Video | കഷായത്തിൽ തുടങ്ങിയ സംശയം, മൊഴിയിലെ വൈരുധ്യം; ഗ്രീഷ്മയ്ക്ക് കുരുക്കുമുറുകിയത് ഇങ്ങനെ

പ്രാണന് തുല്യം സ്നേഹിച്ച പ്രണയിതാവിനെ വിഷം കൊടുത്തുകൊന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ അന്നുവരെ തേപ്പ്, ചതി എന്നൊക്കെ സ്നേഹനഷ്ടങ്ങളെ വിശേഷിപ്പിച്ച കൂട്ടത്തിലേക്ക് നമ്മളൊരു വാക്ക് കൂടി ചേര്‍ത്തു- കഷായം. തേച്ചിട്ട് പോയപ്പോള്‍ കഷായം തരാഞ്ഞ കാമുകിയെ നന്ദിയോടെ ഓര്‍ത്ത കാമുകന്മാരുടെ കമന്റുകളും വാര്‍ത്തയ്ക്കടിയില്‍ നിറഞ്ഞു. ത്രില്ലര്‍ സിനിമകളെ നാണിപ്പിക്കുന്ന തിരക്കഥയൊരുക്കിയ ഗ്രീഷ്മയെന്ന ക്രിമിനല്‍ മൈന്‍ഡിന് പ്രായം വെറും 22. പഠിക്കാന്‍ മിടുക്കി, തികഞ്ഞ കലാകാരി, റാങ്ക് ജേതാവ്. ഇത്ര ചെറിയ പ്രായത്തില്‍ കൊടും ക്രൂരത ചെയ്ത പെണ്‍കുട്ടി ഒരുപക്ഷേ കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം. 

കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെ സ്ഥിരമായി കാണുന്ന രണ്ട് പേര്‍. ഗ്രീഷ്മയും ഷാരോണും. ഗ്രീഷ്മ കന്യാകുമാരി ജില്ലയിലെ അഴകിയ മണ്ഡപം മുസ്ലിംകോളേജിലെ രണ്ടാംവര്‍ഷ എം.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിനി. ഷാരോണ്‍ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബി.എസ്സി. റേഡിയോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥി. പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ബസ്സ് അഴകിയമണ്ഡപമെത്തിയാല്‍ ഗ്രീഷ്മയ്‌ക്കൊപ്പം ഷാരോണും ഇറങ്ങും. ഷാരോണിന് നെയ്യൂരിലേക്കുള്ള അടുത്ത ബസ് വരും വരെ ഇരുവരും സംസാരിച്ചിരിക്കും. പ്രണയം വളര്‍ന്നതോടെ യാത്രകള്‍ പിന്നീട് ബൈക്കിലായി. അതിനിടെ സ്വന്തം വീട്ടില്‍വെച്ചും വെട്ടുകാട് പള്ളിയില്‍വച്ചും ഷാരോണ്‍ ഗ്രീഷ്മയ്ക്ക് താലിചാര്‍ത്തി. ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം ഷാരോണ്‍ സ്വന്തം മൊബൈലില്‍ സൂക്ഷിച്ചുവെച്ചു. താലികെട്ടിയതും തൃപ്പരപ്പിലെ ഹോട്ടല്‍മുറിയിലെ നിമിഷങ്ങളുമെല്ലാം. ഡിഗ്രിക്ക് റാങ്ക് വാങ്ങിയിരുന്ന മകള്‍ പഠനത്തില്‍ പിന്നാക്കം പോവുന്നത് ശ്രദ്ധിച്ചപ്പോഴാണ് പ്രണയം വീട്ടില്‍ അറിയുന്നത്. എതിര്‍പ്പിന് പതിവുപോലെ കാരണങ്ങള്‍ നിരത്തപ്പെട്ടു. ജാതി, മതം, സാമ്പത്തികം...എല്ലാം അവസാനിപ്പിച്ചുവെന്ന് ഗ്രീഷ്മ വീട്ടുകാരെ വിശ്വസിപ്പിച്ചു. ആയിടയ്ക്കാണ് മറ്റൊരു വിവാഹാലോചന വരുന്നത്. ഫെബ്രുവരിയിലെ വിവാഹനിശ്ചയത്തോടെ ഗ്രീഷ്മയും ഷാരോണും തമ്മില്‍ പിണങ്ങിയെങ്കിലും മേയ് മുതല്‍ കൂടുതലടുത്തു.

Content Highlights: Gruesome Crime: sharon raj murder case

Continue reading