പണി പാകിസ്താന്; താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുമോ?
ഒരുകാലത്ത് ഭീകരരെന്ന് ഇന്ത്യ വിളിച്ച, അതേ താലിബാനാണിന്ന് അഫ്ഗാൻ ഭരിക്കുന്നത്. ആ താലിബാൻ ഭരണകൂടവുമായി ചരിത്രത്തിൽ ആദ്യമായി അടുക്കുകയാണ് ഇന്ത്യ. അഫ്ഗാൻ വിദേശകാര്യമന്ത്രിയും താലിബാൻ നേതാവുമായ അമീർഖാൻ മുത്താഖിയുടെ ഇന്ത്യാ സന്ദർശനം ഇന്ത്യ-അഫ്ഗാൻ ബന്ധത്തിൽ വലിയ മാറ്റത്തിന് വഴിവെച്ചിരിക്കുന്നു. ഇക്കാലമത്രയും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാത്ത ഇന്ത്യ, അവരുമായി ബന്ധം സ്ഥാപിക്കുന്നത് എന്തിനാണെന്ന സംശയം സ്വാഭാവികമായി ഉയരാം. ഈ ചങ്ങാത്തം ഇന്ത്യയ്ക്കും അഫ്ഗാനും എന്ത് നേട്ടമാണ് നൽകുക?
2021-ലാണ് താലിബാൻ അഫ്ഗാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തത്. അതിനുശേഷം ഒരു മുതിർന്ന താലിബാൻ നേതാവിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ് മുത്താഖിയുടേത്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിലുള്ള ആളാണ് മുത്താഖി. യാത്രാവിലക്ക് നിലനിൽക്കെ പ്രത്യേക ഇളവ് വഴിയാണ് മുത്താഖിയുടെ യാത്ര സാധ്യമായത്. വ്യാപാര, സാമ്പത്തിക, നയതന്ത്ര കാര്യങ്ങളിലടക്കം ഇന്ത്യയുമായി ചർച്ച നടത്തി. താലിബാൻ അധികാരത്തിൽ വന്നപ്പോൾ അടച്ചുപൂട്ടിയ കാബുളിലെ ഇന്ത്യൻ എംബസി പൂർണ സജ്ജമായി തുറക്കുമെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രഖ്യാപനം പിന്നാലെയെത്തി. മാറിയകാലത്തെ ഇന്ത്യയുടെ പുതിയ നയതന്ത്ര നീക്കം.
അഫ്ഗാനുള്ള പാക്, യുഎസ് വെല്ലുവിളി
ശത്രുവിന്റെ ശത്രു മിത്രം എന്നാണ്. ഒരുഭാഗത്ത് ഇന്ത്യയാണെങ്കിൽ മറുഭാഗത്ത് അഫ്ഗാനാണ് പാകിസ്താന്റെ പ്രധാന ശത്രു. അതിർത്തിയിൽ ഇന്ത്യയ്‌ക്കെന്ന പോല അഫ്ഗാനും വലിയ തലവേദനയാണിപ്പോൾ പാകിസ്താൻ. ഇരുവരും അതിർത്തിയിൽ നിരന്തര സംഘർഷത്തിലാണ്. ഇങ്ങനെ പാക്-അഫ്ഗാൻ ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ വേളയിലാണ് അഫ്ഗാനുമായുള്ള ഇന്ത്യയുടെ സൗഹൃദമെന്നതും ശ്രദ്ധേയമാണ്. അതിർത്തിയിൽ പാകിസ്താൻ ഉയർത്തുന്ന വെല്ലുവിളി നേരിടാനാണ് അഫ്ഗാൻ ഇന്ത്യയുടെ കൈപിടിക്കാനെത്തിയത്. ഭാവിയിൽ ഇന്ത്യയ്ക്കും ഗുണംചെയ്തേക്കാവുന്ന ബന്ധമായതിനാൽ കൈകൊടുക്കാതിരിക്കാൻ ഇന്ത്യയ്ക്കുമാകില്ല. അതിനാൽ പാകിസ്താനുമായി അകന്ന താലിബാനെ ചേർത്തുനിർത്തുന്ന ഇന്ത്യയുടെ പുതിയ രാഷ്ട്രീയ തന്ത്രത്തെ തെറ്റുപറയാനാകില്ല.
അഫ്ഗാൻ ആഭ്യന്തര യുദ്ധസമയത്തും താലിബാന്റെ ആദ്യ ഭരണകാലത്തും ആ പ്രസ്ഥാനത്തോട് അകലംപാലിച്ച ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കത്തിനുപിന്നിൽ നയതന്ത്രപരമായ പ്രായോഗിക പരിഗണനകളുണ്ടെന്ന് ചുരുക്കം. അഫ്ഗാനിൽ പാകിസ്താന്റെ സ്വാധീനം സാധ്യമായത്രയും കുറയേണ്ടത് ഇന്ത്യയുടെ താത്പര്യമാണ്. അതുപ്രകാരമാണ് കാര്യങ്ങളുടെ പോക്ക്. താലിബാനുള്ളിൽ പാകിസ്താനിപ്പോൾ പഴയ സ്വാധീനമില്ല. മേഖലയിൽ വർധിച്ചുവരുന്ന യുഎസ്-പാക് ബന്ധവും അറബിക്കടലിൽ തുറമുഖം സ്ഥാപിക്കാൻ യുഎസിനെ പാകിസ്താൻ ക്ഷണിച്ചതും അഫ്ഗാന് തലവേദനയാണ്. ഈ സാഹചര്യത്തിൽ ഒരേസമയം യുഎസിനേയും പാകിസ്താനേയും നേരിടാൻ അഫ്ഗാന് ഇന്ത്യയുടെ കൂട്ടുവേണം. ഇതിനൊപ്പം അഫ്ഗാനിലെ ബഗ്രാം വ്യോമതാവളം യുഎസിന് തിരിച്ചുനൽകണമെന്ന ആവശ്യം ട്രംപ് ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും അഫ്ഗാന് അനുകൂലമാണ് ഇന്ത്യയുടെ നിലപാട്.
പാകിസ്താനിട്ടുള്ള ഇന്ത്യയുടെ പണി
ഓപ്പറേഷൻ സിന്ദൂർ വേളയിൽ ഇന്ത്യയ്ക്കൊപ്പമായിരുന്നു അഫ്ഗാൻ. അന്നുമുതലാണ് താലിബാനുമായി ഇന്ത്യ അടുത്തുതുടങ്ങിയത്. അതിന് മുമ്പേ പഹൽഗാം ഭീകരാക്രമണത്തേയും താലിബാൻ അപലപിച്ചിരുന്നു. പാകിസ്താനെ തള്ളിപ്പറഞ്ഞ് ഇന്ത്യയ്ക്കൊപ്പം നിന്ന അഫ്ഗാന്റെ ഈ നിലപാടുകൾ ഇന്ത്യ-അഫ്ഗാൻ ബന്ധത്തിൽ നിർണായക മാറ്റത്തിന് വഴിവെച്ചു. ഘട്ടംഘട്ടമായി വളർന്ന ഈ ബന്ധമാണിപ്പോൾ അഫ്ഗാൻ വിദേശകാര്യമന്ത്രിയെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയെ അവരുടെ പ്രധാന സാമ്പത്തിക പ്രാദേശിക പങ്കാളിയായാണ് താലിബാൻ കാണുന്നത്.
താലിബാനുമായി അടുത്തത് വഴി ഇന്ത്യ നോട്ടമിടുന്നത് പലതാണ്. 2001-ലെ യുഎസ് അധിനിവേശത്തിനുശേഷം അഫ്ഗാന്റെ പുനർനിർമാണത്തിനായി ഭീമമായ തുക ചെലവിട്ട ഇന്ത്യക്ക് അതിന്റെ നേട്ടങ്ങൾ കൊയ്യണമെങ്കിൽ നിലവിലെ ഭരണകൂടവുമായി നല്ല ബന്ധമുണ്ടാക്കേണ്ടത് ആവശ്യമാണ്. സുരക്ഷ തന്നെയാണ് മറ്റൊരു പ്രധാന ആശങ്ക. ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘടനകൾ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നതും താലിബാനുമായി അടുക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. അഫ്ഗാന്റെ മണ്ണിൽ ഇന്ത്യക്കെതിരായ തീവ്രവാദം അനുവദിക്കില്ലെന്നും താലിബാൻ ഉറപ്പു നൽകുന്നു. അത് പാകിസ്താൻ പ്രോത്സാഹനം നൽകുന്ന ഭീകരവാദ സംഘടനകൾക്കുള്ള ശക്തമായ താക്കീത് കൂടിയാണ്.
ഇറാനുൾപ്പെടുന്ന, എണ്ണ-പ്രകൃതിവാതക സമ്പന്നമായ മധ്യേഷ്യൻ മേഖലയിലേക്കുള്ള പ്രധാന കവാടമായാണ് ഇന്ത്യ അഫ്ഗാനെ കാണുന്നത്. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്താനിലൂടെ ഒരു വ്യപാര ഇടനാഴിയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇറാനിൽ ഇന്ത്യ നിർമിക്കുന്ന ചബഹാർ തുറമുഖത്തോളം തന്നെ പ്രധാന്യം അർഹിക്കുന്നതാണ് അഫ്ഗാനുമായുള്ള ബന്ധം. ചബഹാർ തുറമുഖ നിർമാണത്തിന് അടുത്തിടെ അമേരിക്കയുടെ ഉപരോധം വന്നതും അഫ്ഗാനുമായുള്ള കൂട്ടുകെട്ട് ദൃഢമാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം അഫ്ഗാനിൽ സ്വാധീനംവളർത്താൻ ശ്രമിക്കുന്ന ചൈനീസ് വെല്ലുവിളിയേയും ഇന്ത്യയ്ക്ക് നേരിടണം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയ പ്രാധാന്യവും അഫ്ഗാനുണ്ട്.
ഇന്ത്യയുടെ നീക്കം ജാഗ്രതയോടെ
താലിബാനുമായി ബന്ധം പുലർത്തുന്നതിൽ എക്കാലവും ഇന്ത്യ വലിയ ജാഗ്രത പുലർത്തിയിരുന്നു. 1996ൽ അഫ്ഗാനിസ്ഥാനിൽ ആദ്യമായി താലിബാൻ അധികാരത്തിൽ എത്തിയപ്പോൾ, അന്നും ഇന്ത്യ അവരെ അംഗീകരിച്ചിരുന്നില്ല. പകരം താലിബാൻ വിരുദ്ധ ഗ്രൂപ്പായ നോർത്തേൺ അലയൻസിന് ആയിരുന്നു ഇന്ത്യയുടെ പിന്തുണ. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്തിറക്കിയത് താലിബാൻ നിയന്ത്രണത്തിലുള്ള കാണ്ഡഹാറിൽ ആയിരുന്നു. അന്ന് താലിബാനുമായി ഇന്ത്യക്ക് ചർച്ച നടത്തേണ്ടിവന്നു. പിന്നീട് 2001-ലെ യുഎസ് അധിനിവേശത്തോടെ താലിബാൻ അധികാരത്തിൽനിന്ന് പുറത്തായപ്പോൾ വീണ്ടും ഇന്ത്യ അഫ്ഗാനുമായി അടുത്തു. 2021ൽ യുഎസ് സൈന്യം മടങ്ങി താലിബാൻ അധികാരത്തിൽ തിരിച്ചുവന്നതോടെ ആ ബന്ധം സജീവമായി തുടർന്നില്ല. എങ്കിലും അഫ്ഗാനുള്ള ആരോഗ്യ, മാനുഷിക സഹായങ്ങൾ ഇന്ത്യ തുടർന്നും നൽകിവന്നിരുന്നു.
രണ്ടാം താലിബാൻ സർക്കാർ വന്നശേഷം നയതന്ത്ര തലത്തിൽ ഖത്തറിലും കാബൂളിലും ഇരുരാജ്യങ്ങളും അവരുടെ താൽപ്പര്യങ്ങളും പ്രാദേശിക സ്ഥിരതയും സംരക്ഷിക്കാൻ ചർച്ചകൾ നടത്തിയെങ്കിലും തുറന്നൊരു ബന്ധത്തിലേക്ക് ആ ചർച്ചകൾ പോയിരുന്നില്ല. എന്നാൽ സമീപകാലത്തായി മാറിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. താലിബാന്റെ ഇന്ത്യ അനുകൂല നിലപാടുകൾ കൂടി ആയപ്പോൾ അടുത്ത ബന്ധത്തിലേക്ക് നീങ്ങാൻ ഇന്ത്യയ്ക്കും വലിയ ബുദ്ധിമുട്ടുണ്ടായില്ല.
അതേസമയം സ്ത്രീകൾ പൊതുജനമധ്യത്തിൽ വലിയ നിയന്ത്രണം കൽപ്പിക്കുന്ന താലിബാനോട് അടുക്കുമ്പോൾ മനുഷ്യാവകാശങ്ങളും ധാർമിക പ്രശ്‌നങ്ങളും ഇന്ത്യയ്ക്ക് കണക്കിലെടുക്കേണ്ടി വരും. അതിനാൽ വളരെകരുതലോടെയാണ് ഇന്ത്യ താലിബാനോട് അടുക്കുന്നത്. ഇന്ത്യാ സന്ദർശന വേളയിൽ അഫ്ഗാൻ മന്ത്രിയുടെ പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടു. ഇത് വലിയ വിവാദമായതോടെ പിഴവ് തിരുത്താൻ താലിബാൻ തയ്യാറായി. പെൺകുട്ടികൾക്കു വിദ്യാഭ്യാസം നിഷേധിക്കുന്നത് അടക്കമുള്ള താലിബാൻ ഭരണകൂടത്തിന്റെ പല ചടങ്ങളും പരിഷ്‌കൃത ലോകത്തിന് ചേരാത്തത് ആണെന്നത് വസ്തുതയാണ്. അത്തരം വിഷയങ്ങളിൽ മാറിച്ചിന്തിക്കാനും പരിഷ്‌കാരങ്ങൾ വരുത്താനും താലിബാനെ സമ്മർദത്തിലാക്കുന്നതിനുള്ള ആഗോളശ്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാനായാൽ അത് വലിയ നേട്ടമാകും.
താലിബാൻ ഭരണകൂടത്തെ ഇന്നേവരെ ഒരൊറ്റ രാജ്യംമാത്രമേ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളു, അത് റഷ്യയാണ്. ഇപ്പോഴിതാ ഇന്ത്യയും താലിബാൻ ഭരണകൂടവുമായുള്ള ബന്ധത്തിന് ഔദ്യോഗിക മുദ്രചാർത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിരിക്കുകയാണ്. മുത്താഖിയുടെ ഇന്ത്യാ സന്ദർശനം അതിന്റെ കൃത്യമായ സൂചനയാണ്. റഷ്യയ്ക്കൊപ്പം ഇന്ത്യയും ഇനി താലിബാനെ അംഗീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
Content Highlights: India takes a cautious but strategic step toward engaging with the Taliban regime — reshaping South Asian geopolitics amid Pakistan and China’s growing influence.