസിയമായി. ശാസ്ത്രി മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധി വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. രാജ്യത്ത് സാധാരണക്കാരന്റെ മാധ്യമമായി റേഡിയോ കടന്നുവന്നതും അക്കാലത്താണ്. പിന്നെ, ഇന്ത്യാ ചൈന യുദ്ധവും ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ മരണവും ഇന്ദിരയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ദൂരം കുറച്ചു. 66ല്‍ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി, പ്രഥമ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി അധികാരമേറ്റു. എന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഇന്ദിരയുടെ പാത അത്ര എളുപ്പമായിരുന്നില്ല.
ഇന്ദിരയെന്ന പ്രധാനമന്ത്രി
1966 ജനുവരി 24-ന് ലാല്‍ബഹാദുര്‍ ശാസ്ത്രിക്കുശേഷം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റു. കോണ്‍ഗ്രസ്സിനുള്ളില്‍ സിന്‍ഡിക്കേറ്റ് സംഘത്തിന് മൊറാര്‍ജി ദേശായിയോടുള്ള എതിര്‍പ്പാണ് വാസ്തവത്തില്‍ ഇന്ദിരയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. കാമരാജ് പ്രധാമന്ത്രിയാകണമെന്നായിരുന്നു എസ്.കെ. പാട്ടിലിന്റെ നിര്‍ദേശം. ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത താന്‍ പ്രധാനമന്ത്രിയാവാനില്ലെന്ന് കാമരാജ് ശഠിച്ചതോടെയാണ് ഫോക്കസ് ഇന്ദിരയിലേക്കാവുന്നത്. ഇന്ദിര തങ്ങളുടെ നിയന്ത്രണ ത്തില്‍ തുടരുമെന്ന കണക്കുകൂട്ടലും നെഹ്‌റുവിന്റെ മകള്‍ എന്നതിനപ്പുറം വളരാതെ പ്രധാനമന്ത്രിയായ ഇന്ദിര വന്‍പരാജയമാവുമെന്ന കണക്കുകൂട്ടലുമായിരുന്നു ഇതിന് പിന്നില്‍. അക്കാലത്ത് ഇന്ദിരയ്ക്കൊരു പരിഹാസപ്പേരും ചാര്‍ത്തപ്പെട്ടിരുന്നു. ഗൂംഗി ഗുഡിയ. നാട്ടുഭാഷയില്‍ പൊട്ടിക്കാളി എന്ന വിളിപ്പേരിനോട് അടുത്തു നില്‍ക്കുന്ന അത് ചാര്‍ത്തിക്കൊടുത്തത് റാം മനോഹര്‍ ലോഹ്യയായിരുന്നു.എന്നാല്‍ പിന്നീട് ലോകം കണ്ടത്, സകല വേലിക്കെട്ടുകളും, നിയന്ത്രണങ്ങളും ഭേദിച്ച് കോണ്‍ഗ്രസിലെ ഒറ്റമരമായി വളരുന്ന ഇന്ദിരയെയാണ്.
1967ലെ പൊതു തിരഞ്ഞെടുപ്പില്‍ 54 ശതമാനം സീറ്റുകളോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ തിരികെയെത്തിക്കാനും ഇന്ദിരാഗാന്ധിക്ക് സാധിച്ചു. പക്ഷേ, അപ്പോഴേക്കും ഇന്ദിര ഒരുവഴിക്കും പാര്‍ട്ടിയിലെ സിന്‍ഡിക്കേറ്റ് മറ്റൊരു വഴിക്കും നടന്നു തുടങ്ങിയിരുന്നു. സ്വതന്ത്ര ഇന്ത്യയ്ക്ക് 20 വയസ് പൂര്‍ത്തിയായ ആ കാലത്ത് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ സര്‍ക്കാരിനപ്പോഴും കഴിഞ്ഞിരുന്നില്ല.
വലതുസ്വഭാവം കാണിച്ച കോണ്‍ഗ്രസിലെ ഇടതുമനസായിരുന്നു ഇന്ദിര. അക്കൊല്ലത്തെ പ്രവര്‍ത്തകസമിതിയിലാണ് പത്തിന സോഷ്യലിസ്റ്റ് പരിപാടി ഇന്ദിര അവതരിപ്പിക്കുന്നത്. രാജ്യത്തെ 14 വന്‍കിട ബാങ്കുകളുടെ ദേശസാല്‍ക്കരണം, ഭൂപരിഷ്‌കരണം തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം രാജകുടുംബങ്ങള്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായങ്ങള്‍ ഇന്ദിര നിര്‍ത്തലാക്കി. ജനാധിപത്യരാജ്യത്ത് എല്ലാവരും തുല്യരാകുമ്പോള്‍ പാവങ്ങളുടെ നികുതിപ്പണം അങ്ങനെ ചെലവഴിക്കേണ്ടതില്ലെന്നായിരുന്നു ഇന്ദിരയുടെ മറുപടി. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ ഇന്ദിരയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് ശ്ക്തമായി. 1969 നവംബര്‍ 12ന് ഇന്ദിരയെ കോണ്‍ഗ്രസില്‍ നിന്ന് സിന്‍ഡിക്കേറ്റ് വിഭാഗം പുറത്താക്കി. ഇന്ദിര വേറെ പാര്‍ട്ടിയുണ്ടാക്കി. ലോക്സഭ പിരിച്ചുവിട്ട് ഇന്ദിരവീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടു.
ഇന്ദിരഹഠാവോ..അതായിരുന്നു സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസും ജനസംഘവുമടങ്ങുന്ന എതിര്‍സംഘത്തിന്റെ മുദ്രാവാക്യം. പക്ഷേ, ദാരിദ്ര്യത്തില്‍ കൂപ്പുകുത്തിയ ജനതയ്ക്ക് മുന്നില്‍ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവുമായിരുന്നു ഇന്ദിര മുന്നോട്ട് വെച്ചത്. ഇന്ദിര വന്‍ ഭൂരിപക്ഷം നേടി. തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ വലുതായിരുന്നു 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ഇന്ദിരയുടെ ധീരനിലപാടുകള്‍. യുദ്ധവിജയത്തോടെ ഗൂംഗി ഗുഡിയയില്‍ നിന്ന് ഇന്ദിര ആധുനിക ഇന്ത്യയുടെ ദുര്‍ഗയെന്ന പേരിലേക്ക് അവരോധിക്കപ്പെട്ടു. യുദ്ധവിജയം അവകാശപ്പെടാമെങ്കിലും യുദ്ധച്ചെലവ് രാജ്യത്തിന്റെ നടുവൊടിച്ചു. വിലക്കയറ്റം,തൊഴിലില്ലായ്മ, ദാരിദ്ര്യം, അഴിമതി എന്നിവ ഇന്ദിരയിലെ ജനപ്രീതിക്കും മങ്ങലേല്‍പിച്ചു. പിന്നാലെയെത്തിയ അടിയന്താരാവസ്ഥ നല്‍കിയ രക്തക്കറ ഇന്ദിരാഗാന്ധിയുടെ കയ്യില്‍ പറ്റിപ്പിടിച്ചു തന്നെ കിടന്നു.
ഇന്ദിര 1975- 1977
അന്നും ഇന്നും ഇന്ദിരയെന്ന നേതാവിനെ വാഴ്ത്തുന്നവര്‍ക്കുള്ള മറുപടിയാണ് അടിയന്തരാവസ്ഥ. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അന്നവരെടുത്ത ആ ഒറ്റ തീരുമാനം രാജ്യത്തെ കറുത്തപാടായി. ആ ഒരൊറ്റ പാട് ഇന്ദിരയിലെ നല്ല നേതാവിനെ, ബാങ്ക് ദേശസാത്കരണമടക്കമുള്ള നല്ല തീരുമാനങ്ങളെയെല്ലാം മറയ്ക്കാന്‍ പോന്നതായി. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ ജനത ഇന്ദിരയെ തിരസ്‌കരിച്ചു. രക്തം കുടിക്കുന്ന കാളിയാണ് ഇന്ദിരയെന്ന് വിധിയെഴുതി. ജീവിതത്തില്‍ ഇന്ദിര ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട ദിവസങ്ങള്‍ കൂടിയായിരുന്നു അത്. പക്ഷേ, ഇന്ത്യന്‍ ജനത ഇന്ദിരയെ തിരിച്ചുകൊണ്ടുവന്നു.
1984 ഒക്ടോബര്‍ 31
ഇന്ദിരാഗാന്ധിയെ സംബന്ധിച്ച് പതിവ് ദിനം. നേരത്തേ നിശ്ചയിച്ച അഭിമുഖത്തിനായി ബ്രിട്ടീഷ് നാടകകൃത്ത് പീറ്റര്‍ ഉസ്തിനോവിന്റെ ടെലിവിഷന്‍ സംഘം പ്രധാനമന്ത്രിയുടെ ഓഫീസ് കോംപൗണ്ടിലെ പുല്‍ത്തകിടിയില്‍ ഇന്ദിരയുടെ വരവും കാത്തിരിപ്പുണ്ട്. ഡല്‍ഹിയില്‍ സഫ്ദര്‍ജങ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍നിന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്ന അക്ബര്‍ റോഡിലേക്കവര്‍ നടക്കാനിറങ്ങി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഖലിസ്താന്‍ തീവ്രവാദവും കാരണം ഇന്ദിരയുടെ ജീവന് ഭീക്ഷണിയുണ്ടായിരുന്ന കാലമായതുകൊണ്ട് ബ്ലൗസിനുള്ളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാതെ അവര്‍ പുറത്തിറങ്ങുമായിരുന്നില്ല. പക്ഷേ, അഭിമുഖമായതിനാല്‍ അന്നവരത് ധരിച്ചിരുന്നില്ല
വീടിനുള്ളില് നിന്നിറങ്ങി ഇന്ദിര വിക്കറ്റ് ഗേറ്റിനടുത്തെത്തി. അവിടെ സബ് ഇന്‌സ്‌പെക്ടര്‍ ബിയാന്ത്‌സിങ് നില്പുണ്ടായിരുന്നു. കഴിഞ്ഞ ഒന്‍പത് കൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്തിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. പക്ഷേ മറുപടിയായി ബിയാന്ത് ഇന്ദിരയുടെ ഉദരം നോക്കി നിറയൊഴിച്ചു. ഇന്ദിര നിലത്തുവീണതും സത്വന്ത് സിങ് എന്ന കോണ്സ്റ്റബിള്‍ തന്റെ സ്‌റ്റൈണ്‍ഗണ്ണില്‍ നിന്ന് ഇന്ദിരയുടെ നേര്‍ക്ക് വെടിയുണ്ടകള്‍ തുരുത്തുരാ ഉതിര്‍ത്തു. പതിനാറ് വെടിയുണ്ടകളാണ് ആ ദുര്‍ബലശരീരത്തില്‍ തുളഞ്ഞ് കയറിയത്.
ഇന്ദിരയെ അവസാനിപ്പിച്ചു എന്ന് ബോധ്യമായപ്പോള്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ബിയാന്ത് സിങ് പറഞ്ഞു. 'ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ക്ക് ചെയ്യേണ്ടത് നിങ്ങള്‍ക്ക് ചെയ്യാം.' ഓപ്പറേഷന്‍ ബ്ലൂസ്റ്റാറെന്ന പേരില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ അയച്ചതിനുള്ള പ്രതികാരം. 1917 നവംബര്‍ 19 നു തുടങ്ങിയ സംഭവബഹുലമായ ജീവിതത്തിന് 67 വര്‍ഷങ്ങള്‍ക്ക് ശേഷം അന്ത്യം കുറിച്ചിരിക്കുന്നു.
വീടിന് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കിയപ്പോള്‍ ഇന്ദിര പറഞ്ഞ ഒരു വാചകമുണ്ട്. 'ഒന്നുകൊണ്ടും കാര്യമില്ല. എന്റെ കൊലയാളികള്‍ വരുമ്പോള്‍ എന്നെ രക്ഷിക്കാനുള്ളവരായിരിക്കും ആദ്യം ഓടിപ്പോവുക.' 1984 ഒക്ടോബര് 31 ന് ഇന്ദിര വെടിയേറ്റു വീണപ്പോള്‍ പിന്നിലായുണ്ടായിരുന്ന സുരക്ഷാ സൈനികരില്‍ പലരും ആദ്യംചെയ്തതും ഓടിരക്ഷപ്പെടലായിരുന്നു.
ഇന്ദിര- വ്യക്തി, നേതാവ്
ഇന്ദിര കൊല്ലപ്പെടുന്നതിന് തൊട്ടുതലേദിവസം അവര്‍ ഒഡിഷയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു. പൊതുവേ പേഴ്സണല്‍ സ്റ്റാഫിലെ മീഡിയ സെക്രട്ടറി എഴുതിത്തയ്യാറാക്കി നല്‍കുന്ന പ്രസംഗം വായിക്കുന്നതായിരുന്നു ഇന്ദിരയുടെ ശീലമെങ്കില്‍ ആ പ്രസംഗത്തില്‍ അവര്‍ കത്തിക്കയറി. ജീവിതാവസാനം വരെ താന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും തന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിനായി സമര്‍പ്പിക്കുന്നുവെന്നും പ്രസംഗത്തിനിടെ അവര്‍ പറഞ്ഞു. പറഞ്ഞ് നേരത്തോട് നേരം പുലരും മുന്‍പ് വിധി ആവര്‍ത്തിക്കപ്പെട്ടു.
ലളിത ജീവിതവും ആഴത്തിലുള്ള കാഴ്ചപ്പാടുകളും ഇന്ദിരാഗാന്ധിയിലെ വ്യക്തിത്വത്തിന് തിളക്കം കൂട്ടി.നല്ലൊരു പരിസ്ഥിതി സ്നേഹി കൂടിയായിരുന്നു ഇന്ദിരാഗാന്ധി .അടിയന്തരാവസ്ഥക്കാലത്ത് പോലും പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കാന്‍ അവര്‍ മടിച്ചില്ല..സൈലന്റ് വാലിയെ സൈലന്റ് വാലിയായി തന്നെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇന്ദിരാഗാന്ധിയാണ്.അണക്കെട്ട് പദ്ധതിക്കെതിരെ നിലപാടുകള്‍ കടുപ്പിച്ച ഇന്ദിരാഗാന്ധി ഇതേക്കുറിച്ചുളള പഠനത്തിന് വിദഗ്ധ സമിതിയെത്തന്നെ നിയോഗിച്ചു.
1999ല്‍ ആയിരം കൊല്ലങ്ങള്‍ക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താന്‍ ബി.ബി.സി ഒരു തിരഞ്ഞെടുപ്പ് നടത്തി.തിരഞ്ഞെടുപ്പില്‍ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദര്‍ തെരേസ എന്നിവരെ പിന്തള്ളി ഒന്നാമതെത്തി ഇന്ദിരാഗാന്ധി ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി.പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും അന്യമായിരുന്ന ഒരു രാജ്യത്തെ നയിക്കാന്‍ അന്ന് രാജ്യം കണ്ടെത്തിയത് നട്ടെല്ലുള്ളൊരു വനിതയെത്തന്നെയായിരുന്നെന്ന് നിസ്സംശയം പറയാം. ഇന്ന്, ഓരോ മേഖലയിലും സ്ത്രീകള്‍ തിളങ്ങുമ്പോള്‍,അവസരങ്ങള്‍ അവര്‍ക്കൊപ്പം പറക്കുമ്പോള്‍ മുന്നേ നടന്ന സ്ത്രീരത്നങ്ങളില്‍ ഇന്ദിരാഗാന്ധിയെന്ന പേര് നാം സ്മരിച്ച് കൊണ്ടേയിരിക്കും. ലോകത്തിന് തന്നെ മാതൃകയായി പതിനാലു വര്‍ഷത്തോളം ഇന്ദിര നയിച്ചത് ഒരു ജനാധിപത്യരാജ്യത്തെ അതിന്റെ സര്‍വ ബാലാരിഷ്ടതകള്‍ക്കുമിടയിലാണ്. നല്ലൊരു സംഘാടകയായിരുന്നില്ലെങ്കിലും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൈപിടിക്കാന്‍ ഇന്ദിരയ്ക്കായി എന്നത് പറയാതെ വയ്യ.
Inshort| Indira Gandhi, India's first and only woman Prime Minister, was a formidable leader known for her decisive and often controversial policies. Her tenure saw significant reforms, including bank nationalization, the Green Revolution, and a strong stance on poverty alleviation with the "Garibi Hatao" slogan. Despite her achievements, she faced intense criticism for declaring the Emergency (1975-1977), which restricted civil liberties. Her leadership during the 1971 Indo-Pak war that led to Bangladesh's creation earned her national pride. Assassinated in 1984 following Operation Blue Star, Indira's legacy remains influential in shaping modern India.
Content Highlights: Indira Gandhi,Prime Minister, Nehru, Indian Politics, Emergency, Iron Lady, Women in Politics