ഹിമാലയത്തിലെ 'ജലബോംബുകൾ'; എന്താണ് ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഗ്ലോഫുകൾ?
ഹിമാലയൻ പർവതനിരകളുടെ മുകളിൽ രൂപപ്പെടുന്ന ജലബോംബുകൾ..അതാണ് ഇന്ന് തെക്കേ ഏഷ്യൻ ഭൂഖണ്ഡത്തിനുതന്നെ ഭീഷണിയായി മാറുന്ന 'ഗ്ലേഷ്യൽ തടാകങ്ങൾ'. ആഗോളതാപനം കാരണം മഞ്ഞുപാളികൾ വേഗത്തിൽ ഉരുകുന്നതിൻ്റെ ഫലമായി പതിനായിരക്കണക്കിന് അടി ഉയരത്തിൽ രൂപം കൊള്ളുന്ന കൂറ്റൻ തടാകങ്ങളാണിവ. ഈ തടാകങ്ങളിലെ വെള്ളത്തെ തടഞ്ഞുനിർത്തുന്നതാകട്ടെ മണ്ണും പാറക്കല്ലുകളും മഞ്ഞും ചേർന്ന മൊറൈൻ ഡാമുകളാണ്. ഇവയ്ക്ക് ബലം കുറവാണ്.
ഭൂകമ്പം, കനത്ത മഴ, അല്ലെങ്കിൽ മഞ്ഞുപാളികൾ ഇടിഞ്ഞുവീഴൽ എന്നിവ കാരണം ഈ സ്വാഭാവിക ഭിത്തികൾ പൊടുന്നനെ തകരുമ്പോൾ ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളവും മണ്ണും അവശിഷ്ടങ്ങളും താഴേക്ക് കുത്തിയൊലിച്ചു വരുന്ന പ്രതിഭാസമാണ് 'ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്' അഥവാ ഗ്ലോഫ്. നിമിഷങ്ങൾക്കുള്ളിൽ വലിയ ഭൂപ്രദേശത്തെ മുഴുവൻ വിഴുങ്ങാൻ ശേഷിയുള്ള ഇത്തരം മിന്നൽ പ്രളയങ്ങൾ ഹിമാലയൻ നദീതടങ്ങളെയും ലക്ഷക്കണക്കിന് മനുഷ്യജീവനുകളെയും അപകടത്തിലാക്കുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കുടിവെള്ളത്തിനും കൃഷിക്കും ജീവനാഡിയായ ഗംഗ, ബ്രഹ്മപുത്ര, സിന്ധു എന്നീ നദികളും അവയുടെ 600-ലധികം പോഷകനദികളും ഉത്ഭവിക്കുന്നത് ഹിമാലയത്തിൽ നിന്നാണ്. ഈ നദികളിലെ ജലമുപയോഗപ്പെടുത്താനായി ഹിമാലയൻ മേഖലയിൽ നിരവധി അണക്കെട്ടുകളും തുരങ്കങ്ങളും നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മഞ്ഞുതടാകങ്ങൾക്ക് താഴെ സ്ഥാപിച്ചിട്ടുള്ള ഈ അടിസ്ഥാന സൗകര്യ വികസനങ്ങൾ പ്രകൃതിദുരന്തങ്ങളുടെ ആഘാതം പലമടങ്ങ് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, ഗ്ലോഫ് പ്രളയസമയത്ത് സെക്കൻഡിൽ 15,000 ക്യുബിക് മീറ്റർ വരെ വെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഗ്ലോഫ് വിതയ്ക്കുന്ന നാശത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ സിക്കിമിലുണ്ടായ ദുരന്തം. വടക്കുപടിഞ്ഞാറൻ സിക്കിമിലെ 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൗത്ത് ലോനാക് തടാകം മഞ്ഞുപാളി ഇടിഞ്ഞുവീണതിനെ തുടർന്ന് പെട്ടെന്ന് പൊട്ടിയൊഴുകുകയായിരുന്നു. ഇത് തീസ്ത നദിയിൽ പ്രളയമുണ്ടാക്കുകയും ചെയ്തു. ഈ വെള്ളപ്പാച്ചിലിൽ തീസ്ത നദിയിലെ ചുങ്താങ് ജലവൈദ്യുത അണക്കെട്ട് തകരുകയും മാംഗൻ, ഗാംഗ്‌ടോക്, പക്യോംഗ്, നാംചി തുടങ്ങിയ ജില്ലകളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇതുകൂടാതെ, 2013-ൽ ഉത്തരാഖണ്ഡിലെ ചോരാബാരി മഞ്ഞുപാളി ഉരുകി മന്ദാകിനി നദിയിലുണ്ടായ ദുരന്തം, 2014-ൽ ലാഡാക്കിലെ ഗ്യാ ഗ്രാമത്തിലുണ്ടായ പ്രളയം, 2021-ൽ ചമോലിയിലുണ്ടായ ദുരന്തം എന്നിവയെല്ലാം ഗ്ലോഫ് ഭീഷണിയുടെ മുന്നറിയിപ്പുകളാണ്.
ഇത്തരം ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് കൃത്യമായ ശാസ്ത്രീയ മുൻകരുതലുകളും പ്രതിരോധ സംവിധാനങ്ങളും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ഉപഗ്രഹ ചിത്രങ്ങളും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവേകളും വഴി ഗ്ലേഷ്യൽ തടാകങ്ങളുടെ അവസ്ഥ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. തത്സമയ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനോടൊപ്പം, പ്രളയജലം വഴിതിരിച്ചുവിടാനുള്ള സംരക്ഷണ ഭിത്തികളും കനാലുകളും നിർമിക്കുകയും വേണം. അതോടൊപ്പം, താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനവും മോക്ക് ഡ്രില്ലുകളും നൽകണം. ഹിമാലയൻ അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങളുമായി വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
Content Highlights: Global warming accelerates the formation of high-altitude glacial lakes in the Himalayas., Moraine dams can burst due to earthquakes or heavy rain, triggering catastrophic GLOF events., Recent disasters like the South Lonaak lake burst in Sikkim highlight severe risks to infrastructure and lives., Mitigation requires satellite monitoring, early warning systems, and international cooperation.